പയ്യന്നൂർ ∙ കണ്ണൂരിൽ വീണ്ടും സംഘർഷം. പയ്യന്നൂരിൽ സിപിഎം, ബിജെപി പ്രവർത്തകർക്കു വെട്ടേറ്റു. ബിജെപി ഓഫിസിനു നേരേ ബോംബേറുണ്ടായി. സിപിഎമ്മിൽ ചേർന്ന മുൻ ബിജെപി പ്രവർത്തകൻ ഷിനുവിന് വെട്ടേറ്റതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. കാറിലെത്തിയ ബിജെപി പ്രവർത്തകർ ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. ഷിനു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഷിനുവിന് വെട്ടേറ്റ് അൽപസമയത്തിനകം ബിജെപി പ്രവർത്തകൻ രഞ്ജിത്തിനും വെട്ടേറ്റു. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. പയ്യന്നൂരിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസായ മാരാർജി ഭവനുനേരെ സ്റ്റീൽബോംബ് എറിഞ്ഞു. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.