എമ്പുരാൻ ലണ്ടനിലും കൊടുങ്കാറ്റ്; സിനി വേൾഡ് തിയറ്റർ പൂരപ്പറമ്പായി, ആരാധകർക്ക് സൗജന്യ ബിരിയാണിയും

Mail This Article
ലണ്ടൻ∙ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന എമ്പുരാൻ കേരളത്തിലെ തിയറ്ററുകൾക്കൊപ്പം ലണ്ടനിലും എത്തി. ആദ്യ പ്രദർശനം തുടങ്ങുന്നതിനു മുൻപുതന്നെ ആരാധകർ ലണ്ടനിലെ സിനി വേൾഡ് തിയറ്റർ പൂരപ്പറമ്പാക്കി മാറ്റി. യുകെ സമയം പുലർച്ചെ 12.30ന് ആദ്യ പ്രദർശനം ആരംഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും, ഒന്നര മണിക്കൂർ വൈകിയാണ് ഷോ തുടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 7.10ന് ആരംഭിച്ച ലൂസിഫർ റീ-റിലീസ് ഷോ കണ്ടിട്ട് പ്രീമിയർ ഷോ കാണാൻ എത്തിയ ‘കട്ട ലാലേട്ടൻ’ ഫാൻസുകാരും തിയറ്ററിനുള്ളിലുണ്ടായിരുന്നു.
എമ്പുരാന്റെ സ്റ്റൈലിൽ കറുത്ത വേഷം ധരിച്ചാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി ആരാധകർ ലണ്ടനിലെ ഇൽഫോഡിലുള്ള തിയറ്ററിൽ എത്തിയത്. ഇന്നലെ രാത്രി മുതൽ ഇവിടെ ആഘോഷം തുടങ്ങിയിരുന്നു. എമ്പുരാന്റെ പോസ്റ്റർ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചും മോഹൻലാലിന് ജയ് വിളിച്ചും നൂറുകണക്കിന് ആളുകളാണ് പ്രീമിയർ ഷോ കാണാൻ തടിച്ചുകൂടിയത്.

ആദ്യ ഷോയ്ക്ക് പോകാൻ കഴിയാത്തവർ സിനിമയുടെ സസ്പെൻസ് നശിപ്പിക്കുന്ന യാതൊന്നും പുറത്തുവിടരുതെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭ്യർഥിക്കുന്നുണ്ട്. യുകെയിൽ മാത്രം റിലീസ് ദിനമായ ഇന്ന് 246ൽ പരം തിയറ്ററുകളിലായി 1200ൽ പരം ഷോകളാണ് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പ്രദർശിപ്പിക്കുന്നത്. ഇതിൽ ചില തിയറ്ററുകളിൽ 25 ഷോകൾ വരെ നടത്തുന്നുണ്ട്. യുകെയെ കൂടാതെ 33 യൂറോപ്യൻ രാജ്യങ്ങളിലും എമ്പുരാൻ പ്രദർശിപ്പിക്കുന്നുണ്ട്.
ലണ്ടനിൽ മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകരുടെ അഭ്യർഥന പ്രകാരമാണ് ചിത്രത്തിന്റെ യുകെ, യൂറോപ്പ് വിതരണാവകാശം നേടിയ ആർഎഫ്ടി ഫിലിംസ് പ്രത്യേക പ്രീമിയർ ഷോ ഒരുക്കിയത്. പ്രീമിയർ ഷോ കാണാൻ എത്തിയവർക്ക് സൗജന്യമായി ബിരിയാണി വിതരണം ചെയ്തിരുന്നു. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ നിർമിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകളിൽ ഒന്നായ എമ്പുരാൻ പാൻ ഇന്ത്യൻ റിലീസായാണ് എത്തിയത്.