ADVERTISEMENT

ദുബായ് ∙ ആയിരം മാസങ്ങളുടെ പുണ്യം ഒറ്റ രാവിൽ ഒതുക്കി വച്ചതാണ്  ലൈലത്തുൽ ഖദ്‌ർ അഥവാ നിർണിത രാത്രി. അനുഗ്രഹവും സമാധാനവും നന്മയും നിറഞ്ഞ  പുണ്യരാവ്  അല്ലാഹു ആദരിച്ച അപൂര്‍വരാത്രിയായി അറിയപ്പെടുന്നു.വിണ്ണിൽ നിന്ന് മണ്ണിലേക്ക്‌ വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആന്‍ അവതീർണമായ  ദിനം  കർമങ്ങൾ കൊണ്ട് വിശ്വാസികൾ ധന്യവും ധ്യാനാത്മകവുമാക്കുകയാണ്.  റമസാന്റെ അവസാന പത്തായാൽ പ്രവാചകൻ ആരാധനകളിലും ദാനധർമങ്ങളിലും കൂടുതൽ വ്യാപൃതമായിരുന്നു.   വ്രതമെടുത്തും ദാനധർമങ്ങൾ നൽകിയും വിമലീകരിച്ച മനസ്സുമായി കഴിയുന്ന വിശ്വാസികളെ ലൈലത്തുൽ ഖദ്ർ  അനുഗ്രഹം കൊണ്ട് ആവരണം ചെയ്യും.

 പള്ളികളിൽ ഭജനമിരുന്നും ഭക്തിപൂർവ്വം പ്രാർഥിച്ചും കഴിയുന്ന വിശ്വാസികൾക്ക് പാപമോചനം ഉറപ്പാക്കുന്ന പവിത്രരാത്രിയാണത്. അതു തടയപ്പെടുന്നത് സമഗ്ര സദ്ഗുണങ്ങളെയും തടയുന്നതിന് സമാനമായാണ് ഗണിക്കുന്നത്.മനുഷ്യർക്ക് പാപങ്ങൾ പൊറുത്തു കൊടുക്കുക എന്നത് ദൈവത്തിന്റെ സവിശേഷ ഗുണമാണ് . ശിക്ഷിക്കുന്നതിലേറെ രക്ഷിക്കുന്ന ദൈവത്തെയാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്.

ജീവിതദുരിതങ്ങൾക്ക് അറുതി വരുത്താനും ഭാവിശോഭനമാക്കാനും ഇടയാളന്മാരില്ലാതെ അല്ലാഹുവിനോട്   അപേക്ഷിക്കാനുള്ള  അവസരമാണ്  ലൈലത്തുൽ ഖദ്ർ. സദ്‌വിചാരങ്ങളും സൽപ്രവൃത്തികളും   അനുഷ്ഠാനങ്ങളും കൊണ്ട്   നിക്ഷേപം നടത്തുകയാണ് ലൈലത്തുൽ ഖദ്‌റിൽ ഒരു വിശ്വാസി ചെയ്യേണ്ടത്.

മുൻകാല പാപങ്ങൾ പൊറുത്തുകൊടുക്കുമെന്ന വാഗ്ദാനമാണ് ലൈലത്തുൽ ഖദ്ർ വിഭാവന ചെയ്യുന്ന മറ്റൊരു കാര്യം.  മനസ്സുകളിൽ തെളിമയും ഹൃദയങ്ങൾ തമ്മിൽ പരസ്പരം ഇണക്കവും ഈ രാവിൻറെ പുണ്യം നേടാന്‍ ഉപാധിയാണ്.  അസൂയയും അസ്‌പൃശ്യതയും അടിയറവു വച്ചാണ് പടച്ചവനോട് പ്രാർഥിക്കേണ്ടത്. പരസ്പരമുള്ള തർക്ക വിതർക്കങ്ങൾ ഒഴിവാക്കണം. മനുഷ്യർക്ക് മാപ്പ് നൽകിയും സഹിഷ്‌ണുത പുലർത്തിയും സഹവസിക്കണമെന്ന സന്ദേശവും ലൈലത്തുൽ ഖദ്റിൽ ഉൾച്ചേർന്നിരിക്കുന്നു. 

സാമൂഹിക ദുരാചാരങ്ങൾ വലയം ചെയ്ത  ദൂഷിത കാലത്താണ് മുഹമ്മദ് തിരുനബിയാകുന്നത്. പുറം ലോകത്തെ ഒച്ചപ്പാടുകളിൽ നിന്നും അകന്ന്, ഉപാസനയിൽ മുഴുകിയ വേളയിലാണ്  ദിവ്യപ്രകാശവുമായി മാലാഖ വരുന്നത്. 'നീ വായിക്കുക ', അത്യുദാരനായ നിന്റെ നാഥന്റെ നാമത്തിൽ' എന്ന ഖുർആൻ വചനമാണ് ആദ്യം പാരായണം ചെയ്യപ്പെട്ടു. 

പരശ്ശതം പ്രശ്നങ്ങൾ നിലനിൽക്കുന്ന  സമൂഹത്തിലേക്ക് ദൈവം വായനയുടെ വാതായനം മുൻപേ തുറന്നത് യുക്തിഭദ്രതയോടെയാണ്. ഏതൊരു സമൂഹത്തിനും പുരോഗതി പ്രാപിക്കാനുള്ള പ്രാഥമിക വഴിയാണ് വായന. ദൈവീക ബോധവും ശാസ്ത്ര സത്യങ്ങളും പേനയുടെയും ജ്ഞാനത്തിന്റെയും മഹത്വവും മനുഷ്യന്റെ നിസ്സാരതയും  സമന്വയിപ്പിച്ചതാണ്  ആദ്യം ഇറങ്ങിയ  പഞ്ചസൂക്തങ്ങൾ.  എഴുത്തും വായനയും ശീലിച്ച് സാക്ഷരരാകാൻ ശ്രമിക്കാത്തവർ അനുഗ്രഹത്തെ അവഗണിക്കുന്നവരാണെന്ന സൂചനയും വചനം നൽകുന്നു. 

'പേനയ്ക്കാണ് പ്രഭാഷണത്തേക്കാൾ പ്രാധാന്യം. നാവ് കൊണ്ട് നിർവഹിക്കുന്നതെല്ലാം പേനകൊണ്ട് സാധ്യമാകും. എന്നാൽ പേന കൊണ്ട് കഴിയുന്നത് നാവു കൊണ്ടാവില്ലെന്ന് ഇമാം റാസിയും സ്ഥിരീകരിക്കുന്നു.റമസാനിലെ അവസാന പത്തിലെ നിർണിത രാവിൽ   അവതീർണമായ ഖുർആൻ അർഥവും ആശയവും അറിഞ്ഞു വായിക്കാനും നിരന്തരമായി ചിന്തിക്കാനുമാണ് ആവശ്യപ്പെടുന്നത്. 

ഖുർആൻ ഇറങ്ങിയ മാസം വായനയുടെ വസന്തോത്സവമാകുന്നത് അങ്ങനെയാണ്. മനുഷ്യ മനസ്സ്  സംസ്ക്കരിക്കാനെടുക്കുന്ന   ആയിരം മാസങ്ങളുടെ പ്രയത്നം ഒറ്റ രാവിലാണ്  കരഗതമാകുന്നത്. വ്രതവും വായനയും വിശ്വാസികൾക്ക് ആത്മ സംസ്ക്കരണത്തിന്റെ കളരിയാണ് .നല്ല നേരം, നല്ല സുദിനങ്ങൾ, ശുഭകരമായ പര്യവസാനം ഇത് ആഗ്രഹിക്കാത്ത നാസ്തികനും ആസ്തികനും ഉണ്ടാവില്ല. വിശ്വാസികൾക്ക്  നന്മയുടെ നിമിഷങ്ങൾ    സമ്മാനിക്കുന്നതാണ് റമസാനിലെ ലൈലത്തുൽ ഖദ്ർ .

അവർ ഏറ്റവും കൂടുതൽ ആത്മഹർഷം അനുഭവിക്കുന്ന വേളകളിലൊന്ന്. ഭൗതികതയെ പടിക്കു പുറത്തു നിർത്തിയുള്ള  ആത്മീയ യാത്രയാണ് വ്രതമാസത്തിലെ അവസാന പത്തുകളുടെ സത്ത.പ്രാർഥനയും പാരായണവും സമർപ്പണ ഭാവവും പ്രതിജ്ഞാ വചനമാക്കിയാണ്   വിശ്വാസികൾ റമസാനിനെ യാത്രയാക്കുന്നത്.

English Summary:

"The virtue of a thousand months" written by Mujeeb Edavanna .

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com