മുംബൈ∙ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 13 റൺസ് ജയം. മുംബൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുക്കാനേ സാധിച്ചുള്ളു. കൊൽക്കത്തയ്ക്കു വേണ്ടി റോബിൻ ഉത്തപ്പ അർധസെഞ്ചുറി നേടി. നിതീഷ് റാണ (27 പന്തിൽ 31), ദിനേഷ് കാർത്തിക് (26 പന്തിൽ 36) എന്നിവരും കൊൽക്കത്തയ്ക്കായി തിളങ്ങി.
ക്രിസ് ലിൻ (13 പന്തിൽ 17), ശുഭ്മാന്‍ ഗിൽ (അഞ്ച് പന്തിൽ ഏഴ്), ആന്ദ്രെ റസൽ (പത്ത് പന്തിൽ ഒൻപത്), സുനിൽ നാരായൺ (നാല് പന്തിൽ അഞ്ച്) എന്നിങ്ങനെയാണ് കൊൽക്കത്തയുടെ മറ്റ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. മുംബൈ ഇന്ത്യൻസിനു വേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് നേടിയപ്പോൾ മിച്ചൽ മക്‌ലനാഗൻ, ജസ്പ്രീത് ബുംമ്ര, ക്രുനാൽ പാണ്ഡ്യ, മായങ്ക് മാര്‍ക്കണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മംബൈ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. ഓപ്പണർ സൂര്യകുമാർ യാദവിന്റെ അർധസെഞ്ചുറിക്കരുത്തിലാണ് മികച്ച സ്കോറിലേക്ക് മുംബൈ ഇന്ത്യൻസ് എത്തിയത്. 39 പന്തുകളിൽ നിന്ന് 59 റണ്‍സെടുത്താണ് സൂര്യകുമാർ പുറത്തായത്. സൂര്യകുമാറും എവിൻ ലൂയിസും ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്.
91 റൺസിന്റെ കൂട്ടുകെട്ടും ഇരുവരും ചേർന്നു കെട്ടിപ്പടുത്തു. എവിൻ ലൂയിസ് 28 പന്തിൽ 43 റൺസെടുത്തു പുറത്തായി. ഹാർദിക് പാണ്ഡ്യ പുറത്താകാതെ 20 പന്തിൽ 35 റൺസെടുത്തു. രോഹിത് ശർമ (11 പന്തിൽ11), ക്രുനാൽ പാണ്ഡ്യ (11 പന്തിൽ 14), ജെ.പി. ഡുമിനി (11 പന്തിൽ 13) എന്നിങ്ങനെയാണു മറ്റു മുംബൈ താരങ്ങളുടെ സ്കോറുകൾ. കൊല്‍ക്കത്തയ്ക്കു വേണ്ടി സുനിൽ നാരായൺ, ആന്ദ്രെ റസൽ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.
പത്തു മൽസരങ്ങൾ കളിച്ച മുംബൈ ഇന്ത്യൻസിന്റെ നാലാമത്തെ മാത്രം ജയമാണ് ഇന്നത്തേത്. ആറു തോൽവികളുമായി മുംബൈ പോയിന്റ് പട്ടികയിൽ അഞ്ചാമതാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാമതും.