കോഴിക്കോട്/ മലപ്പുറം∙ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, മലപ്പുറം ജില്ലയിലെ എല്ലാ സർക്കാർ പരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കിയതായി ജില്ലാ കലക്ടർ അമിത് മീണ അറിയിച്ചു. ജൂൺ അഞ്ചു വരെ മലപ്പുറത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ആറിനേ സ്കൂൾ തുറക്കൂ.
സ്കൂളുകൾ, കോളജുകൾ, പ്രഫഷനൽ കോളജുകൾ, പരീക്ഷാപരിശീന കേന്ദ്രങ്ങൾ, മദ്രസകൾ, അങ്കണവാടികൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കോഴിക്കോടും പ്രഫഷനൽ കോളജുകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതും നീട്ടിവച്ചു. ജൂൺ അഞ്ചിനായിരിക്കും സ്കൂള്‍ തുറക്കുക.
വൈറസ് ബാധ നിയന്ത്രണവിധേയമാണെങ്കിലും കുറച്ച് ആഴ്ചകൾകൂടി ജാഗ്രത തുടരണം. രോഗബാധിതരുമായി ബന്ധപ്പെട്ടവർ വീടുകളിൽ കഴിയണം. ജില്ലയിൽ നാനൂറോളം പേർ നിരീക്ഷണത്തിലാണ്. വിദഗ്ധചികിത്സയ്ക്ക് ആരെയെങ്കിലും ജില്ലയ്ക്കു പുറത്തേക്കു കൊണ്ടുപോകുമ്പോൾ ഡിഎംഒയെ അറിയിക്കണം. കടകളുടെ ഷട്ടർ താഴ്ത്തി, അകത്തു കച്ചവടം നടത്തുന്നത് പകർച്ചവ്യാധി സാധ്യത കൂട്ടും. തദ്ദേശഭരണ പ്രതിനിധികളുടെ അടിയന്തരയോഗം ചൊവ്വാഴ്ച 10.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുമെന്നും കലക്ർ അറിയിച്ചു.