Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിന്റെ അർധസെഞ്ചുറിയും തുണച്ചില്ല: പഞ്ചാബിനെതിരെ മുംബൈയ്ക്ക് മൂന്ന് റൺസ് ജയം

kl-rahul-batting പഞ്ചാബ് താരം ലോകേഷ് രാഹുലിന്റെ ബാറ്റിങ്.ചിത്രം: ഐപിഎൽ ട്വിറ്റർ

മുംബൈ∙ ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെയും തകർത്ത് മുംബൈ ഇന്ത്യൻസ്. മൂന്നു റണ്‍സിന്റെ വിജയമാണ് മുംബൈ പഞ്ചാബിനെതിരെ സ്വന്തമാക്കിയത്. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനേ സാധിച്ചുള്ളു. ഓപ്പണർ ലോകേഷ് രാഹുൽ 60‌ പന്തില്‍ 94 റൺസെടുത്തെങ്കിലും പഞ്ചാബിനെ വിജയത്തിലെത്തിക്കാനായില്ല. 

പഞ്ചാബ് നിരയിൽ ആരോൺ ഫിഞ്ച് 35 പന്തിൽ 46 റൺസെടുത്ത് പുറത്തായി. ക്രിസ് ഗെയിൽ (11 പന്തിൽ 18), മാർകസ് സ്റ്റോണിസ് (രണ്ട് പന്തിൽ ഒന്ന്), അക്സർ പട്ടേൽ (എട്ട് പന്തിൽ പത്ത്), യുവരാജ് സിങ് (മൂന്ന് പന്തിൽ ഒന്ന്) എന്നിങ്ങനെയാണു മറ്റ് പഞ്ചാബ് താരങ്ങളുടെ സ്കോറുകള്‍. ടീമിനെ വിജയത്തിലെത്തിക്കാനുള്ള അവസരം ലഭിച്ചിട്ടും സീനിയർ താരം യുവരാജ് സിങ് അതുപാഴാക്കി. ജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തിൽ‌ 186 റൺസെടുത്തിരുന്നു. അർധസെഞ്ചുറി നേടിയ പൊള്ളാർഡിന്റെ മികവിലായിരുന്നു മികച്ച സ്കോറിലേക്കു മുംബൈ എത്തിയത്. 23 പന്തിൽ‌ 50 റൺസുമായാണ് പൊള്ളാർഡ് പുറത്തായത്. ക്രുനാൽ പാണ്ഡ്യ (23 പന്തിൽ 32), ഇഷാന്‍ കിഷൻ (12 പന്തിൽ 20), സൂര്യകുമാർ യാദവ് (15 പന്തിൽ 27) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറുകാര്‍. പഞ്ചാബിനായി നാലോവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് അൻഡ്രു ടൈ നാലു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ അശ്വിൻ രണ്ടു വിക്കറ്റും അങ്കിത് രാജ്പുത്, മാര്‍കസ് സ്റ്റോണിസ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.