Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷകനാകാനെത്തിയ റോണോയ്ക്കു ചുവപ്പു കാർഡ്; കണ്ണീരോടെ താരം – വിഡിയോ

christiano-ronaldo-in-tears വലൻസിയയ്ക്കെതിരായ ചാംപ്യൻസ് ലീഗ് മൽസരത്തിനിടെ ചുവപ്പുകാർഡ് കണ്ട റൊണാൾഡോ കണ്ണീരോടെ കളത്തിൽ.

മഡ്രിഡ് ∙ യുവെന്റസ് ജഴ്സിയില്‍ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ അരങ്ങേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ചുവപ്പുകാർഡ്. സ്പാനിഷ് ക്ലബ് വലൻസിയയ്ക്കെതിരെയ ഗ്രൂപ്പ് ജി മൽസരത്തിന്റെ 29–ാം മിനിറ്റിലാണ് പോർച്ചുഗീസ് താരത്തിനു മാർച്ചിങ് ഓർഡർ ലഭിച്ചത്. വലൻസിയ ബോക്സിൽ എതിർ ടീം കളിക്കാരനുമായി അത്രയൊന്നും ഗൗരവമല്ലാത്ത കൂട്ടപ്പൊരിച്ചിലിന്റെ പേരിൽ ജർമൻ റഫറി ഫെലിക്സ് ബ്രിച്ച് റെഡ് കാർഡ് ഉയർത്തിയപ്പോൾ പോർച്ചുഗീസ് താരം ഞെട്ടിത്തരിച്ചു മൈതാനത്തു വീണുപോയി.

അവിശ്വസനീതയോടെ ചുറ്റും നോക്കി,  കണ്ണീർ പൊഴിച്ച് ക്രിസ്റ്റ്യാനോ മൈതാനം വിട്ടു. ചാംപ്യൻസ് ലീഗിൽ 154 മൽസരങ്ങൾ കളിച്ചിട്ടുള്ള താരം ആദ്യമായാണു ചുവപ്പുകാർഡ് കാണുന്നത്. യുവെന്റസ്–വലൻസിയ പോരാട്ടത്തിന്റെ 29–ാം മിനിറ്റിലായിരുന്നു സംഭവം. മൽസരത്തിനിടെ വലൻസിയയുടെ ജെയ്സൻ മൂറില്ലോയുമായി വലൻസിയ ബോക്സിനുള്ളിൽ റൊണാൾഡോ ചെറിയ കശപിശയിലേർപ്പെട്ടതാണ് കടുത്ത  ശിക്ഷയിലേക്ക് നയിച്ചത്. 

അതേസമയം, താരത്തിന് ചുവപ്പുകാർഡ് നൽകിയതിനെതിരെ വിവിധ കോണുകളിൽനിന്ന് രൂക്ഷ വിമർശനമാണുയരുന്നത്. റെഡ് കാർഡ് നൽകാൻ മാത്രം വലിയ ഫൗളായിരുന്നില്ല ക്രിസ്റ്റ്യാനോയുടേതെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ (121) പേരിലുള്ള ക്രിസ്റ്റ്യാനോയെ അരങ്ങേറ്റക്കളിയിൽ തന്നെ നഷ്ടമായെങ്കിലും വലൻസിയയെ 2–0ന് തോൽപിച്ച് യുവെന്റസ് സ്വന്തം മൈതാനത്തെ രണ്ടാംപാദത്തിനു കച്ചമുറുക്കി.

മൽസരത്തിൽ ഏറിയ പങ്കും 10 പേരുമായി കളിക്കേണ്ടി വന്നിട്ടും വലൻസിയയ്ക്കെതിരെ വിജയം നേടാനായത് യുവെന്റസിന് ആത്മവിശ്വാസം പകരും. ബോസ്നിയൻ താരം മിരാലം ജാനിക് ആദ്യപകുതിയുടെ അവസാനവും (45) രണ്ടാം പകുതിയുടെ ആദ്യവുമായി (51) പെനൽറ്റിയിൽനിന്നു നേടിയ ഇരട്ടഗോളുകളാണ് യുവെന്റസിന് ആധികാരിക വിജയം സമ്മാനിച്ചത്.