ലഹരിമരുന്ന്: ജയിലിലാകുന്നവർ കുറവ്; അളവു കൂടിയാൽ മാത്രം അകത്ത് !

Mail This Article
തിരുവനന്തപുരം ∙ ലഹരിക്കെതിരെ പൊലീസും എക്സൈസും നടത്തുന്ന പ്രത്യേക പരിശോധനകളിൽ കേസും അറസ്റ്റും വർധിക്കുന്നുണ്ടെങ്കിലും ജയിലിലാകുന്നവർ കുറവ്. അറസ്റ്റിലായവരിൽനിന്നു ‘വലിയ അളവി’ലുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുക്കാത്തതിനാൽ ഇവർക്കു സ്റ്റേഷൻ ജാമ്യം ലഭിക്കും. ലഹരിവിൽപനയ്ക്കെതിരെയുള്ള കേന്ദ്രനിയമമായ എൻഡിപിഎസിൽ ലഹരിവസ്തുക്കളുടെ അളവു നിർണയിച്ച രീതിയാണു വില്ലനാകുന്നത്.
ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ ലഹരിക്കെതിരെ പൊലീസ് 36 ദിവസമായി നടത്തുന്ന പരിശോധനയിൽ ഇതുവരെ 8770 പേർ അറസ്റ്റിലായെങ്കിലും ജയിലിലടയ്ക്കപ്പെട്ടത് 1321 പേർ മാത്രം. ജാമ്യമില്ലാക്കുറ്റം ചുമത്താനായത് 58 കേസുകളിൽ മാത്രം. 6275 കേസുകളും ലഹരിമരുന്ന് ഉപയോഗിച്ചതിനാണ്, വിൽപനയ്ക്കല്ല. ചെറിയ അളവിൽ വിൽപന നടത്തിയ 1931 കേസും ചെറിയ അളവിനും വാണിജ്യ അളവിനും ഇടയിലുള്ള 200 കേസും പിടിച്ചു.
മാർച്ച് അഞ്ചിന് എക്സൈസ് ആരംഭിച്ച ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൽ 1122 കേസുകളിലായി 1128 പേരെ അറസ്റ്റ് ചെയ്തെങ്കിലും ഇതിൽ ഭൂരിപക്ഷവും ചെറിയ അളവിലുള്ള ലഹരി വിൽക്കുകയും ഉപയോഗിക്കുകയും ചെയ്ത കേസുകളാണ്.
എൻഡിപിഎസ് നിയമപ്രകാരമുള്ള ചെറിയ അളവ്, വാണിജ്യ അളവ്
∙ കഞ്ചാവ് 1 കിലോഗ്രാം വരെ, 20 കിലോഗ്രാം മുതൽ മുകളിലേക്ക്
∙ എംഡിഎംഎ 0.5 ഗ്രാം വരെ, 10 ഗ്രാമം മുതൽ മുകളിലേക്ക്
∙ ഹെറോയിൻ 5 ഗ്രാം വരെ, 250 ഗ്രാം മുതൽ മുകളിലേക്ക്
∙ ഹഷീഷ് 100 ഗ്രാം വരെ, 1 കിലോഗ്രാം മുതൽ മുകളിലേക്ക്
ശിക്ഷ ഇങ്ങനെ
∙ ചെറിയ അളവെങ്കിൽ 6 മാസം വരെ കഠിനതടവും 10,000 രൂപ പിഴയും
∙ വാണിജ്യ അളവെങ്കിൽ 10–20 വർഷം വരെ കഠിന തടവും 1–2 ലക്ഷം രൂപ പിഴയും. ജാമ്യമില്ലാ കുറ്റം.
∙ ചെറിയ അളവിനും വലിയ അളവിനും ഇടയ്ക്കെങ്കിൽ 10 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
ഓപ്പറേഷൻ ഡി ഹണ്ട് (പൊലീസ്)
ആകെ കേസ് 8468
അറസ്റ്റ് 8770
എംഡിഎംഎ 4.6 കിലോഗ്രാം
കഞ്ചാവ് 511 കിലോഗ്രാം
കഞ്ചാവ് ബീഡി 6238
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് (എക്സൈസ്)
ആകെ കേസ് 1122
അറസ്റ്റ് 1128
എംഡിഎംഎ 211ഗ്രാം
കഞ്ചാവ് 241 കിലോഗ്രാം
ഹഷീഷ് ഓയിൽ 573 ഗ്രാം
കഞ്ചാവ് ബീഡി 14
ഹെറോയിൻ 112 ഗ്രാം
നമ്മൾ ജയിക്കും, ലഹരി തോൽക്കും: രാഹുൽ
ന്യൂഡൽഹി ∙ ലഹരിമരുന്ന് ഉപയോഗവും ഇതു സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ആശങ്കയായി പടരുന്നതിനിടെ, കേരളത്തിൽ നിന്നുള്ള ഡോക്ടർമാരും ഇൻഫ്ലുൻസർമാരും ഉൾപ്പെടുന്ന സംഘവുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. ‘നമ്മൾ ജയിക്കുമെന്നും ലഹരി തോൽക്കുമെന്നും’ ഹാഷ്ടാഗോടെ കൂടിക്കാഴ്ചയുടെ വിവരങ്ങൾ രാഹുൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ജോസഫ് അന്നംകുട്ടി ജോസ്, ഡോ.ആദിത്യ രവീന്ദ്രൻ, ഡോ.ഫാത്തിമ അസ്‌ല എന്നിവരാണ് രാഹുലുമായി ആശയവിനിമയം നടത്തിയത്. ഫാത്തിമയുടെ ഭർത്താവ് ഫിറോസ് നെടിയത്തും ഒപ്പമുണ്ടായിരുന്നു. ലഹരിവിപത്തിനെ നേരിടാൻ സമൂഹം ഒന്നിച്ചു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും കുറ്റകൃത്യങ്ങളുടെ വർധനയ്ക്കും ആരോഗ്യപ്രശ്നങ്ങൾക്കും ലഹരി കാരണമാകുന്നതായും രാഹുൽ ചൂണ്ടിക്കാട്ടി.