ഗോകുലം കേരള അടുത്ത സീസണിൽ ഐഎസ്എലിനില്ല; അവസാന മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ ഡെംപോ ഗോവയോട് 4–3ന് തോറ്റു

Mail This Article
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ കിരീടം നേടി ഐഎസ്എൽ പ്രവേശനത്തിന് കാത്തിരുന്ന ഗോകുലം കേരള എഫ്സിക്ക് അവസാന മത്സരത്തിൽ ഡെംപോ ഗോവയ്ക്ക് മുന്നിൽ കാലിടറി. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിനൊടുവിൽ ഗോകുലം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഡെംപോ ഗോവയോട് തോറ്റതോടെ, കിരീടം ചൂടാനുള്ള അവസരം പടിവാതിൽക്കൽ നഷ്ടമായി. ഗോൾമഴ പെയ്ത മത്സരത്തിൽ 4–3നാണ് ഡെംപോ ഗോവയുടെ വിജയം. താബിസോ ബ്രൗൺ ഹാട്രിക് നേടിയ മത്സരത്തിലാണ് ഗോകുലം തോൽവി വഴങ്ങിയത്. മഷൂർ ഷരീഫ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ഗോകുലം മത്സരം പൂർത്തിയാക്കിയത്.
അവസാന മത്സരത്തിൽ റിയൽ കശ്മീരുമായി സമനില പിടിച്ച ചർച്ചിൽ ബ്രദേഴ്സാണ് പോയിന്റ് പട്ടികയിൽ ഔദ്യോഗികമായി ഒന്നാമത്. ഇന്നു നടന്ന മത്സരത്തിൽ രാജസ്ഥാൻ എഫ്‍സിയെ തോൽപിച്ച ഇന്റർ കാശി 39 പോയിന്റുമായി രണ്ടാം സ്ഥാനത്താണെങ്കിലും, അവരുടെ ഒരു മത്സരഫലം അപ്പീൽ കമ്മിറ്റിക്കു മുന്നിലായതിനാൽ, അതിന്റെ വിധി കൂടി വന്നശേഷമേ ചാംപ്യൻമാരുടെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകൂ എന്നാണ് സൂചന. ഇന്ന് രാജസ്ഥാനെതിരെ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പി.പ്രശാന്ത് (12), ഡേവിഡ് ബോലോ (90+3), മത്തീജ ബാബോവിച്ച് (90+7) എന്നിവരാണ് ഇന്റർ കാശിക്കായി ലക്ഷ്യം കണ്ടത്.
ഡെംപോ ഗോവയ്‌ക്കെതിരെ 11 മിനിറ്റിനിടെ രണ്ടു ഗോൾ നേടി സ്വപ്നതുല്യമായ തുടക്കമിട്ട ശേഷമാണ് ഗോകുലം തോൽവി വഴങ്ങിയത്. ഗോകുലത്തിനായി താബിസോ ബ്രൗൺ ഹാട്രിക് നേടി. 4, 11, 73 മിനിറ്റുകളിലായിരുന്നു ബ്രൗണിന്റെ ഗോളുകൾ. ഡെംപോ ഗോവയ്‌ക്കായി ഡാമിയൻ പെരസ് ഇരട്ടഗോൾ നേടി. 21, 90+4 മിനിറ്റുകളിലായിരുന്നു പെരസിന്റെ ഗോളുകൾ. കപിൽ ഹോബ്‌ലെ (34), ദിദിയർ ബ്രോസോ (71) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. മലയാളി താരം മഷൂർ ഷരീഫ് 64–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായതിനാൽ 10 പേരുമായാണ് ഗോകുലം മത്സരം പൂർത്തിയാക്കിയത്.
അതേസമയം, അവസാന മത്സരത്തിൽ റിയൽ കശ്മീരിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ചാണ് ചർച്ചിൽ ബ്രദേഴ്സ് ഒന്നാം സ്ഥാനത്ത് എത്തിയത്. 22 കളികളിൽനിന്ന് 40 പോയിന്റാണ് ചർച്ചിലിനുള്ളത്. ഗോകുലം 37 പോയിന്റുമായി നാലാം സ്ഥാനത്താണ്. 37 പോയിന്റുള്ള റിയൽ കശ്മീർ ഗോൾശരാശരിയുടെ മികവിൽ മൂന്നാം സ്ഥാനത്തെത്തി.