ADVERTISEMENT

പ്ലിമത്ത്/സോമർസെറ്റ് ∙ യുകെയിലെ പ്ലിമത്തിൽ ബസിൽ യാത്ര ചെയ്യവേ മലയാളി യുവാവിന് നേരെ ആക്രമണം. പ്ലിമത്തിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ സപ്പോർട്ട് വർക്കറായ മലയാളി യുവാവിന് നേരെ കഴിഞ്ഞ ദിവസം രാത്രി 8.30 നായിരുന്നു ആക്രമണം. താമസ സ്ഥലത്ത് നിന്നും 20 മിനിറ്റ് ദൂരത്തിലുള്ള ഹോസ്പിറ്റലിലേക്ക് രാത്രി 10 മുതൽ ആരംഭിക്കുന്ന ഷിഫ്റ്റിൽ ജോലിക്ക് കയറുവാൻ വേണ്ടിയുള്ള യാത്രയിലാരുന്നു വയനാട് സ്വദേശിയായ യുവാവ്. ബസിൽ കയറും മുൻപേ യുവാവിനെ പിൻതുടർന്ന് എത്തിയ അക്രമി ബസ് യാത്രയ്ക്കിടയിലാണ് അക്രമം നടത്തിയത്.

യുവാവിനെ ആക്രമിക്കുന്നതിന് മുൻപ് ബസിൽ ഉണ്ടായിരുന്ന മറ്റ് ആളുകളോട് തട്ടി കയറുകയും ബഹളം വയ്ക്കുകയും ചെയ്യ്ത ശേഷം മലയാളി യുവാവിനോട് അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോണും, എയർപോടും ആവശ്യപെടുകയായിരുന്നു. നൽകാൻ വിസ്സമതിച്ച യുവാവിനെ ഗുരുതരമായി ആക്രമിക്കുകയായിരുന്നു. യുവാവിന്റെ തല ബസിന്റെ ജനാലയോട് ചേർത്തുവച്ച് ചവിട്ടുകയായിരുന്നു.

ആക്രമണത്തെ തുടർന്ന് യുവാവിന് മുറിവുകളേൽക്കുകയും ഗ്ലാസ് സഹിതം ബസിന്റെ ജനാല തകരുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് ബസ് നിർത്തിയപ്പോൾ ഡോർ തുറന്ന് അക്രമകാരി ഓടി രക്ഷപെട്ടു. ബസ് ജീവനക്കാർ പ്ലിമത്ത് പൊലീസിനെ ബന്ധപെടുകയും, പൊലീസ് എത്തി തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റ യുവാവിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

അക്രമിയെ രാത്രി ഏറെ വൈകി പിടികൂടിയതായി പൊലീസ് യുവാവിനെ അറിയിച്ചു. തദ്ദേശീയനും പ്രദേശവാസിയും സ്ഥിരം അക്രമികളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ് യുവാവിനെ ആക്രമിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ബസിലെ സിസി ടിവി ദൃശ്യങ്ങളാണ് അക്രമിയെ പിടികൂടുവാൻ പൊലീസിനെ സഹായിച്ചത്. യുവാവ് നിലവിൽ പ്ലിമത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

തലയ്ക്ക് സിടി സ്കാൻ ഉൾപ്പടെയുള്ള പരിശോധനകൾക്ക് വിധേയമായതായാണ് ലഭ്യമാകുന്ന വിവരം. ബസിന് എകദേശം 4,000 പൗണ്ടിന്റെ നാശനഷ്ടം സംഭിച്ചതായാണ് പ്രാഥമിക നിഗമനം. യുവാവിന്റെ ഫോണിനും എയർപോടിനും അക്രമത്തിൽ കേടുപാടുകൾ സംഭവിച്ചു. തെളിവെടുപ്പിന്റെ ഭാഗമായി ബസ് പൊലീസ് കസ്റ്റ്ഡിയിലാണ്. യുവാവിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു. 

ഏകദേശം ഒരു വർഷം മുൻപ് യുകെയിൽ എത്തിയ യുവാവിന് ഇപ്പോൾ തണലായി സുഹൃത്തുക്കളും പ്ലിമത്തിലെ മലയാളി സമൂഹവും ഒപ്പമുണ്ട്. അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്ലിമത്തിലെ ഇന്ത്യൻ സമൂഹം ഏറെ ആശങ്കയിലാണ്. അക്രമത്തിന് എതിരെ ശക്തമായ പ്രതിഷേധമാണ്‌ തദ്ദേശീയരും വിദേശീയരുമായ ഹോസ്പിറ്റൽ ജീവനക്കാർ രേഖപെടുത്തുന്നത്.

അക്രമത്തെ തുടർന്ന് മലയാളികൾ ജാഗ്രത പുലർത്തണമെന്ന് പ്ലിമത്ത് മലയാളി കൾചറൽ കമ്യൂണിറ്റി (പിഎംസിസി) നിർദ്ദേശം നൽകി. അക്രമം ഉണ്ടായാൽ ഉടൻ തന്നെ 999, 111 തുടങ്ങിയ നമ്പരുകളിൽ വിളിക്കണമെന്നും തിരിച്ചു ആക്രമണം നടത്തരുതെന്നും സംശയകരമായ സാഹചര്യത്തിൽ അക്രമികളെ കണ്ടാൽ പൊലീസിനെ വിവരം അറിയിക്കണമെന്നും പിഎംസിസി അറിയിച്ചു.

മൂന്നാഴ്ച മുൻപ് സോമർസെറ്റിന് സമീപമുള്ള ടോണ്ടനിൽ മലയാളി യുവതികൾക്ക് നേരെ തദ്ദേശീയരായ യുവാക്കൾ മുഖം മൂടി ധരിച്ച് ആക്രമിക്കാൻ മുതിർന്നിരുന്നു. എന്നാൽ യുവതികൾ ഓടി രക്ഷപ്പെട്ടു. സ്വകാര്യ കെയർ ഹോമിലെ ജീവനക്കാരായ യുവതികൾ ജോലി കഴിഞ്ഞു മടങ്ങവേ ആയിരുന്നു സംഭവം. യുവതികളോട് സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാൻ ആവശ്യപ്പെട്ടായിരുന്നു യുവാക്കൾ ആക്രമണത്തിന് മുതിർന്നത്.

മാർച്ച് 1 ന് മലയാളി നഴ്സും കുടുംബവും ലിങ്കൺഷെയറിൽ വംശീയാക്രമണത്തിന് ഇരയായിരുന്നു. ഗ്രാന്തം ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി നഴ്സായ ട്വിങ്കിൾ സാമിനും ഭർത്താവ് സാനുവിനുമാണ് ഷോപ്പിങ് കഴിഞ്ഞ് മടങ്ങവെയാണ് തദ്ദേശീയ യുവതിയിൽ നിന്നും വംശീയ അധിക്ഷേപവും അക്രമണവും ഉണ്ടായത്. സാരമായ പരുക്കുകൾക്ക് പുറമെ ട്വിങ്കിളിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) അനുഭവപ്പെട്ടു.

English Summary:

Malayali man attacked while travelling on bus in UK

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com