കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; അക്രമിസംഘം മറ്റൊരു യുവാവിനെയും വെട്ടി

Mail This Article
കൊല്ലം∙ കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് പുലർച്ചെ കൊല്ലപ്പെട്ടത്. വീടിനു നേരെ തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വാതിൽ ചവിട്ടി തുറന്ന് അകത്തു കയറിയ അക്രമികൾ സന്തോഷിനെ വെട്ടുകയായിരുന്നു. കാൽ അടിച്ചു തകർത്തു. വധശ്രമക്കേസിൽ പ്രതിയാണ് സന്തോഷ്.
അക്രമി സംഘം പിന്നീട് ഓച്ചിറ വവ്വാകാവിലെത്തി അനീറെന്ന യുവാവിനെ വെട്ടി. തട്ടുകടയുടെ മുന്നിലായിരുന്നു വധശ്രമം. ഗുരുതരമായി പരുക്കേറ്റ അനീറിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അനീറിന്റെ കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്. കരുനാഗപ്പള്ളിയിലെ കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് സ്ഥലങ്ങളിലും പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ രണ്ടു മണിക്കും മൂന്നു മണിക്കുമാണ് രണ്ടു സംഭവങ്ങളും നടന്നത്.