പരിസ്ഥിതി ദിനം – പ്രതീക്ഷയുടെ മണ്ണിലേക്കു കോടിക്കണക്കിന് മരത്തൈകൾ വേരാഴ്ത്താൻ വെമ്പുന്ന സുദിനം. ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടിയെന്നു കുട്ടികളെല്ലാം ഏറ്റുപാടും. ഈ ദിനത്തിൽ നട്ട തൈകളുടെ എണ്ണത്തിൽ നമ്മൾ വീണ്ടും വീണ്ടും റെക്കോർഡ് പുതുക്കും. എന്നിട്ടോ, അടുത്ത വർഷത്തിനായി കാത്തിരിക്കും, വീണ്ടും നടാൻ! തൈ നടൽ വെറുമൊരു ആഘോഷമാകുകയും പരിലാളനകൾ ഏൽക്കാതെ തൈക്കൂട്ടത്തിൽ പലതും വേരാഴ്ത്താതെ വാടുകയും ചെയ്യുന്ന പുതിയ കാലത്തിന്റെ ഈ ദിനപരിസരത്തിൽ ‘വികസനത്തിന്റെ മുറിവേറ്റി’ട്ടും വ്യത്യസ്തമായ പുനരവതാരത്തിന്റെ അനുഭവം പങ്കിടുകയാണു മലപ്പുറത്തെ ഒരു ആൽമരം.
മനുഷ്യർക്കും പക്ഷിമൃഗാദികൾക്കും തണലേകിയും വിശപ്പാറ്റിയും നിൽക്കുമ്പോഴും ഭയമുണ്ടായിരുന്നു മാറഞ്ചേരിയിലെ ആ വടവൃക്ഷത്തിന്, തന്റെ ശിഖരത്തിന്റെ അൽപംപോലും വലുപ്പമില്ലാത്ത ഒരു കോടാലിയെ. മുറിവേൽക്കുന്നതും മരണപ്പെടുന്നതും സാധാരണമാകുന്ന കാലത്ത്, മുറിവിൽ മരുന്നുപുരട്ടി കുറേ ചെറുപ്പക്കാർ പുനർജന്മത്തിലേക്ക് ആനയിച്ചതിന്റെ ആനന്ദത്തിലാണ് ഇന്നീ വൃക്ഷം. മരങ്ങളെച്ചുറ്റി സമരങ്ങൾ കൊടിയേറുമ്പോൾ കേരളത്തിന്റെ വികസനത്തിനൊരു ബദൽ മാതൃകയാണു മലപ്പുറത്തെ മാറഞ്ചേരി എന്ന ഗ്രാമവും അവിടുത്തെ കുറച്ചു ചെറുപ്പക്കാരും. പച്ചപ്പിന്റെ മൃതസഞ്ജീവനി കഴിച്ച് അമരത്വം നേടിയ ജീവിതം പറയുകയാണീ ബോധി വൃക്ഷം.
മാറഞ്ചേരിയുടെ നെഞ്ചിലെ പച്ച
ബിയ്യം കായലും കനോലി കനാലും നരണിപ്പുഴയും നനവേകുന്ന മണ്ണ്. അർധദ്വീപിനെപ്പോലെ പച്ചപ്പിന്റെ സമൃദ്ധിയുള്ള നാട്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ കാർഷിക ഗ്രാമമായ മാറഞ്ചേരിയെ ഇങ്ങനെ വിശേഷിപ്പിക്കാം. തണ്ണീർപന്തലും മാറഞ്ചേരി ചന്തയും പണ്ടേ പ്രശസ്തം. എങ്ങനെയാണ്, എപ്പോഴാണു ഞാൻ ജനിച്ചത്? മഴയത്തും വെയിലത്തും ഇളകാതെ, വാടാതെ വളർന്നു മുറ്റിയപ്പോഴാണ് പലരും ശ്രദ്ധിച്ചത്. പത്തു നാൽപ്പതു വയസ്സു പ്രായമുണ്ടെന്നൊക്കെ സൊറ പറയുന്ന നാട്ടുകാരിൽനിന്നാണ് അറിഞ്ഞത്. അനാദിയായ വൃക്ഷപരമ്പരകളുടെ ഒരു കണ്ണിയല്ലേ ഞാനെന്ന ആൽമരം..?
ഉന്തുവണ്ടിയിൽ ചായക്കച്ചവടം നടത്തിയിരുന്ന നാണുവേട്ടനാണ് എന്നെ മണ്ണിലേക്കു കൈപിടിച്ചതത്രെ. ടയറുകൾ ഉപയോഗിച്ചു തടമൊരുക്കി. ചായഗ്ലാസ്സ് കഴുകിയ വെള്ളവും ചായപ്പിണ്ടിയും ആവോളം തന്നു. പിന്നെപ്പിന്നെ രക്ഷിതാക്കളാണെന്നു പറഞ്ഞു വേറെയും ചിലർ. അതൊന്നും എന്നെ അലോസരപ്പെടുത്തിയില്ല. മാറഞ്ചേരി അങ്ങാടിയിൽ അങ്ങു പടർന്നുപന്തലിച്ചു. നാട്ടുകാർക്കും കച്ചവടക്കാർക്കും തണലൊരുക്കി. എന്റെ മടിത്തട്ടിലിരുന്ന് ഒരുപാടു പേർ സുലൈമാനി കുടിച്ച് കുശലം പറഞ്ഞു, സ്വപ്നം നെയ്തു. ഓർമകളത്രയും അവരെന്റെ ആലിലകളിൽ കോറിയിട്ടു. കിളികളും പ്രാണികളും വിരുന്നുവന്നതോടെ മനസ്സ് തുളുമ്പിനിറഞ്ഞു.
സമീപങ്ങളിലേക്കു നന്നായി വളരുന്ന അനശ്വരമരത്തിന് അശ്വത്ഥം, ബോധിദ്രുമം, പിപ്പലം എന്നിങ്ങനെ പേരുകൾ വീണു. ശ്രീബുദ്ധനു ജ്ഞാനോദയമുണ്ടായ പുണ്യവൃക്ഷമായും അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്ന വൃക്ഷരാജനായും കണ്ട് ആരാധിച്ചു. കടൽ കടന്നപ്പോഴും നാട്ടുകാർ എന്നിലെ കുളിരോർത്തു. പാതയോരത്ത്, മാറഞ്ചേരിയുടെ മാറിലാണു വേരൂന്നിയതെന്നത് ഏറെ സന്തോഷിപ്പിച്ചു. ഓടു മേഞ്ഞ മേൽപ്പുരകൾ കോൺക്രീറ്റിലേക്കു വഴിമാറിയപ്പോഴാണ് ജീവിതത്തിൽ ആദ്യമായി ഞെട്ടിയത്.
കൂട്ടുമരങ്ങളായ ഞാവലും നെല്ലിയും അകാലമരണം നേരിട്ടു. വികസനം നാട്ടുവഴികളുടെ വീതികൂട്ടിയപ്പോൾ പലരുടെയും കണ്ണിൽ ഞാൻ ‘വഴിമുടക്കി’യായി. എന്നിട്ടും നെഞ്ചിൽ പച്ചപ്പുള്ള ചിലർ, കാനയുടെ വീതി കുറച്ചുപോലും എന്നെ മുറിവേൽപ്പിക്കുന്നത് ഒഴിവാക്കി. പ്രവാസി മലയാളി റഫീസ് മാറഞ്ചേരിയുടെ ‘നെല്ലിക്ക’ നോവലിൽ ഒരു കഥാപാത്രം കൂടിയായതോടെ കുറച്ചധികം ഗമയിലുമായിരുന്നു. പക്ഷേ...
ആർത്തലച്ച് കരഞ്ഞപ്പോൾ
പൊന്നാനിയിലെ കുണ്ടുകടവ് മുതൽ തൃശൂർ ജില്ലാ അതിർത്തിയിലെ വന്നേരി വരെയുള്ള റോഡിന്റെ വീതികൂട്ടലും റബ്ബറൈസിങ്ങും നടക്കുന്നെന്ന വാർത്ത സന്തോഷത്തോടെയാണു നാട്ടുകാർ പങ്കുവച്ചത്. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽനിന്നായിരുന്നു പണം. വികസനവിരോധമില്ലെങ്കിലും റോഡിനിരുവശത്തെയും അനേകം മരങ്ങൾ വെട്ടിമാറ്റുമെന്നു കേട്ടപ്പോൾ ചങ്കുലഞ്ഞു. പേടിച്ച പോലെ സംഭവിച്ചു. പൊതുമരാമത്ത് വകുപ്പിൽനിന്നു കരാറെടുത്തയാൾ ഒരുനാൾ തൊഴിലാളികളെയും കൊണ്ടുവന്നു. അലിവില്ലാതെ ശിഖരങ്ങളിൽ കോടാലി അമർന്നപ്പോൾ, സിരകളിൽ ചോര പൊടിഞ്ഞു. ആ വേദനയിൽ നാടിന്റെ അടിവേരിളക്കി ഞാൻ പുളഞ്ഞു. നിശബ്ദമായ ആർത്തനാദം!
ഹൃദയത്തിൽ ഒറ്റമരക്കാടുള്ള ചിലരിലെങ്കിലും ആ നിശബ്ദനാദത്തിന്റെ മാറ്റൊലിയെത്തി. പ്രാദേശിക വാർത്താകൂട്ടായ്മ മാറഞ്ചേരി ന്യൂസിൽ ഒരു ചെറുകുറിപ്പു വന്നു. ‘കൊല്ലാതിരുന്നൂടെ ഈ ജീവനെയെങ്കിലും?’, കൈകാലുകൾ നഷ്ടപ്പെട്ട എന്നെക്കുറിച്ചൊരു ഫെയ്സ്ബുക് വിഡിയോ. നമുക്കു മാത്രമല്ല, മക്കൾക്കു വേണ്ടി, തണലുള്ള നാളേയ്ക്കു വേണ്ടിയൊരു അഭ്യർഥനയാണിത് എന്നുകൂടിയുണ്ടായിരുന്നു അതിൽ. വികസനം അനിവാര്യമാണ്, എങ്കിലും സൗകര്യങ്ങൾ പുരോഗമിച്ച ഇക്കാലത്തു പതിറ്റാണ്ടുകളെടുത്തു പന്തലിച്ച പടുകൂറ്റൻ മരത്തെ ഒറ്റവെട്ടിനു തീർക്കണോ..? പുതിയൊരാശയം കേട്ടതിന്റെ കോരിത്തരിപ്പ്.
മുറിക്കാൻ എളുപ്പമാണ്, വളർത്തിവലുതാക്കാനാണു പ്രയാസം എന്നു ചിലരെങ്കിലും തിരിച്ചറിയുന്നുവല്ലോ. ശേഷിച്ച ഇലക്കൂമ്പുകൾ ഇളകിയാടി. നെറ്റിചുളിച്ചെങ്കിലും പ്രവാസികൾ ഉൾപ്പെടെയുള്ളവർ ചോദ്യമേറ്റെടുത്തു. ട്രീ ട്രാൻസ്പ്ലാന്റേഷൻ അഥവാ ‘മരം മാറ്റി നടൽ’ എന്നതായിരുന്നു ഐ4ഇന്ത്യ ഗ്രീൻ ആർമിയിലെ ജമാൽ പനമ്പാടും ഷെരീഫ് മാറഞ്ചേരിയും എഫ്ബി ലൈവിലൂടെ മുന്നോട്ടുവച്ചത്. ക്രെയിനുകൾ, ജെസിബി, ലോറി, പത്തടി മണ്ണ് എന്നിവ വേണം. മരത്തിന്റെ മുറിവുണക്കാൻ മരുന്നു കെട്ടണം. ഇതിനെല്ലാം പണം വേണം, സഹായിക്കണം എന്നായിരുന്നു അഭ്യർഥന. വഹിയ ടീച്ചറും പിന്നാലെ ഇതേപ്പറ്റിയൊരു കുറിപ്പിട്ടു.
പള്ളപ്രം പുതുപൊന്നാനിയിൽ കടപുഴകിയ പേരാലിനു പുനർജനിയേകിയ അനുഭവവുമായി അനീഷ് നെല്ലിക്കൽ പ്രത്യക്ഷപ്പെട്ടു. ഓഫിസിനോടു തൊട്ടടുത്തുള്ള മരത്തിന്റെ കദനവിഡിയോ കണ്ട പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിന്ധുവും സെക്രട്ടറി ജയരാജും ഇനി എന്തു ചെയ്യാനാകുമെന്ന് അന്വേഷിച്ചു. മെഡിക്കൽ ഓഫിസർ ഡോ. റിയാസും വാർഡ് അംഗം പി.ശ്രീജിത്തും വന്നുചേർന്നു. മരം മാറ്റി നടൽ സാധ്യമാണെങ്കിൽ അതിനാവശ്യമായ സ്ഥലം നോക്കാമെന്ന പഞ്ചായത്തിന്റെ വാക്കു കൂടി കേട്ടതോടെ ജീവിതം ബാക്കിയുണ്ടെന്ന അശരീരി മുഴങ്ങി.
ഭഗീരഥപ്രയത്നം, ഈ വീടുമാറ്റം
പഞ്ചായത്തിന്റെ പലയിടത്തും എന്റെ രണ്ടാംവീടിനു സ്ഥലം നേടി അവർ അലഞ്ഞു. അപ്പോഴാണു പുതിയ പ്രശ്നങ്ങൾ പൊന്തിയത്. 20 ടൺ ഭാരമുള്ള എന്നെ നീക്കാൻ 40 അടി നീളമുള്ള ട്രെയിലർ, വലിയ രണ്ട് ക്രെയിനുകൾ, ജെസിബി... എന്നിവ വേണം. ഇത്ര വലിയ ട്രെയിലറിനു പോകാനുള്ള വീതി ഈ നാട്ടുവഴികളിലില്ലോയെന്ന ആശങ്ക ഉടലെടുത്തു. ഇതിനിടെ വാട്സാപ്പും ഫെയ്സ്ബുക്കും വഴി മാറഞ്ചേരിയിലും പുറത്തുമുള്ള കൂട്ടായ്മകളിലേക്കും രാഷ്ട്രീയ നേതാക്കളിലേക്കും സന്ദേശം വ്യാപകമായെത്തി. സ്പീക്കറും പൊന്നാനി എംഎൽഎയുമായ പി.ശ്രീരാമകൃഷ്ണന്റെ സെക്രട്ടറി ജമാലുദീൻ മാറഞ്ചേരിയും വിവരമറിഞ്ഞു.
പൊന്നാനിയിൽ പൂർത്തിയാകുന്ന നിള പൈതൃക മ്യൂസിയത്തിലേക്കു മരത്തെ മാറ്റിനട്ടു കൂടെ? സ്ഥലം അനുവദിപ്പിക്കാം. ചെലവ് നമുക്കെങ്ങനെയെങ്കിലും കണ്ടുപിടിക്കാം എന്ന് ജമാലുദീൻ പറഞ്ഞപ്പോൾ നേരിയ ആശ്വാസം. ‘മിഷൻ ബോധി’ എന്ന പുതുസ്വപ്നത്തിനു അവിടെ തിടം വച്ചു. മിന്നൽവേഗത്തിലായിരുന്നു പിന്നെ നടപടികൾ. പിഡബ്ല്യുഡിയുടെ റോഡുപണി തൽക്കാലം നിർത്തിവച്ചു. ലേലത്തിൽ ഇതിനകം വിറ്റ മരം സൗജന്യമായി എടുത്തുകൊള്ളൂവെന്നു പറഞ്ഞു റോഡുപണി കരാറുകാരനും ഒപ്പംകൂടി. മരം കൊണ്ടുപോവണമെങ്കിൽ റോഡുൾപ്പെടെ കുഴിക്കണം. സമീപത്തു നിറയെ കടകളുണ്ട്. അതിനു കുഴപ്പമുണ്ടാകരുത്. തടസ്സമൊന്നും പറയാതെ പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും അനുമതി നൽകി.
വൈദ്യുതി ലൈനുകളും കേബിളുകളും പരിസരത്തുള്ളതിനാൽ കെഎസ്ഇബി, ബിഎസ്എൻഎൽ, സ്വകാര്യ കേബിളുകാർ തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കി. ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ മുറിച്ചുമാറ്റാമെന്നു തീരുമാനിച്ചു. പണിക്കൂലി, വാടക എന്നിങ്ങനെയുള്ള ചെലവുകൾക്കു മാത്രം ഏകദേശം വേണ്ടത് 40,000 രൂപ. പ്രകൃതി സ്നേഹികളായ അൻപതോളം ചെറുപ്പക്കാരുടെ സന്നദ്ധസേവനം വേറെ. രാവിലെ എറണാകുളത്തുനിന്നു ട്രെയിലർ എത്തുമ്പോൾ ഇവരുടെ കയ്യിലുണ്ടായിരുന്നതു വെറും ആറായിരം രൂപ. മരം അറിയാതെ വേണം മുറിക്കാൻ. വേരുകൾ പൊട്ടരുത്. തടിക്കു കേടുപാടുകളുണ്ടാകരുത്. അടിയിലെ മണ്ണു ശേഖരിച്ചു മാറ്റി നടുന്നിടത്തു എത്തിക്കണം...
ഗതാഗതം തടസ്സപ്പെട്ടതൊന്നും നാട്ടുകാർക്കു പ്രയാസമുണ്ടായില്ല. വെളുപ്പിന് ആറിനു തുടങ്ങിയ പ്രവർത്തികൾ പിറ്റേന്നു പുലർച്ചെ മൂന്നിനാണു തീർന്നത്. നാട്ടിലെ യുവാക്കളുടെ സേവനം കണ്ടപ്പോൾ എന്റെ തണലൊന്നും പാഴായില്ലല്ലോ എന്നോർത്തു കണ്ണുനിറഞ്ഞു. ഒരു പൈസയുടെ ലാഭമില്ലാതെ, ഒരു മിഠായി പോലും കൈപ്പറ്റാതെ മണിക്കൂറുകൾ നീണ്ടു അവരുടെ അധ്വാനം. രാവും പകലും നീണ്ട യത്നത്തിനൊടുവിൽ അമ്മ കുഞ്ഞിനെയെന്ന പോലെ എന്നെയവർ വണ്ടിയിലേക്ക് എടുത്തുവച്ചു.
15 കിലോമീറ്റർ ദൂരെയുള്ള പൊന്നാനിയിലെത്തുമ്പോൾ പുലർച്ചെ നാലു മണി കഴിഞ്ഞിരുന്നു. ഇതിനിടയിൽ ആരൊക്കെയോ എന്റെ മുറിവുകളിൽ ലേപനം പുരട്ടി. ക്ഷീണം മാറ്റാനുള്ള മരുന്നുകൾ കുത്തിവച്ചു, വെള്ളം തന്നു. പിറന്നുവളർന്ന മണ്ണിനെ വേർപിരിയുമ്പോൾ ഉള്ളം തേങ്ങി. എവിടെയായാലും ഭൂമിക്കടിയിലൂടെ വേരുകളെത്തിച്ചു ഇവിടെ കെട്ടിപ്പിടിക്കാം എന്നു സ്വയമാശ്വസിച്ചു.
നിളയോരത്ത് പുതുജന്മം
ഒരു ദിവസം കൊണ്ടു നടക്കുമെന്നു വിചാരിച്ചിരുന്ന കാര്യം, സാങ്കേതിക തടസ്സങ്ങളാൽ മൂന്നു ദിവസത്തേക്കു നീണ്ടു. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണു മരുന്നു ശുശൂഷകൾക്കു ശേഷം നടാൻ പാകമായത്. വലിയ കുഴിയെടുത്ത്, ചാക്കിൽ ശേഖരിച്ച മണ്ണിട്ട്, ക്രെയിനും ജെസിബിയും ഉപയോഗിച്ച് എന്നെ നിളയോരത്തു പ്രതിഷ്ഠിച്ചു. 40,000 എന്നു കരുതിയിരുന്ന ചെലവ് 88,000 രൂപയിലേക്കു കുതിച്ചു. 36 മണിക്കൂറോളം നീണ്ട ‘മിഷൻ ബോധി’ക്കു താൽക്കാലിക വിരാമം.
ബക്കറ്റു പിരിവിലൂടെയും നാട്ടുകാരും പ്രവാസികളും കേരളത്തിലെ പ്രകൃതി സ്നേഹികളുമാണു പണം നൽകി സഹായിച്ചത്. 13,000 രൂപ ഇപ്പോഴും കുട്ടികൾക്കു കടമാണ്. പണിക്കാരുടെ കൂലിയും മരുന്നും ഉൾപ്പെടെ രണ്ടായിരത്തോളം രൂപ ഇനിയുള്ള ദിവസങ്ങളിലും വേണം. എട്ടുമാസത്തോളം കൈക്കുഞ്ഞിനെ പോലെ കരുതിയാലേ മുറിവുണങ്ങി കരുത്താർജിക്കൂ. ദിവസങ്ങൾ പിന്നിടുന്തോറും എന്നിൽ പുതുനാമ്പുകൾ മുളപൊട്ടുന്നു. ശാഖകൾ വലുതാകുമ്പോൾ ചുറ്റിലും തറ കെട്ടണം. ബോധി മിഷന്റെ കൂട്ടുകാരോട് ഒന്നേ ഓർമിപ്പിക്കാനുള്ളൂ, നോട്ടിനേക്കാൾ മൂല്യമുണ്ട് ഒരു ആലിലയ്ക്ക്. എന്നാൽ, നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ ഞാൻ ഈ ശിരസ്സൊന്നു കുനിച്ചോട്ടെ.
ആൽമരം ചെയ്യുന്നതിനു പകരമാകാൻ ഈ ഭൂമിയിലെന്തുണ്ട്? അൽപ്പം കാത്തിരിക്കൂ, ആകാശത്തോളം വലുതും കടലോളം താഴ്ന്നതുമായ സമൃദ്ധി ഞാൻ സമ്മാനിക്കാം. വയലാറിന്റെ കവിത കടമെടുക്കട്ടെ;
‘‘പച്ചിലകളാൽ എന്റെ
നഗ്നത മറച്ചു ഞാൻ
സ്വച്ഛശീതളമായ മണ്ണിൽ
ഞാൻ വേരോടിച്ചു
അസ്ഥികൾ പൂത്തു
മണ്ണിന്നടിയിൽ ഇണചേർന്ന്
നഗ്നരാം എൻ വേരുകൾ
പ്രസവിച്ചെഴുന്നേറ്റു...
മുലപ്പാൽ നൽകി
നീലപ്പൂന്തണൽ പുരകെട്ടി
വളർത്തി ഞാൻ കുഞ്ഞുങ്ങളെ
വംശം ഞാൻ നിലനിർത്തി...’’
എന്താണ് മിഷൻ ബോധി?
വികസനത്തിന് എതിരു നിൽക്കാനൊന്നും ഞങ്ങളില്ലെന്നു പറയുന്ന പുതുതലമുറയുടെ പ്രതീകം. സർക്കാർ കൊണ്ടുവരുന്ന റോഡുവികസനം ആവശ്യമാണെന്ന പക്ഷക്കാർ. ഇതിന്റെ പേരിൽ മുറിച്ചുമാറ്റപ്പെടുന്ന മരങ്ങൾക്കായി സിന്ദാബാദ് വിളിച്ചുള്ള സമരമുറയെ ഒന്നു പരിഷ്കരിച്ചുള്ള പുതുശ്രമം. വെട്ടിനശിപ്പിക്കലല്ല, പുനരധിവാസമാണു ശരിയായ പോംവഴി എന്ന നവഹരിത സാക്ഷരത. പ്രൂണിങ്, റീജന്യുവേഷൻ (പുനർജനി), ട്രീ ട്രാൻസ്പ്ലാന്റേഷൻ (മാറ്റി നടൽ) എന്നീ ശാസ്ത്ര സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി വികസനത്തിനു ബദൽ മാതൃകയൊരുക്കൽ.
മാറഞ്ചേരിയിലെ മരം മാറ്റിനടൽ തുടക്കമാണ്, നല്ല ഉദാഹരണമാണ്. സർക്കാരോ സന്നദ്ധ സംഘടനകളോ ഏറ്റെടുത്താൽ ലക്ഷക്കണക്കിനു രൂപയുടെ ചെലവ് ഒഴിവാക്കി നടപ്പാക്കാവുന്ന പുതുപദ്ധതി. തണ്ണീർപന്തലിലെ ആൽമരം പൊന്നാനി ഭാരതപ്പുഴയോരത്ത് നാമ്പുകളെടുത്തു തുടങ്ങി. ഓരോ ദിവസവും വാൽസല്യത്തോടെ മാറഞ്ചേരിയിലെ പ്രകൃതി സ്നേഹികൾ പൊന്നാനിക്കു വണ്ടിപിടിക്കും, ആൽത്തളിരുകളെ താലോലിക്കാൻ. മഴപ്പെയ്ത്തു തുടങ്ങിയതോടെ വളർച്ചയ്ക്കു വേഗം കൂടി. കാലമേറെ ചെല്ലുമ്പോൾ, ഈ മരമുത്തശ്ശിയുടെ ‘വീടുമാറ്റം’ കടങ്കഥയാകാതിരിക്കട്ടെ എന്നാവട്ടെ ഈ പരിസ്ഥിതിദിനത്തിലെ പ്രാർഥന.