മലപ്പുറം ∙ കരുണ, കണ്ണൂർ മെഡിക്കൽ കോളജ് പ്രവേശനം സംബന്ധിച്ച് ഡിവൈഎഫ്ഐക്ക് നിലപാടുണ്ടെന്നും എന്നാൽ, വിദ്യാർഥികളുടെ കണ്ണുനീർ കണ്ടപ്പോൾ പതറിപ്പോയെന്നും സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ. ഡിവൈഎഫ്ഐ പ്രവർത്തകരും സാധാരണ മനുഷ്യരാണ്. അവർ കാപട്യക്കാരല്ല. അവർക്ക് ഇരട്ടമുഖമില്ല. ബിൽ വന്നപ്പോൾ ഡിവൈഎഫ്ഐ ഒന്നും മിണ്ടിയില്ലല്ലോ എന്നു പലരും ചോദിച്ചു. കുട്ടികളുടെ ഭാവിയെക്കുറിച്ചാണ് ചിന്തിച്ചത്. കൂത്തുപറമ്പിലുൾപ്പെടെ ഡിവൈഎഫ്ഐ നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി, പരിയാരം മെഡിക്കൽ കോളജ് സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ പോവുകയാണെന്നും ഷംസീർ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദൂരദർശൻ കേന്ദ്രം ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ന്യൂനപക്ഷ വേട്ട നടക്കുകയാണെന്നു പറഞ്ഞ് മുസ്‌ലിം ലീഗ്, മുസ്‍ലിം സംഘടനകളുടെ യോഗം വിളിച്ചത് വർഗീയത ഇളക്കിവിടാൻ വേണ്ടിയാണെന്നും ഷംസീർ ആരോപിച്ചു.
Advertisement