ആദ്യ പാദത്തിൽ റോമയെ വീഴ്ത്തി ലിവർപൂൾ (5-2); മിന്നും താരമായി സലാ

ലിവർപൂളിനായി ഇരട്ടഗോൾ നേടിയ മുഹമ്മദ് സലായ്ക്ക് സഹതാരങ്ങളുടെ അഭിനന്ദനം. (ട്വിറ്റർ ചിത്രം)

ലിവർപൂൾ∙ രണ്ടു ഗോൾ നേടിയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയും മിന്നും താരമായി മാറിയ ഈജിപ്തുകാരൻ മുഹമ്മദ് സലായുടെ മികവിൽ, ചാംപ്യൻസ് ലീഗ് ഒന്നാം സെമിയുടെ ആദ്യ പാദത്തിൽ എ.എസ്. റോമയ്ക്കെതിരെ ലിവർപൂളിന് തകർപ്പൻ ജയം. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ ഇറ്റാലിയൻ പ്രതിരോധത്തിന്റെ പകിട്ടുമായെത്തിയ റോമയെ തറപറ്റിച്ചത്. ഇരട്ടഗോളുകളുമായി തിളങ്ങിയ ബ്രസീലിയൻ താരം റോബർട്ടോ ഫിർമിനോയും ലിവർപൂൾ നിരയിൽ തിളങ്ങുന്ന താരമായി. സലാ 35, 45 മിനിറ്റുകളിലും ഫിർമിനോ 61, 68 മിനിറ്റുകളിലും ലക്ഷ്യം കണ്ടു. ലിവർപൂളിന്റെ അഞ്ചാം ഗോൾ സാദിയോ മാനെ (56) നേടി.

അതേസമയം, 68 മിനിറ്റിനുള്ളിൽ അഞ്ചു ഗോളുകൾക്ക് മുന്നിലെത്തിയ ലിവർപൂളിനെതിരെ 81, 85 മിനിറ്റുകളിൽ രണ്ടു ഗോളടിച്ച് സ്വന്തം നാട്ടിൽ നടക്കുന്ന രണ്ടാം പാദത്തിനു മുന്നോടിയായി റോമയും കരുത്തുകാട്ടി. 81–ാം മിനിറ്റിൽ എഡിൻ സെക്കോയാണ് അവരുടെ ആദ്യ ഗോൾ നേടിയത്. 85–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നും ഡിയേഗോ പെറോട്ടിയും റോമയ്ക്കായി ലക്ഷ്യം കണ്ടു.

തീർത്തും ഏകപക്ഷീയമായി മാറാമായിരുന്ന മൽസരത്തിന്റെ അവസാന മിനിറ്റുകളിൽ റോമ നേടിയ രണ്ടു ഗോളുകൾ ലിവർപൂളിന്റെ ഫൈനൽ പ്രവേശത്തിന് വെല്ലുവിളിയാകുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും. ബാർസിലോനയ്ക്കെതിരെ ജയിച്ചതു പോലെ രണ്ടാം പാദം 3–0നോ 4–1നോ ജയിച്ചാൽ റോമയ്ക്കു ഫെനലിലെത്താം. 

അടുത്ത മാസം മൂന്നിന് പുലർച്ചെയാണ് ഇരുടീമുകളും റോമയുടെ തട്ടകത്തിൽ വീണ്ടും കണ്ടുമുട്ടുക. സാക്ഷാൽ ബാർസിലോനയെ വീഴ്ത്തിയ ഇറ്റാലിയൻ വീര്യവും ചാംപ്യൻസ് ലീഗിൽ ഈ സീസണിൽ സ്വന്തം മൈതാനത്ത് ഗോൾ വഴങ്ങിയിട്ടില്ലെന്ന റെക്കോർഡും കൈമുതലാക്കി എത്തുന്ന റോമയെ വീഴ്ത്താൻ ലിവർപൂളിന് സാധിക്കുമോയെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.‌