കൊൽക്കത്ത∙ ഐപിഎല്ലിൽ കരുത്തരായ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ചെന്നൈയുയർത്തിയ 177 റൺസ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കി നിൽക്കെ കൊൽക്കത്ത മറികടന്നു. അർധസെഞ്ചുറി നേടിയ യുവതാരം ഷുബ്മാന്‍ ഗില്ലും ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കും ചേർന്നാണ് കൊൽക്കത്തയെ വിജയത്തിലേക്ക് അനായാസം നയിച്ചത്. 36 പന്തിൽ 57 റൺസുമായി ഗില്ലും 18 പന്തിൽ 45 റൺസുമായി ദിനേഷ് കാർത്തിക്കും പുറത്താകാതെ നിന്നു.
ക്രിസ് ലിൻ (6 പന്തിൽ 12 ), സുനിൽ നാരായൺ (20 പന്തിൽ 32), റോബിൻ ഉത്തപ്പ (8 പന്തിൽ 6), ആർ.കെ. സിങ് (18 പന്തിൽ 16) എന്നിങ്ങനെയാണ് മറ്റു കൊൽക്കത്ത താരങ്ങളുടെ സ്കോറുകൾ. ലുങ്കി എൻഗിഡി, കെ.എം. ആസിഫ്, രവീന്ദ്ര ജഡേജ, ഹർബജൻ സിങ് എന്നിവർ കൊൽക്കത്തയ്ക്കുവേണ്ടി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു. ക്യാപ്റ്റൻ എംഎസ് ധോണി 25 പന്തില്‍ 43 റൺസെടുത്തു പുറത്താകാതെ നിന്നു. ഓപ്പണർമാരായ ഷെയ്ൻ വാട്സൺ (25 പന്തിൽ 36), ഫാഫ് ഡുപ്ലേസി 15 പന്തിൽ 27) എന്നിവർ മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നല്‍കിയത്. സുരേഷ് റെയ്ന (26 പന്തിൽ 31), അംബാട്ടി റായുഡു (17 പന്തിൽ 21), രവീന്ദ്ര ജഡേജ (12 പന്തിൽ 12) എന്നിങ്ങനെയാണ് പുറത്തായ ചെന്നൈ ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. കരൺ ശര്‍മ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കു വേണ്ടി പീയുഷ് ചൗള, സുനിൽ നരെയ്ൻ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. കുൽദീപ് യാദവ് ഒരു വിക്കറ്റ് നേടി.