സിംഗപ്പൂർ ∙ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുഎസ്– ഉത്തര കൊറിയ ഉച്ചകോടി നടക്കുമോയെന്ന് ഉറപ്പില്ലെങ്കിലും, ഉച്ചകോടിയുടെ വേദിയായ ഫുള്ളർടൻ ഹോട്ടലിലെ ബില്ല് ആരടയ്ക്കും എന്നതിനെച്ചൊല്ലി ചർച്ച മുറുകി. ഈ മാസം 12ന് സിംഗപ്പൂരിലാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയ തലവൻ കിം ജോങ് തമ്മിൽക്കാണുമെന്നു പ്രഖ്യാപിച്ചിട്ടുള്ളത്.
ആണവ നിരായുധീകരണം പൂർണമാക്കിയാലേ ഉച്ചകോടി നടക്കൂവെന്ന് ട്രംപ് നിലപാടെടുത്തപ്പോൾ ഉച്ചകോടി മുടങ്ങിപ്പോയെന്നു കരുതിയതാണ.് ഇരുരാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളും മറ്റും ഇടപെട്ടതോടെ ട്രംപിന്റെ മനസ്സു മാറി. മുൻ നിശ്ചയപ്രകാരം ഉച്ചകോടി നടക്കുമെന്നാണ് ഇപ്പോൾ ട്രംപ് പറയുന്നത്. എന്തായാലും സിംഗപ്പുരിലുള്ള യുഎസ് ഇവന്റ് മാനേജ്മെന്റുകാർ രാപകൽ അധ്വാനിച്ച് വേദി ഒരുക്കുകയാണെന്നാണു റിപ്പോർട്ട്.
പങ്കെടുക്കുന്ന രണ്ടു നേതാക്കളുടെയും മാതൃരാജ്യത്തിനു പുറത്താണ് ഉച്ചകോടി എന്നതു പുതിയ ആശയക്കുഴപ്പത്തിനു തിരികൊളുത്തി. സിംഗപ്പൂർ നദിയുടെ മുഖഭാഗത്തെ ഫുള്ളർടൻ എന്ന യമണ്ടൻ ഹോട്ടലാണ് ഉച്ചകോടിക്ക് വേദിയാകുന്നത്. ഇവിടത്തെ ഒരു പ്രസിഡൻഷ്യൽ സ്യൂട്ടിന് പ്രതിദിനം 6000 ഡോളറിലേറെ (ഏകദേശം 4,01,963 രൂപ) വേണം. ഈ പഞ്ചനക്ഷത്ര ആഡംബര ഹോട്ടലിലെ താമസത്തിനും ഭക്ഷണത്തിനും മറ്റുമുള്ള തുക ആരാണ് അടയ്ക്കുന്നതിനെപ്പറ്റി തീരുമാനമായിട്ടില്ല.
മുഴുവൻ പണവും അടയ്ക്കുന്നതിൽ യുഎസിന് പ്രശ്നമൊന്നുമില്ല, അതിനു തയാറുമാണ്. എന്നാൽ, യുഎസ് നടപടി തങ്ങളെ അപമാനിക്കലാണെന്ന് ഉത്തര കൊറിയയ്ക്കു തോന്നാനിടയുണ്ട്. ഈ സാഹചര്യത്തിൽ ആതിഥേയ രാജ്യമായ സിംഗപ്പൂർ ഉത്തര കൊറിയയുടെ ബിൽ കൊടുക്കട്ടെ എന്നാണു യുഎസ് അധികൃതർ നിർദേശിക്കുന്നത്. ശീതകാല ഒളിംപിക്സിൽ പങ്കെടുത്ത ഉത്തര കൊറിയയുടെ ചിയറിങ് സ്ക്വാഡിനും സംഘാംഗങ്ങൾക്കും ദക്ഷിണ കൊറിയ 2.6 ദശലക്ഷം ഡോളർ നീക്കിവച്ചിരുന്നു.
രാജ്യാന്തര ഉപരോധങ്ങളെ തുടർന്ന് ഉത്തര കൊറിയയുടെ സാമ്പത്തിക നില തവിടുപൊടിയായെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉത്തര കൊറിയയ്ക്ക് ആണവായുധങ്ങളും ഭൂഖണ്ഡാന്തര മിസൈലുകളും ഉണ്ടാകാം. പക്ഷേ, വിദേശയാത്രാച്ചെലവുകൾ താങ്ങാനുള്ള ശേഷിയില്ലെന്നു കൊറിയൻ വിഷയങ്ങളിൽ വിദഗ്ധനായ സങ് യൂൺ ലീ പറഞ്ഞു. എന്തായാലും ഇക്കാര്യത്തിൽ കിം ജോങ് ഉൻ എന്തു പറയുമെന്ന ആകാംക്ഷയിലാണ് യുഎസും ലോകവും.