ഈഡനിൽ ‘സൂര്യനുദിച്ചു’; ഐപിഎല്ലി‍ൽ സൺറൈസേഴ്സ്–ചെന്നൈ ഫൈനൽ

rashid-khan
രണ്ടാം ക്വാളിഫയറിൽ കൊൽക്കത്തയ്ക്കെതിരെ സൺറൈസേഴ്സിന്റെ വിജയശിൽപിയായ റാഷിദ് ഖാൻ. (ട്വിറ്റർ ചിത്രം)

കൊൽക്കത്ത∙ ആദ്യ ക്വാളിഫയറിൽ കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ട ഫൈനൽ സ്ഥാനം രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദ് പിടിച്ചെടുത്തു. എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാനെ മറികടന്നെത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 13 റൺസിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ ഫൈനലിൽ. ആദ്യം ബാറ്റു ചെയ്ത് നിശ്ചിത 20 ഓവറിൽ 174 റൺസെടുത്ത ഹൈദരാബാദ്, കൊൽക്കത്തയെ 161 റൺസിൽ എറിഞ്ഞൊതുക്കിയാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഇതോടെ സൺറൈസേഴ്സ് സ്വന്തമാക്കിയത് 13 റൺസ് ജയം.

ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവുകാട്ടിയ അഫ്ഗാൻ താരം റാഷിദ് ഖാന്റെ പ്രകടനമാണു രണ്ടാം ക്വാളിഫയറിലെ ഹൈലൈറ്റ്. 10 പന്തിൽ നാലു സിക്സും രണ്ടു ബൗണ്ടറിയുമുൾപ്പെടെ 34 റൺസെടുത്തു പുറത്താകാതെ നിന്ന റാഷിദ്, നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ചെന്നൈ സൂപ്പർ കിങ്സിനെയാണ് സൺറൈസേഴ്സ് നേരിടുക. ആദ്യ ക്വാളിഫയറിൽ സൺറൈസേഴ്സിനെ തോൽപ്പിച്ചാണ് ചെന്നൈ ഫൈനലിൽ കടക്കുന്ന ആദ്യ ടീമായത്.

മികച്ച തുടക്കം, പിന്നെ പതർച്ച

175 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കൊൽക്കത്തയ്ക്ക് ഓപ്പണർമാരായ സുനിൽ നരെയ്നും ക്രിസ് ലിന്നും മികച്ച തുടക്കമാണ് സമ്മാനിച്ചത്. വെറും 3.2 ഓവറിൽ ഇരുവരും കൂട്ടിച്ചേർത്തത് 40 റൺസ്. 13 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 26 റൺസെടുത്ത നരെയ്നെ മടക്കി സിദ്ധാർഥ് കൗളാണ് സൺറൈസേഴ്സ് കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചത്.

രണ്ടാം വിക്കറ്റിൽ നിതീഷ് റാണയെ കൂട്ടുപിടിച്ച് ക്രിസ് ലിൻ നടത്തിയ പോരാട്ടം കൊൽക്കത്തയ്ക്കു വീണ്ടും മേൽക്കൈ സമ്മാനിച്ചു. സൺറൈസേഴ്സ് ബോളർമാരെ നിഷ്പ്രയാസം നേരിട്ട ഇരുവരും രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 47 റൺസ്. 16 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 22 റൺസെടുത്ത നിതീഷ് റാണയെ റണ്ണൗട്ടാക്കി റാഷിദ് ഖാൻ സൺറൈസേഴ്സിനെ മൽസരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു.

ഒരു വശത്തു ക്രിസ് ലിൻ പൊരുതി നോക്കിയെങ്കിലും പിന്തുണയ്ക്കാൻ ആളില്ലാതെ പോയതോടെ കൊൽക്കത്ത തോൽവിയിലേക്കു വഴുതി വീഴുകയായിരുന്നു. ലിൻ 31 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 48 റൺസെടുത്തു. റോബിൻ ഉത്തപ്പ (എട്ടു പന്തിൽ രണ്ട്), ദിനേഷ് കാർത്തിക് (ആറു പന്തിൽ എട്ട്), ആന്ദ്രെ റസൽ (ഏഴു പന്തിൽ മൂന്ന്), പിയുഷ് ചാവ്‌ല (12 പന്തിൽ 12), ശിവം മാവി (നാലു പന്തിൽ ആറ്) എന്നിവർക്കൊന്നും കാര്യമായ സംഭാവനകൾ നൽകാനായില്ല. 20 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 30 റൺസെടുത്ത ശുഭ്മാൻ ഗിൽ പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

നിതീഷ് റാണയെ റണ്ണൗട്ടാക്കിയതിനൊപ്പം ലിൻ, ഉത്തപ്പ, റസൽ എന്നിവരെ പുറത്താക്കിയ റാഷിദ് ഖാനാണ് കൊൽക്കത്തയുടെ തകർച്ചയിൽ പ്രധാന പങ്കുവഹിച്ചത്. മൂന്ന് ഓവറിൽ 16 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് അൽ ഹസൻ, നാല് ഓവറിൽ 32 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത സിദ്ധാർഥ് കൗൾ, രണ്ട് ഓവറിൽ 16 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ കാർലോസ് ബ്രാത്‌വയ്റ്റ് എന്നിവരും സൺറൈസേഴ്സിനായി തിളങ്ങി.

താങ്ങായി ധവാൻ, സാഹ; തകർത്തടിച്ച് റാഷിദ്

നിർണായക മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും ശിഖർ ധവാനും ചേർന്നു മികച്ച തുടക്കമാണു സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് (56) തീർത്ത സഖ്യം പിരിച്ചത് കുൽദീപ് യാദവ്. എട്ടാം ഓവർ എറിയാനെത്തിയ കുൽദീപ് ആദ്യ പന്തിൽത്തന്നെ ധവാനെ എൽബിയിൽ കുരുക്കി. 24 പന്തിൽ നിന്നും നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 34 റൺസായിരുന്നു ധവാന്റെ സമ്പാദ്യം.

തൊട്ടുപിന്നാലെ ഇതേ ഓവറിൽ ഇൻഫോം ബാറ്റ്സ്മാൻ കെയ്ൻ വില്യംസനും പുറത്തായി. മൂന്നു പന്തിൽ മൂന്നു റൺസെടുത്ത സൺറൈസേഴ്സ് ക്യാപ്റ്റനെ കുൽദീപ് ദിനേഷ് കാർത്തിക്കിന്റെ കൈകളിലെത്തിച്ചു. ഇതോടെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 60 റൺസെന്ന നിലയിലായി സൺറൈസേഴ്സ്. പിന്നീടു കൃത്യമായ ഇടവേളകളിൽ വിക്കറ്റ് കണ്ടെത്തിയ കൊൽക്കത്ത ബോളർമാർ സൺറൈസേഴ്സിനെ വരിഞ്ഞുമുറുക്കുകയായിരുന്നു.

ഷാക്കിബ് അൽ ഹസൻ (24 പന്തിൽ നാലു ബൗണ്ടറികളോടെ 28), ദീപക് ഹൂഡ (19 പന്തിൽ ഒരു സിക്സ് ഉൾപ്പെടെ 19), യൂസഫ് പത്താൻ (ഏഴു പന്തിൽ മൂന്ന്), കാർലോസ് ബ്രാത്‌വയ്റ്റ് (നാലു പന്തിൽ എട്ട്) തുടങ്ങിയവർ വമ്പനടികൾക്കു സാധിക്കാതെ പുറത്തായി. എന്നാൽ, എട്ടാം വിക്കറ്റിൽ ഒരുമിച്ച റാഷിദ് ഖാൻ–ഭുവനേശ്വർ കുമാർ സഖ്യമാണ് സൺറൈസേഴ്സ് സ്കോർ 170 കടത്തിയത്. 11 പന്തുകൾ മാത്രം ക്രീസിൽ നിന്ന ഇരുവരും കൂട്ടിച്ചേർത്തത് 36 റൺസ്! പ്രാസിദ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ മാത്രം രണ്ടു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ ഇരുവരും 26 റൺസെടുത്തു. ഭുവനേശ്വർ കുമാർ രണ്ടു പന്തിൽ അഞ്ചു റൺസോടെയും റാഷിദ് ഖാൻ 10 പന്തിൽ നാലു സിക്സും രണ്ടു ബൗണ്ടറിയും ഉൾപ്പെടെ 34 റൺസെടുത്തും പുറത്താകാതെ നിന്നു.

കൊൽക്കത്തയ്ക്കായി കുൽദീപ് യാദവ് നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. സുനിൽ നരെയ്ൻ നാല് ഓവറിൽ 24 റൺസ് വഴങ്ങിയും പിയുഷ് ചാവ്‌ല മൂന്ന് ഓവറിൽ 22 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.