കൊൽക്കത്ത∙ മെട്രോയിൽ യാത്രചെയ്യവേ പരസ്പരം ആലിംഗനം ചെയ്ത യുവദമ്പതികളെ യാത്രക്കാർ മർദിച്ചു. കൊൽക്കത്തയിലെ ഡം ഡം റെയിൽവേ സ്റ്റേഷനിലാണു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്താവുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ വിമർശനവുമായി എഴുത്തുകാരി തസ്‌ലിമ നസ്റിൻ അടക്കമുള്ളവർ രംഗത്തെത്തി. മെട്രോ യാത്രയ്ക്കിടയിൽ മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദനം.
ദമ്പതികൾ ആലിംഗനം ചെയ്യുന്നതു ശ്രദ്ധയിൽപെട്ട ഒരു വയോധികനാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നാലെ മറ്റൊരു സംഘവും വിമർശനമുന്നയിച്ചു. ആക്ഷേപങ്ങൾ കനത്തതോടെ യുവാവും ശക്തമായി പ്രതികരിച്ചു. അതോടെ എല്ലാവരും യുവാവിനെതിരെ തിരിഞ്ഞു. ഡം ഡം സ്റ്റേഷനിലിറങ്ങുമ്പോൾ കാണിച്ചുതരാമെന്നു പറഞ്ഞു യാത്രക്കാർ ഒച്ചവയ്ക്കുകയായിരുന്നു.
ട്രെയിൻ ഡം ഡം സ്റ്റേഷനിലെത്തിയതോടെ ആളുകൾ യുവാവിനെ വലിച്ചിഴച്ചു താഴെയിടുകയും മർദിക്കുകയുമായിരുന്നു. പെൺകുട്ടി യുവാവിനെ സംരക്ഷിക്കാനായി ആളുകൾക്കിടയിലേക്കു ചെന്നപ്പോൾ അവർക്കെതിരെയും ആക്രമണമുണ്ടായി. സ്റ്റേഷനിൽ സംഭവം കണ്ടുകൊണ്ടിരുന്ന മറ്റുള്ളവരാണ് ദമ്പതികളെ രക്ഷിച്ചത്.