അഗ്നി 5 പരീക്ഷണം വീണ്ടും വിജയം; ചൈന പൂർണമായും പ്രഹരപരിധിയിൽ

അഗ്നി 5 (ഫയൽചിത്രം)

ന്യൂ‍ഡൽഹി ∙ ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈൽ അഗ്നി–5ന്റെ പരീക്ഷണം വീണ്ടും വിജയിച്ചു. ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിൽ വച്ചാണ് അഗ്നി–5 പരീക്ഷിച്ചത്. 5000 കിലോമീറ്റർ പരിധിയുള്ള, ആണവായുധങ്ങളെ വഹിക്കാൻ ശേഷിയുള്ള മിസൈലിന്റെ പരീക്ഷണം വൻ വിജയമായിരുന്നുവെന്ന് പ്രതിരോധ വിദഗ്ധർ അറിയിച്ചു. രാവിലെ 9.48 നായിരുന്നു പരീക്ഷണം. ഇന്നത്തേത് അഗ്നി- 5 ന്റെ ആറാം പരീക്ഷണമായിരുന്നു. 

ആദ്യപരീക്ഷണം 2012 ഏപ്രിൽ 19നും രണ്ടാം പരീക്ഷണം 2013 സെപ്റ്റംബർ 15നും മൂന്നാമത്തേത് 2015 ജനുവരി 31നും നാലാം പരീക്ഷണം 2016 ഡിസംബർ 26 നും അഞ്ചാം പരീക്ഷണം 2018 ജനുവരി 18 നുമായിരുന്നു. 2015 ജനുവരിയിൽ നടത്തിയ പരീക്ഷണത്തില്‍ ചെറിയ ന്യൂനതകൾ കണ്ടെത്തിയിരുന്നു. ഇവ പരിഹരിച്ചതിനു ശേഷമാണ് പിന്നീടുള്ള പരീക്ഷണങ്ങൾ നടത്തിയത്.

അയ്യായിരത്തിലധികം കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാനാവുന്ന മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോർമുന വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റർ നീളവും 50 ടണ്ണിലേറെ ഭാരമുള്ളതാണു മിസൈൽ. ചൈനയെ ആദ്യമായി പ്രഹരപരിധിയിൽ കൊണ്ടുവന്നത് അഗ്നി മിസൈലാണ്. അഗ്നിയുടെ പരിധിയിൽ ഏഷ്യൻ ഭൂഖണ്ഡം പൂർണമായും വരും. യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്‌ലൻഡ്, മലേഷ്യ, പാക്കിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ, ഇറാൻ, ഇറാഖ്, ഈജിപ്‌ത്, സിറിയ, സുഡാൻ, ലിബിയ, റഷ്യ, ജർമനി, യുക്രെയ്‌ൻ, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളെ പ്രഹരപരിധിയിലാക്കുമ്പോൾ യുഎസ്, ചൈന, ഫ്രാൻസ്, റഷ്യ എന്നീ വൻശക്‌തികൾക്കൊപ്പം ഇടം നേടാനും ഇന്ത്യയ്‌ക്കു വഴിയൊരുക്കുകയാണ് അഗ്നി-5.