ഇതാണ് മനസാന്നിധ്യം; ലിഫ്റ്റിലെ അപകടത്തിൽ നിന്ന് അതിസാഹസികമായി നായയെ രക്ഷിച്ച് 11 വയസ്സുകാരൻ

Mail This Article
ലിഫ്റ്റിൽ തനിച്ചാകുമ്പോൾ പെട്ടെന്നുള്ള നമ്മുടെ പ്രതികരണം എന്തായിരിക്കും. എത്ര വളർന്നാലും ചിലർ പെട്ടെന്ന് പാനിക് ആകുന്നവർ ആയിരിക്കും. എന്നാൽ തന്റെ പ്രിയപ്പെട്ട നായ ആപത്തിൽ പെട്ടെന്ന് മനസ്സിലായപ്പോൾ മനസ് പതറാതെ രക്ഷകനായി മാറിയ 11 വയസുകാരനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. 11 വയസ് മാത്രം പ്രായമുള്ള തിയാഗോ അബ്ര്യൂ മഗൽഹേസ് എന്ന ആൺകുട്ടിയാണ് മിലു എന്ന് പേരുള്ള പപ്പിയുടെ രക്ഷകനായത്.
വിഡിയോ തുടങ്ങുന്നത് ലിഫ്റ്റിലേക്ക് തിയാഗോ കയറുന്നതോടെയാണ്. തിയാഗോയുടെ പിന്നാലെ മിലു എന്ന പപ്പിയും എത്തി. പതിയെ ലിഫ്റ്റിൻ്റെ ഡോർ അടഞ്ഞു. എന്നാൽ, പപ്പി ലിഫ്റ്റിലേക്ക് കയറിയപ്പോൾ അതിൻ്റെ കോളർ ലിഫ്റ്റിൻ്റെ ഡോറിൽ കുടുങ്ങിപ്പോയി. ലിഫ്റ്റിൻ്റെ വാതിൽ അടഞ്ഞ് മുകളിലേക്ക് ഉയരാൻ തുടങ്ങിയപ്പോൾ ആണ് തിയാഗോ പപ്പിയുടെ കാര്യം ശ്രദ്ധിച്ചത്. ഒട്ടും വൈകിയില്ല പപ്പിയുടെ കോളറിൽ തിയാഗോ മുറുകെ പിടിച്ചു. ലിഫ്റ്റ് മുകളിലേക്ക് ഉയർന്നപ്പോൾ കോളറിൽ പിടിച്ച തിയാഗോയും ഉയർന്നു. എന്നിട്ടും പിടിവിട്ടില്ല. ഒടുവിൽ കോളർ പൊട്ടി തിയാഗോയും പപ്പിയും താഴേക്ക് എത്തി.
പക്ഷേ ലിഫ്റ്റിൻ്റെ വാതിൽ തുറന്നില്ല. കുറേയൊക്കെ ബട്ടണുകൾ അമർത്തിയും ഡോറിൽ തട്ടി നോക്കിയും ഒക്കെ പുറത്തേക്ക് ഇറങ്ങാനുള്ള വഴികൾ നോക്കി. എന്നാൽ, ഒന്നും ഫലം കണ്ടില്ല. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ലിഫ്റ്റിലെ ഫോൺ എടുത്ത് വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു സെക്കൻഡ് പോലും പതറാതെ കാര്യങ്ങൾ കൃത്യതയോടെ ചെയ്യാൻ ഒരു 11 വയസ്സുകാരൻ കാണിച്ച മനസ്സാന്നിധ്യമാണ് സോഷ്യൽ മീഡിയയെ ആകർഷിച്ചിരിക്കുന്നത്.