'വിമാനത്താവളത്തിൽ വിഷമിച്ച് നിന്നപ്പോൾ ഒരാൾ രക്ഷകനായെത്തി; പക്ഷേ, ഖത്തറിലെത്തിയപ്പോഴാണ് അബദ്ധം മനസ്സിലായത്'

Mail This Article
അവധിക്കാലം കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ ഓരോ പ്രവാസിയുടേയും ബാഗേജിൽ വസ്ത്രങ്ങളേക്കാൾ കൂടുതൽ നാടൻ പലഹാരങ്ങൾ മുതൽ ചക്കയും മാങ്ങയും ഉൾപ്പെടെയുള്ള ഇഷ്ടസാധനങ്ങൾ ആയിരിക്കും. അനുവദിച്ച തൂക്കമൊക്കെ മറന്ന് ഇഷ്ടപ്പെട്ടതെല്ലാം വാരി നിറച്ചാണ് നാട്ടിൽ നിന്നും പലരുടേയും മടക്കയാത്ര.
ബാഗേജിന്റെ തൂക്കം കൂടുതലായതിന്റെ ടെൻഷൻ വിമാനത്താവളത്തിൽ ചെല്ലുമ്പോഴാണ്. ഇഷ്ട സാധനങ്ങൾ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് പോകാൻ പലർക്കും വിഷമമാണ്. അത്തരം അവസ്ഥയിൽ ഒപ്പം യാത്ര ചെയ്യുന്നവരുടെ കാരുണ്യത്തിൽ കുറച്ച് സാധനങ്ങൾ അവരുടെ ബാഗേജിലേക്ക് മാറ്റാറുമുണ്ട്. പക്ഷേ സാധനം മാറ്റിയത് തിരികെ വാങ്ങിക്കാൻ കഴിയാതെ പോയാലോ? വിമാനയാത്രക്കിടെ അത്തരമൊരു അമളി സംഭവിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ഖത്തർ പ്രവാസിയായി കോട്ടപ്പള്ളിക്കാരൻ അമീർ.
2000ത്തിലാണ് ആദ്യമായി ഖത്തറിലേക്ക് പോകുന്നത്. കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഇന്ത്യൻ എയർലൈൻസിന്റെ ഒരു വിമാനം മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ അതിൽ നിറയെ യാത്രക്കാരും ഉണ്ടായിരുന്നു. ലഗേജ് പരിധിയിൽ കൂടുതലുണ്ടായിരുന്നു. എയർപോർട്ടിൽ വച്ച് ഒരു സുഹൃത്തിനെ പരിചയപ്പെട്ടു. അദ്ദേഹം അതേ ഫ്ളൈറ്റിൽ തന്നെയാണ് യാത്ര ചെയ്യുന്നത്. അങ്ങനെ ലഗേജ് കൂടുതലായതുകൊണ്ട് എന്റെ വിഷമം കണ്ടിട്ടോ മറ്റോ അടുത്ത വരിയിൽ നിൽക്കുന്ന സുഹൃത്ത് അവരുടെ ലഗേജിലേക്ക് മാറ്റാൻ പറഞ്ഞു. അപ്പോ അവരോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹമാണ് തോന്നിയത്. ചെറുപ്പക്കാരായാൽ ഇങ്ങനെയാകണമെന്ന് മനസ്സിൽ തോന്നുകയും ചെയ്തു. അങ്ങനെ എയർപോർട്ടിൽ പെട്ടെന്ന് കണ്ട് പരിചയപ്പെട്ട സുഹൃത്തിന്റെ ബാഗേജിലേക്ക് എന്റെ കയ്യിലുള്ള മാങ്ങയുടെ പൊതി മാറ്റി.
5 കിലോ ഓളം ഭാരമുള്ള ഒളോർ എന്നു പേരുള്ള നല്ല മധുരമുള്ള പഴുത്ത മാങ്ങയായിരുന്നു. അളിയന് ഏറെ ഇഷ്ടമുള്ള മാങ്ങയായതു കൊണ്ട് പെങ്ങൾ നന്നായി പായ്ക്ക് ചെയ്തു തന്നതായിരുന്നു. ഒരു ഉറക്കം കഴിഞ്ഞപ്പോൾ ഖത്തറിലെ ദോഹ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്തു. ഞാൻ മാങ്ങ വാങ്ങിയ സുഹൃത്തിന്റെ അടുത്തെത്തി. ഇറങ്ങുന്നില്ലേ എന്ന് ചോദിച്ചു. അപ്പോഴാണ് അവരുടെ മറുപടി കേട്ട് അമളി മനസ്സിലായത്. ഖത്തറിൽ എത്തിയതല്ലേയുള്ളു. ബഹ്റൈൻ എത്തണ്ടേ ഇറങ്ങാനെന്ന് അവരുടെ മറുപടി. ഞാൻ എന്തു ചെയ്യാൻ. ഖത്തറിലേക്കാണോ എന്നൊന്നു ചോദിച്ചിട്ട് മാങ്ങ കൊടുത്താൽ മതിയെന്ന് അന്നേരം തോന്നിയില്ല. ഖത്തറിലേക്കാണ് വിമാനം എന്നാണ് കരുതിയത്. പറ്റിയ അമളി മനസ്സിലാക്കിയ ഞാൻ ഖത്തറിലും എന്റെ മാങ്ങ ബഹ്റൈനിലേക്കും പോയി.
ഖത്തറിൽ എന്റെ വരവിനേക്കാൾ മധുരമൂറിയ മാങ്ങ കാത്തിരിക്കുന്ന അളിയനോട് കസ്റ്റംസ് കയറ്റി വിട്ടില്ലെന്നാണ് മറുപടി പറഞ്ഞത്. അളിയന്റെ മുഖത്തെ നിരാശ ഇന്നും മനസ്സിലുണ്ട്. ആ മാങ്ങ നഷ്ടപ്പെട്ടത് ഇന്നും എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്ന ഒന്നാണ്. അന്ന് കോഴിക്കോട് നിന്ന് ഇന്ത്യൻ എയർലൈൻസിന്റെ ഖത്തർ-ബഹ്റൈൻ സർവീസിന് ഒരു വിമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ– അതാണ് എനിക്ക് പറ്റിയ അമളി.
(നിങ്ങൾക്കും ഉണ്ടാകില്ലേ വിമാനയാത്രകളിലെ ഇത്തരം അനുഭവങ്ങൾ. യാത്രാനുഭവങ്ങൾ നിങ്ങൾക്കും ഗ്ലോബൽ മനോരമയിൽ പങ്കുവയ്ക്കാം. നിങ്ങളുടെ പേര്, ഫോട്ടോ, സ്വദേശം എന്നിവ ഉൾപ്പെടെയുള്ള അനുഭവകുറിപ്പ് globalmalayali@mm.co.in എന്ന ഇ-മെയിൽ വിലാസത്തിൽ ഇപ്പോൾ തന്നെ അയച്ചോളൂ. ഇ–മെയിൽ അയയ്ക്കുമ്പോൾ സബ്ജക്ടിൽ AIR TRAVEL EXPERIENCE എന്ന് വയ്ക്കാൻ മറക്കേണ്ട.