Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർഥിവിന്റെ അർധസെഞ്ചുറി പാഴായി; ബാംഗ്ലൂരിനെതിരെ ചെന്നൈയ്ക്ക് ആറ് വിക്കറ്റ് ജയം

dhoni-parthiv ബാംഗ്ലൂരിനെതിരെ ധോണിയുടെ ബാറ്റിങ്.ചിത്രം: ഐപിഎൽ ട്വിറ്റർ

പുണെ∙ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ തേരോട്ടം തുടരുന്നു. പുണെയിൽ  റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിനാണ് ചെന്നൈ തകർത്തത്. ബാംഗ്ലൂർ ഉയർത്തിയ 128 റൺസെന്ന വിജയലക്ഷ്യം 12 പന്തുകൾ ബാക്കി നിൽക്കെ നാലുവിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. കുറഞ്ഞ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ വിക്കറ്റുകൾ അധികം നഷ്ടപ്പെടാതെ വിജയത്തിലെത്തുകയായിരുന്നു.

അംബാട്ടി റായുഡു (25 പന്തിൽ 32), എം.എസ്. ധോണി 23 പന്തിൽ 31) എന്നിവര്‍ ചെന്നൈയ്ക്കായി തിളങ്ങി. ഷെയ്ൻ‌ വാട്സൺ (14 പന്തിൽ 11), സുരേഷ് റെയ്ന (21 പന്തിൽ 25), ധ്രുവ് ഷോറെ (ഒൻപത് പന്തിൽ എട്ട്), ഡ്വെയ്ൻ ബ്രാവോ 17 പന്തില്‍ 14) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്കോറുകൾ. ബാംഗ്ലൂർ നിരയിൽ ഉമേഷ് യാദവ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഗ്രാൻഡ്ഹോം, അശ്വിൻ എന്നിവർ ഓരോ വിക്കറ്റു വീതം നേടി. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ചെന്നൈ പോയിന്റ്ു നേട്ടം 14 ആയി ഉയര്‍ത്തി. ഏഴു ജയങ്ങളാണ് ചെന്നൈ പത്തു മൽസരങ്ങളിൽ നിന്ന് സ്വന്തമാക്കിയിട്ടുള്ളത്. 

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ഒൻപതു വിക്കറ്റു നഷ്ടത്തിൽ 127 റൺസെടുക്കാനേ സാധിച്ചിരുന്നുള്ളു. ബാംഗ്ലൂരിന്റെ എട്ടു താരങ്ങൾ രണ്ടക്കം പോലും കടക്കാതെയാണ് പുറത്തായത്. ഐപിഎൽ സീസണിലെ ആദ്യ മൽ‌സരം കളിക്കുന്ന പാർഥിവ് പട്ടേലിന് മാത്രമാണ് ബാംഗ്ലൂരിനായി തിളങ്ങാൻ കഴിഞ്ഞത്.

41 പന്തുകൾ നേരിട്ട പാർഥിവ് 53 റൺസെടുത്തു പുറത്തായി. ടിം സൗത്തീ (36) റൺസുമായി പുറത്താകാതെ നിന്നു. ബ്രണ്ടൻ മക്കല്ലം ( മൂന്ന് പന്തിൽ അഞ്ച്), വിരാട് കോഹ്‍ലി (11 പന്തിൽ എട്ട്), എബി ഡിവില്ലിയേഴ്സ് (നാല് പന്തിൽ ഒന്ന്), മൻദീപ് സിങ് (13 പന്തിൽ ഏഴ്), കോളിൻ ഗ്രാന്‍ഡ്ഹോം (എട്ട് പന്തിൽ എട്ട്), മുരുകൻ അശ്വിൻ (രണ്ട് പന്തിൽ ഒന്ന്), ഉമേഷ് യാദവ് (അഞ്ച് പന്തിൽ ഒന്ന്), മുഹമ്മദ് സിറാജ് (ഏഴ് പന്തിൽ മൂന്ന്) എന്നിങ്ങനെയാണ് ബാംഗ്ലൂർ താരങ്ങളുടെ സ്കോറുകൾ. നാല് ഓവറിൽ 18 റണ്‍സുമാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ പ്രകടനം നിർണായകമായി. ഹർഭജൻ സിങ് രണ്ടു വിക്കറ്റുകളും ഡേവിഡ് വില്ലി, ലുങ്കി എൻഗിഡി എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.