ജയ്പുർ∙ ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 15 റൺസ് ജയം. 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് ഏഴു വിക്കറ്റു നഷ്ടത്തിൽ 143 റൺസെടുക്കാനേ സാധിച്ചുള്ളു. ഓപ്പണർ കെ.എൽ.രാഹുൽ അർധ സെഞ്ചുറിയുമായി തിളങ്ങിയപ്പോഴും മറ്റൊരു താരം പിന്തുണ നൽകാൻ ഇല്ലാതിരുന്നതാണു പഞ്ചാബിനു തിരിച്ചടിയായത്.
രാഹുൽ 70 പന്തിൽ 95 റൺസെടുത്തു പുറത്താകാതെ നിന്നു. പഞ്ചാബ് നിരയിൽ ക്രിസ് ഗെയില്‍, അശ്വിൻ, കരുൺ നായർ, അക്ഷ്ദീപ് നാഥ്, മനോജ് തിവാരി, അക്സർ പട്ടേൽ എന്നിവർ രണ്ടക്കം പോലും കടക്കാനാകാതെ പുറത്താകുകയായിരുന്നു. മാർകസ് സ്റ്റോണിസ് 16 പന്തിൽ 11 റൺസെടുത്തപ്പോൾ ആൻഡു ടൈ ഒരു റൺസ് നേടി പുറത്താകാതെ നിന്നു. വലിയ സ്കോറുകൾ വിട്ടുകൊടുക്കാതെയും കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്ത്തിയുമാണ് രാജസ്ഥാൻ ബോളർമാർ പഞ്ചാബ് റണ്ണൊഴുക്കിനെ പിടിച്ചുകെട്ടിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ എട്ടു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. ഓപ്പണർ ജോസ് ബട്‍ലറുടെ അർധസെഞ്ചുറി മികവിലായിരുന്നു രാജസ്ഥാൻ ഭേദപ്പെട്ട വിജയലക്ഷ്യം ഉയർത്തിയത്. 58 പന്തുകൾ നേരിട്ട ബട്‍ലർ 82 റൺസെടുത്തു പുറത്തായി. ബട്‍ലറിനു പുറമെ രാജസ്ഥാൻ നിരയിൽ സഞ്ജു വി.സാംസൺ (18 പന്തിൽ 22), ബെൻ സ്റ്റോക്സ് (11 പന്തിൽ 14), സ്റ്റുവർട്ട് ബിന്നി (ഏഴ് പന്തിൽ 11) എന്നിവർക്കു മാത്രമാണ് പത്തിനു മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചത്.
നാലോവറിൽ 34 റൺസ് വിട്ടുകൊടുത്തു നാലു വിക്കറ്റു വീഴ്ത്തിയ ആൻഡ്രു ടൈയുടെ പ്രകടനമായിരുന്നു രാജസ്ഥാനെ ചെറിയ സ്കോറിൽ ഒതുക്കിയത്. മുജീബുർ റഹ്മാൻ രണ്ടു വിക്കറ്റും മാർകസ് സ്റ്റോണിസ് ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ രാജസ്ഥാൻ പോയിന്റു പട്ടികയിൽ ആറാം സ്ഥാനത്തേക്കുയർന്നു.