ചെന്നൈയ്ക്ക് 100 വാട്ട്(സൻ) വിജയം; ഐപിഎല്ലിൽ മൂന്നാം കിരീടം

ഐപിഎൽ കിരീടവുമായി ചെന്നൈ സൂപ്പർ കിങ്സ് ടീമംഗങ്ങളുടെ ആഹ്ലാദം.ചിത്രം: വിഷ്ണു വി.നായർ

മുംബൈ∙ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവിനു മറ്റൊരു കിരീടവിജയത്തിന്റെ പകിട്ടു സമ്മാനിച്ച ചെന്നൈ സൂപ്പർ കിങ്സ്, ഐപിഎൽ പതിനൊന്നാം സീസണിലെ രാജാക്കൻമാർ. ഗ്രൂപ്പു ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദുമായി ഈ സീസണിൽ മുഖാമുഖമെത്തിയ തുടർച്ചയായ നാലാം മൽസരത്തിലും വിജയിച്ചുകയറിയാണ് ധോണിപ്പട മൂന്നാം തവണ ഐപിഎൽ ക്രിക്കറ്റിന്റെ അമരക്കാരായത്. ഹൈദരാബാദ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം ഒൻപതു പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ചെന്നൈ മറികടന്നു. വിജയം എട്ടു വിക്കറ്റിന്.

ഐപിഎൽ കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിങ്സ് ടീമംഗങ്ങളുടെ ആഹ്ലാദം.ചിത്രം: വിഷ്ണു വി.നായർ

ഇതോടെ ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ കിരീടം വീണ്ടും ധോണിപ്പട വഴി ചെന്നൈയിലെത്തി. കൂടുതൽ കിരീടവിജയങ്ങളെന്ന മുംബൈ ഇന്ത്യൻസിന്റെ ഐപിഎൽ റെക്കോർഡിനൊപ്പമെത്തി ധോണിയും സംഘവും. അത് മുംബൈയുടെ മണ്ണിൽവച്ചായത് മറ്റൊരു നിയോഗം.

സെഞ്ചുറി നേടിയ ഷെയ്ൻ വാട്സൻ.ചിത്രം: വിഷ്ണു വി.നായർ

സീസണിലെ രണ്ടാം സെഞ്ചുറി കുറിച്ച ഓപ്പണർ ഷെയ്ൻ വാട്സനാണ് ഫൈനലിൽ ചെന്നൈയുടെ വിജയശിൽപി. വാട്സൻ 57 പന്തിൽ 11 ബൗണ്ടറിയും എട്ടു സിക്സും സഹിതം 117 റൺസോടെ പുറത്താകാതെ നിന്നു. ഈ സീസണിൽ ചെന്നൈയുടെ കുതിപ്പിന് ഊർജം പകർന്ന് അവരുടെ ടോപ് സ്കോററായി മാറിയ അമ്പാട്ടി റായുഡുവാണു കലാശപ്പോരിൽ ബൗണ്ടറിയിലൂടെ വിജയ റൺ നേടിയതെന്നതും കാവ്യനീതിയായി. റായുഡു 19 പന്തിൽ ഒരു ബൗണ്ടറിയും ഒരു സിക്സും സഹിതം 16 റൺസുമായി പുറത്താകാതെ നിന്നു.

സെഞ്ചുറി, സെഞ്ചുറി കൂട്ടുകെട്ട്; വാട്സനാണ് താരം!

ഒന്നാം ക്വാളിഫയറിൽ ഇതേ എതിരാളികൾക്കെതിരെ അർധസെഞ്ചുറിയുമായി വിജയശിൽപിയായ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലേസി 10 റൺസുമായി മടങ്ങിയ ശേഷമായിരുന്നു ചെന്നൈയുടെ പടയോട്ടം. നാല് ഓവറിൽ 16 റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു ഡുപ്ലേസിയുടെ പുറത്താകൽ.

ഐപിഎൽ കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിങ്സ് ടീമംഗങ്ങളുടെ ആഹ്ലാദം.ചിത്രം: വിഷ്ണു വി.നായർ

എന്നാൽ രണ്ടാം വിക്കറ്റിൽ സുരേഷ് റെയ്നയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടു തീർത്ത് വാട്സൻ അവരെ വിജയത്തിലേക്കു നയിച്ചു. 57 പന്ത് ക്രീസിൽ നിന്ന വാട്സൻ–റെയ്ന സഖ്യം 117 റൺസ് കൂട്ടിച്ചേർത്താണു വഴിപിരിഞ്ഞത്. റെയ്ന 24 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 32 റൺസെടുത്തു. കാർലോസ് ബ്രാത്‌വയ്റ്റിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ശ്രീവത്സ് ഗോസ്വാമി ക്യാച്ചെടുത്താണ് റെയ്നയെ പുറത്താക്കിയത്. പിരിയാത്ത മൂന്നാം വിക്കറ്റിൽ 48 റൺസ് കൂട്ടിച്ചേർത്ത വാട്സൻ–റായുഡു സഖ്യം ചെന്നൈയെ വിജയത്തിലെത്തിച്ചു.

സൺറൈസേഴ്സ് നിരയിൽ നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങിയ ഭുവനേശ്വർ കുമാറും നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയ റാഷിദ് ഖാനും തിളങ്ങി. എന്നാൽ ഇരുവർക്കും വിക്കറ്റ് വീഴ്ത്താനാകാതെ പോയതാണ് സൺറൈസേഴ്സിന് വിനയായത്. സന്ദീപ് ശർമ നാല് ഓവറിൽ 52 റണ്‍സും സിദ്ധാർഥ് കൗൾ മൂന്ന് ഓവറിൽ 43 റൺസും വഴങ്ങി.

പടനയിച്ച് വില്യംസൻ, യൂസഫ് പത്താൻ

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. ക്യാപ്റ്റൻ കെയ്ൻ വില്യംസണും യൂസഫ് പത്താനും നടത്തിയ പോരാട്ടമാണ് ചെന്നൈയ്ക്കെതിരെ ഭേദപ്പെട്ട സ്കോറിലേക്ക് ഹൈദരാബാദിനെ എത്തിച്ചത്.

36 പന്തിൽ 47 റൺസെടുത്താണ് കെയ്ൻ വില്യംസൺ പുറത്തായത്. 25 പന്തിൽ 45 റൺസെടുത്ത് യൂസഫ് പത്താന്‍ പുറത്താകാതെ നിന്നു. ശ്രീവത്സ് ഗോസ്വാമി (അഞ്ച് പന്തിൽ അഞ്ച്), ശിഖർ ധവാൻ (25 പന്തിൽ 26), ഷാക്കിബ് അൽ ഹസൻ (15 പന്തിൽ‌ 23), ദീപക് ഹൂഡ (നാല് പന്തിൽ മൂന്ന്), കാർലോസ് ബ്രാത്‍വെയ്ത് (11 പന്തിൽ 21) എന്നിങ്ങനെയാണ് മറ്റു ഹൈദരാബാദ് താരങ്ങളുടെ സ്കോറുകൾ. ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സൺറൈസേഴ്സ്–ചെന്നൈ സൂപ്പർ കിങ്സ് മല്‍സരത്തിനിടെ.ചിത്രം: വിഷ്ണു വി.നായർ

അഞ്ചു റൺസെടുത്ത ശ്രീവൽസ് ഗോസ്വാമി റണ്ണൗട്ടായപ്പോൾ ധവാൻ 26 റണ്‍സെടുത്ത് ജ‍ഡേജയുടെ പന്തിൽ ബൗൾഡാകുകയായിരുന്നു. കരൺ ശർമയുടെ പന്തിൽ ധോണിക്കു ക്യാച്ച് നൽകി ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പുറത്തായി. വില്യംസൺ 36 പന്തിൽ 47 റണ്‍സ് നേടി. 23 റൺസെടുത്ത് ഷാക്കിബ് അൽ‌ഹസൻ പുറത്തായി. ലുങ്കി എൻഗിഡിക്ക് വിക്കറ്റ് സമ്മാനിച്ച് മൂന്ന് റൺസ് മാത്രമെടുത്ത് ദീപക് ഹൂഡ മടങ്ങി.

സൺറൈസേഴ്സ്–ചെന്നൈ സൂപ്പർ കിങ്സ് മല്‍സരത്തിനിടെ.ചിത്രം: വിഷ്ണു വി.നായർ

അവസാന പന്തിൽ ബൗണ്ടറിക്കു ശ്രമിച്ചാണ് കാർലോസ് ബ്രാത്‍വയ്റ്റ് പുറത്തായത്. ഷാർദൂൽ താക്കൂറിന്റെ പന്തിൽ അമ്പാട്ടി റായുഡു ക്യാച്ചെടുത്താണ് ബ്രാത്‍‌വയ്റ്റിനെ മടക്കിയത്. ചെന്നൈയ്ക്കു വേണ്ടി ലുങ്കി എൻഗിഡി, ഷാർദൂൽ താക്കൂർ, കരൺ ശർമ, ഡ്വെയ്ൻ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് നേടി.

സൺറൈസേഴ്സ്–ചെന്നൈ സൂപ്പർ കിങ്സ് മല്‍സരത്തിനിടെ.ചിത്രം: വിഷ്ണു വി.നായർ