ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ആയി 817.8 കോടി രൂപ കേന്ദ്രത്തില്‍നിന്നു സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ തിരിച്ചു നല്‍കേണ്ടിവരുന്നത് കോടികളുടെ വരുമാനം. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ കടുത്ത എതിർപ്പ് മറികടന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

വിജിഎഫിനു പകരം നബാഡില്‍നിന്ന് വായ്പ എടുക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ മന്ത്രിസഭയിൽ ചര്‍ച്ചയായിരുന്നു. കാപ്പക്‌സ് പ്രകാരം കേന്ദ്രത്തില്‍നിന്ന് ലഭിച്ച 50 വര്‍ഷത്തിനു ശേഷം മാത്രം തിരിച്ചടവുള്ള 795 കോടി രൂപയുടെ വായ്പ വിനിയോഗിക്കാമെന്നും വരുമാനപങ്കാളിത്ത ഉപാധി പ്രകാരമുള്ള കേന്ദ്ര വിജിഎഫ് സ്വീകരിക്കേണ്ടതില്ലെന്നും ധനവകുപ്പ് അറിയിച്ചിരുന്നു. പെട്ടെന്നു തീരുമാനം അറിയിച്ചില്ലെങ്കില്‍ തുക വകമാറ്റി ചെലവഴിക്കുമെന്ന് കേന്ദ്രം അന്ത്യശാസനം നല്‍കിയതോടെയാണ് പണം സ്വീകരിക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്. വിജിഎഫ് തുകയായ 817 കോടി രൂപ കേന്ദ്രത്തിൽനിന്നു വാങ്ങുന്നതിനു പകരം നബാഡിൽനിന്നു വായ്പയെടുത്താൽ 1582 കോടി തിരിച്ചടച്ചാൽ മതിയായിരുന്നു. വരുമാനം പങ്കിടൽ വ്യവസ്ഥയോടെ കേന്ദ്രത്തിൽനിന്ന് 817 കോടി സ്വീകരിച്ചാൽ തിരിച്ചടയ്ക്കേണ്ടിവരിക 10,000 കോടി രൂപയ്ക്കു മുകളിലാണ്.

വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി പോര്‍ട്‌സില്‍നിന്ന് വരുമാനവിഹിതം സംസ്ഥാനസര്‍ക്കാരിനു ലഭിച്ചു തുടങ്ങുന്ന 2034ലെ മൂല്യം കണക്കാക്കി നെറ്റ് പ്രസന്റ് വാല്യൂ പ്രകാരം (എന്‍പിവി) 817.80 കോടിക്കു പകരം കുറഞ്ഞത് 8486 കോടി രൂപ നല്‍കേണ്ടിവരുമെന്നാണ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് കണക്കാക്കിയിരിക്കുന്നത്. തുക ഇതിലും ഉയരാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഈ കാലയളവില്‍ 8486 കോടി രൂപ നല്‍കിയാലും എന്‍പിവി നിബന്ധനകള്‍ പ്രകാരം തിരിച്ചടവ് വെറും 166.42 കോടി രൂപ മാത്രമേ ആകൂ. സംസ്ഥാന സര്‍ക്കാരിന് എന്‍പിവി വ്യവസ്ഥയില്‍ ഒരിക്കലും വിജിഎഫ് തുകയായ 817.80 കോടി രൂപ മുഴുവനായി തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്നതും ഇതിന്റെ ദോഷമായി മന്ത്രിസഭാ യോഗത്തിനു മുന്നില്‍ ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, വിജിഎഫ് തുക ആവശ്യമാണെങ്കില്‍ ഉടന്‍ അറിയിക്കണമെന്നും അല്ലെങ്കില്‍ തുക വകമാറ്റി ചെലവഴിക്കേണ്ടിവരുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് പെട്ടെന്നു തന്നെ വിജിഎഫ് സ്വീകരിക്കാന്‍ തീരുമാനിച്ചത്.

vizhinjam-document
മന്ത്രിസഭാ യോഗത്തിൽ ധനവകുപ്പ് നൽകിയ കുറിപ്പിലെ ഭാഗം

നബാഡില്‍നിന്ന് 8.4 ശതമാനം പലിശയ്ക്ക് 817 കോടി വായ്പ എടുത്താല്‍ 20 വര്‍ഷത്തിനുള്ളില്‍ 2000 കോടിയോളം മാത്രം തിരിച്ചടച്ചാല്‍ മതിയാകും. എന്നാല്‍ വായ്പ എടുക്കുന്നതിനു തൊട്ടടുത്ത മാസം മുതല്‍ തന്നെ പണം തിരിച്ചടച്ചു തുടങ്ങേണ്ടതായി വരും. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാരിന് ഈ ബാധ്യത കൂടി ഏറ്റെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വരുമാന പങ്കാളിത്ത കരാര്‍ പ്രകാരം വിജിഎഫ് സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഇതാണെങ്കില്‍ 2035 മുതല്‍ അദാനി കമ്പനിയില്‍നിന്നു ലഭിക്കുന്നതിന്റെ 20 ശതമാനം വരുമാനം പങ്കിട്ടാല്‍ മതിയാകും. വരുമാനവിഹിതത്തിന്റെ 80 ശതമാനം സംസ്ഥാന സര്‍ക്കാരിനു ലഭിക്കും. വരുമാനപങ്കാളിത്ത കരാര്‍ പ്രകാരം ഏന്തെങ്കിലും കാരണത്താല്‍ കണ്‍സഷന്‍ കരാര്‍ അവസാനിപ്പിക്കേണ്ടിവന്നാലോ തുറമുഖ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരികയോ തുടങ്ങിയ കാരണങ്ങളാല്‍ കമ്പനിയില്‍നിന്ന് വരുമാനം ലഭിച്ചില്ലെങ്കില്‍ 20 ശതമാനം കേന്ദ്രസര്‍ക്കാരിനു നല്‍കേണ്ടിവരികയുമില്ല. കണ്‍സഷന്‍ കരാറിലെ വ്യവസ്ഥ പ്രകാരം 40 വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 10000 കോടി രൂപ കേന്ദ്രത്തിനു നല്‍കിയാലും 40000 കോടി രൂപ സംസ്ഥാനത്തിനു ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) കമ്പനി 2024ല്‍ നബാഡില്‍നിന്ന് എടുത്ത 2100 കോടി രൂപയുടെ വായ്പയുടെ ഒരു ഭാഗം വിജിഎഫിനു പകരമായി ഉപയോഗിക്കാനുള്ള നിര്‍ദേശവും ഉയര്‍ന്നുവന്നിരുന്നു. കാപ്പക്‌സ് പ്രകാരം കേന്ദ്ര വായ്പയായി വിസിലിനു ലഭിച്ച 795.24 കോടി വിനിയോഗിക്കുന്നതു സംബന്ധിച്ചും ചര്‍ച്ച ഉണ്ടായി. ഈ തുക 50 വര്‍ഷത്തിനു ശേഷം തിരിച്ചടച്ചാല്‍ മതി. ഈ സാഹചര്യത്തില്‍ വരുമാനപങ്കാളിത്ത ഉപാധി പ്രകാരം കേന്ദ്രത്തില്‍നിന്ന് വിജിഎഫ് സ്വീകരിക്കേണ്ടതില്ലെന്ന നിര്‍ദേശം ധനവകുപ്പ് മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ വിവിധ ചര്‍ച്ചകള്‍ക്കൊടുവില്‍ കേന്ദ്ര വിജിഎഫ് വാങ്ങാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. വരുമാനപങ്കാളിത്ത ഉപാധി ഒഴിവാക്കണമെന്ന ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.

English Summary:

Kerala Cabinet Approves Controversial Vizhinjam Port Funding Deal : Vizhinjam International Seaport secures ₹817.8 crore in Viability Gap Funding from the central government.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com