‘ടാറ്റ മോട്ടോഴ്സ് ജാഗ്വർ വിറ്റു, ഇനി ചൈനീസ് ഗീലിക്ക് സ്വന്തം’; ഇത് സത്യമോ?

Mail This Article
ജൂൺ 2, 2008 ലാണ് 9200 കോടി രൂപയ്ക്ക് ടാറ്റ മോട്ടോഴ്സ്, ഫോഡിൽ നിന്ന് ജാഗ്വർ ലാൻഡ് റോവർ വാങ്ങിക്കുന്നത്. അന്നുമുതൽ ടാറ്റ ഗ്രൂപ്പിന്റെ കിരീടത്തിലെ പൊൻതൂവലാണ് ജെഎൽആർ. നഷ്ടത്തിൽ ഓടിക്കൊണ്ടിരുന്ന കമ്പനിയെ ടാറ്റ ലാഭത്തിലെത്തിച്ചു. എന്നാൽ ലാൻഡ് റോവറിനെ നിലനിർത്തി ടാറ്റ ജാഗ്വറിനെ ചൈനീസ് വാഹന ഭീമന്മാരായ ഗീലിക്ക് വിറ്റു എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത.
സമൂഹമാധ്യമങ്ങളിലൂടെ ഏറെ പ്രചരിച്ച ഈ വാർത്ത ചില ഇംഗ്ലീഷ് സൈറ്റുകൾ പുറത്തുവിട്ട ഏപ്രിൽ ഫൂൾ ദിന വാർത്തയായിരുന്നു. ജാഗ്വറിന്റെ ഡയറക്ടറിന്റെയും ഗീലിയുടെ മേധാവിയുടേയും പ്രതികരണങ്ങളൊക്കെ വച്ച് ആധികാരികമായാണ് വാർത്ത നൽകിയത്. എന്നാൽ ഈ പേരുകളൊന്നും യാഥാർഥ്യമായിരുന്നില്ല.
വോൾവോയും ലോട്ടസും പോൾസ്റ്റാറും സീക്കറും അടക്കം സ്വന്തമായുള്ള ഗീലി ജാഗ്വർ ഏറ്റെടുക്കുമ്പോൾ കമ്പനിക്ക് ഉണ്ടായേക്കാവുന്ന വളർച്ചയും ഇലക്ട്രിക് വാഹന നിർമാണത്തിന്റെ ഫ്യൂച്ചറുമല്ലാം വാർത്തയിൽ പറയുന്നത്. ഏറ്റവും അവസാനം ഇത് ഒരു ഏപ്രിൽ ഫൂൾ വാർത്തയാണ് എന്ന് പറയുന്നത്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്യുന്ന തിരക്കിലാണ് ആളുകൾ.