ഇൻഡോർ∙ ഐപിഎല്ലിൽ രാജസ്ഥാനെ ആറ് വിക്കറ്റിനു തോൽപ്പിച്ച് കിങ്സ് ഇലവൻ പഞ്ചാബ്. രാജസ്ഥാൻ ഉയർത്തിയ 152 റണ്‍സെന്ന വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കി നിൽക്കെ പഞ്ചാബ് മറികടന്നു. ഓപ്പണർ കെ.എൽ. രാഹുലിന്റെ ബാറ്റിങ് മികവിലാണ് പഞ്ചാബ് സീസണിലെ ആറാം ജയം സ്വന്തമാക്കിയത്.
54 പന്തുകൾ നേരിട്ട രാഹുൽ 84 റൺസെടുത്തു പുറത്താകാതെ നിന്നു. ക്രിസ് ഗെയിൽ എട്ട് റൺസ് മാത്രമെടുത്തു പുറത്തായി. മാർക് സ്റ്റോണിസ്, കരുൺ നായർ എന്നിവരും പഞ്ചാബ് നിരയിൽ തിളങ്ങി. കരുൺ നായർ 23 പന്തിൽ 31 റൺസെടുത്തു പുറത്തായപ്പോൾ 16 പന്തിൽ 23 റൺസെടുത്ത സ്റ്റോണിസ് പുറത്താകാതെ നിന്നു. മായങ്ക് അഗർവാൾ (മൂന്ന് പന്തിൽ രണ്ട്), അക്സർ പട്ടേൽ (അഞ്ചു പന്തിൽ നാല്) എന്നിങ്ങനെയാണ് മറ്റു പഞ്ചാബ് താരങ്ങളുടെ സ്കോറുകൾ. രാജസ്ഥാനു വേണ്ടി കൃഷ്ണപ്പ ഗൗതം, ജെഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ്, അനുരീത് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. ഓപ്പണർ ജോസ് ബട്‍ലറുടെ അർധസെഞ്ചുറി മികവിലാണ് രാജസ്ഥാൻ മെച്ചപ്പെട്ട സ്കോർ നേടിയത്. 39 പന്തുകൾ നേരിട്ട ബട്‍ലർ 51 റൺസെടുത്തു പുറത്തായി. സഞ്ജു വി.സാംസൺ 23 പന്തിൽ 28 റൺസെടുത്തു പുറത്തായി.
രാജസ്ഥാൻ നിരയിൽ മറ്റാർക്കും മെച്ചപ്പെട്ട ബാറ്റിങ് പ്രകടനം പുറത്തെടുക്കാനായില്ല. ഡാർസി ഷോർട്ട് ( രണ്ടു പന്തിൽ രണ്ട്), അജിൻക്യ രഹാനെ (ഏഴ് പന്തിൽ അഞ്ച്), ബെൻ സ്റ്റോക്സ് (ഒന്‍പതു പന്തിൽ 12), രാഹുൽ ത്രിപതി (13 പന്തിൽ 11), ജെഫ്ര ആർച്ചർ (പൂജ്യം), കൃഷ്ണപ്പ ഗൗതം (മൂന്ന് പന്തിൽ അഞ്ച്), ശ്രേയസ് ഗോപാൽ (16 പന്തിൽ 24), ജയ്ദേവ് ഉനദ്ഘട്ട് (ഏഴ് പന്തിൽ ആറ്) എന്നിങ്ങനെയാണ് രാജസ്ഥാന്‍ ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. നാലോവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ അഫ്ഗാൻ താരം മുജീബുർ റഹ്മാന്റെ പ്രകടനമാണ് രാജസ്ഥാൻ ബാറ്റിങ് നിരയെ ചെറിയ സ്കോറിലൊതുക്കിയത്. അൻഡ്രു ടൈ രണ്ടു വിക്കറ്റും അക്സർ പട്ടേൽ, അങ്കിത് രാജ്പൂത്, ആർ. അശ്വിന്‍ എന്നിവർ ഓരോ വിക്കറ്റും വീതം വീഴ്ത്തി.