ലക്നൗ ∙ ഗോരഖ്പുരില്‍ ഓക്സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശിശുരോഗ വിദഗ്ധൻ ഡോ. കഫീല്‍ ഖാന്‍. തന്നെ ബലിയാടാക്കി. നിസ്വാര്‍ഥമായ സേവനമാണു താന്‍ ലക്ഷ്യമിട്ടത്. ഇനിയും ആക്രമിക്കാനാണു ഭാവമെങ്കിൽ സ്വന്തമായി ആശുപത്രി തുടങ്ങുമെന്നും കഫീല്‍ പറഞ്ഞു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് 63 കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കഫീൽ ഖാന് ഏഴു മാസത്തിനുശേഷമാണു ജാമ്യം ലഭിച്ചത്. ജാമ്യത്തിലിറങ്ങിയ ശേഷം ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
രക്ഷിക്കാന്‍ ശ്രമിച്ച തന്നെ ശിക്ഷിക്കുകയായിരുന്നുവെന്നു പറഞ്ഞാണു കഫീല്‍ ഖാന്‍ സംസാരിച്ചു തുടങ്ങിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാരും ആശുപത്രി അധികൃതരുമടക്കം ആരും ഒപ്പംനിന്നില്ല. അവസാനനിമിഷവും ഒരോ കുട്ടിയെയും രക്ഷിക്കാന്‍ മാത്രമാണു താനുള്‍പ്പടെയുള്ളവര്‍ ശ്രമിച്ചത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ശത്രുക്കളോടെന്ന പോലെയാണു പെരുമാറിയത്. നിലവില്‍ സസ്പെന്‍ഷനിലുള്ള താന്‍ അടക്കമുള്ളവരെ തിരിച്ചെടുത്തില്ലെങ്കില്‍ സ്വന്തമായി ആശുപത്രിയാരംഭിക്കുമെന്നും കഫീൽ വ്യക്തമാക്കി.
ലോകത്തിന്റെയും രാജ്യത്തിന്റെയും പല ഭാഗത്തുനിന്നും ഫോൺവിളികൾ വരുന്നുണ്ട്. പലരും ജോലി വാഗ്ദാനം ചെയ്തു ക്ഷണിക്കുന്നുണ്ട്. എന്നാൽ താൻ ഗോരഖ്പുർ വിട്ടുപോകില്ല. മസ്തിഷ്കജ്വരം ബാധിച്ച കുട്ടികളെ ചികിത്സിക്കാൻ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഗോരഖ്പുരിൽ സ്വന്തമായി ആശുപത്രി തുടങ്ങും. ചികിത്സ സൗജന്യമായിരിക്കും. ആശുപത്രിയിൽ മരുന്നുകൾക്കു ക്ഷാമമുണ്ടാകില്ലെന്നും കഫീൽ പറഞ്ഞു.
കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടറെ ജയിലിലടച്ച് സർക്കാർ പ്രതികാരം തീര്‍ക്കുകയാണെന്ന് ആരോപിച്ച് രാജ്യത്തെ ജനകീയ ആരോഗ്യപ്രവര്‍ത്തകരും സാമൂഹ്യപ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥ വീഴ്ച മറച്ചുവയ്ക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ആരോപണം. കുഞ്ഞുങ്ങളുടെ കൂട്ടമരണം നടന്ന ദിവസം ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡോക്ടറോട് ‘താങ്കള്‍ ഇവിടെ ഹീറോ കളിക്കുകയാണോ’ എന്നു ചോദിച്ചതു വിവാദമായിരുന്നു.