ന്യൂഡൽഹി∙ വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ പാൽ, പച്ചക്കറി വിതരണം സ്തംഭിപ്പിച്ച് ദേശീയ സമരവുമായി കർഷകർ. കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലെ 130 കർഷക സംഘടനകളുടെ കൂട്ടായ്മ രാഷ്ട്രീയ കിസാൻ മഹാസംഘ് (ആർകെഎം) ആണ് സമരം നടത്തുന്നത്. ഇനിയുള്ള 10 ദിവസം നഗരങ്ങളിൽ പാലും പച്ചക്കറിയും വിതരണം ചെയ്യില്ലെന്നു കർഷകർ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ നടന്ന ലോങ് മാര്‍ച്ചിനു ശേഷം വീണ്ടും കർഷകർ സമരവുമായി രംഗത്തെത്തിയത് കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കു വെല്ലുവിളിയാണ്. ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് സമരം. ഡൽഹി, മുംബൈ, ബെംഗളൂരു, ജയ്പുർ എന്നീ നഗരങ്ങളിലേക്കു പച്ചക്കറിയും പാൽ ഉൽപന്നങ്ങളും വരുന്നത് ഈ സംസ്ഥാനങ്ങളിൽനിന്നായതിനാൽ സമരം ഇവിടങ്ങളിലെ ജനജീവിതത്തെ കാര്യമായി ബാധിക്കും. അതേസമയം, 190 കർഷക സംഘടനകളുടെ കൂട്ടായ്മ ഓൾ ഇന്ത്യ കിസാൻ സംഘർഷ് സമന്വയ് സമിതി (എഐകെഎസ്എസ്) സമരത്തിൽ പങ്കെടുക്കുന്നില്ല.
റോഡ് തടയൽ, പ്രകടനം തുടങ്ങിയവ ഒഴിവാക്കി ഉൽപന്നങ്ങളുടെ കയറ്റി അയയ്ക്കൽ നിർത്തിയുള്ള ലളിതവും ശക്തവുമായ രീതിയാണു കർഷകർ ഇത്തവണ സ്വീകരിച്ചതെന്ന് ആർകെഎം കൺവീനർ ശിവകുമാർ ശർമ പറഞ്ഞു. നഗരങ്ങളിലുള്ളവര്‍ കര്‍ഷകരുടെ ദുരിതം മനസിലാക്കണം. നഗരവാസികൾക്കും കച്ചവടക്കാർക്കും പച്ചക്കറികളും പാൽ ഉൽപന്നങ്ങളും ഗ്രാമങ്ങളിൽ വന്നു വാങ്ങാം. എം.എസ്.സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കി കർഷകരെ രക്ഷിക്കണമെന്നും ശിവകുമാർ പറഞ്ഞു.