മലപ്പുറം ∙ സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ആശയക്കുഴപ്പമുണ്ടാക്കി മാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് അവസരമൊരുക്കുകയാണു സർക്കാർ ചെയ്യുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ചില മാനേജ്മെന്റുകളുമായി തിങ്കളാഴ്ച മന്ത്രി കെ.കെ.ശൈലജ ചർച്ചചെയ്യാൻ പോകുന്ന നാലുതരം ഫീസ് സംവിധാനം നിയമപരമായി നിലനിൽക്കില്ല. ഒരേ യോഗ്യതാപട്ടികയിൽനിന്ന് ഒരാൾ 25,000 രൂപയ്ക്കും അടുത്തിരിക്കുന്നയാൾ 15 ലക്ഷം രൂപയ്ക്കും പഠിക്കുന്ന അവസ്ഥ കൂടുതൽ നിയമപ്രശ്നങ്ങൾക്കു വഴിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നീറ്റും സീറ്റും സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാൻ സർക്കാരും മാനേജ്മെന്റുകളും ഒത്തുകളിക്കുകയാണ്. എകെജി സെന്ററിലാണ് അതിന്റെ തിരക്കഥയൊരുങ്ങിയത്. ഓർഡിനൻസിനു വിരുദ്ധമായി രൂപീകരിച്ചതോടെ രാജേന്ദ്രബാബു കമ്മിറ്റിയുടെ നിയമസാധുത ഇല്ലാതായി.
ഓർഡിനൻസ് തിരുത്തുമെന്നും പുതിയ കമ്മിറ്റി രൂപീകരിക്കുമെന്നും ഫീസ് നിർണയിക്കുമെന്നുമൊക്കെയാണു സർക്കാർ ഇപ്പോൾ പറയുന്നത്. അപ്പോഴേക്കും ക്ലാസ് തുടങ്ങണം. കൂട്ടക്കുഴപ്പത്തിനൊടുവിൽ സ്പോട് അഡ്മിഷൻ എന്ന പേരിൽ ലക്ഷങ്ങൾ വാങ്ങി പ്രവേശനം നടത്താനാണു ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.
ജിഎസ്ടി നടപ്പാക്കുന്നത് ആറുമാസത്തേക്കു നിർത്തിവയ്ക്കണമെന്നും ധനമന്ത്രി തോമസ് ഐസക്ക് വാചകമടി നിർത്തി പ്രതിസന്ധി പരിഹരിക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘പൊലീസിനുമേലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായി’
സർക്കാരിന് താൽപര്യം ടോമിൻ ജെ.തച്ചങ്കരിയെപ്പോലെയുള്ള പൊലീസ് ഉദ്യോഗസ്ഥരോടാണെന്നു രമേശ് ചെന്നിത്തല. ടി.പി.സെൻകുമാറിനെ നിരീക്ഷിക്കാനാണു തച്ചങ്കരിയെ കൊണ്ടുവന്നത്.
പൊലീസ് തലപ്പത്ത് നടക്കുന്ന ബഹളം പൊലീസിന്റെ വിശ്വാസ്യത തകർത്തു. പോയ ഡിജിപി ഒന്നുപറയുമ്പോൾ ഇപ്പോഴുള്ള ഡിജിപി മറ്റൊന്നു പറയുന്നു. അപ്പോൾ സ്റ്റേഷനുകളിൽ എന്താവും അവസ്ഥ? മുഖ്യമന്ത്രിക്ക് പൊലീസിനുമേലുള്ള നിയന്ത്രണം നഷ്ടമായെന്നും ചെന്നിത്തല ആരോപിച്ചു.