‘ആരാണു പറഞ്ഞത് രജനീകാന്ത് ബിജെപിയിൽ ചേരാൻ പോകുകയാണെന്ന്? അവർക്കുള്ള ഏറ്റവും മികച്ച മറുപടിയാണ് ‘കാലാ’. രജനീകാന്തിനു മാത്രമേ ഒരു സിനിമയിലൂടെ ബിജെപിക്ക് ഇങ്ങനെയൊരു സന്ദേശം നൽകാനാകുകയുള്ളൂ... അതും സിനിമയുടെ ഓരോ ഫ്രെയിമിലൂടെയും...’ ട്വിറ്ററിൽ ട്രെൻഡിങ്ങാകുന്ന ‘കാലാ റിവ്യൂ’ ഹാഷ്ടാഗിൽ വന്ന ട്വീറ്റുകളിലൊന്നാണിത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു ശേഷമുള്ള രജനിയുടെ ആദ്യ ചിത്രം നൽകുന്ന സന്ദേശം എന്തായിരിക്കുമെന്നത് ആരാധകരും രാഷ്ട്രീയ നേതാക്കളും ഏറെ നാളായി കാത്തിരുന്ന കാര്യമാണ്. അവർക്കുള്ള കൃത്യമായ മറുപടികളാണ് ‘കാലാ’യിൽ ഉള്ളതെന്നും സിനിമയുടെ ആദ്യ റിപ്പോർട്ടുകൾ പറയുന്നു.
പാവപ്പെട്ടവരെ അടിച്ചമർത്തുന്ന സർക്കാരിനും രാഷ്ട്രീയക്കാർക്കും നേരെയുള്ള വെല്ലുവിളിയായാണു ചിത്രം പാ രഞ്ജിത് അണിയിച്ചൊരുക്കിയിരിക്കുന്നത്. ജെല്ലിക്കെട്ടു മാത്രമല്ല തമിഴ്നാട്ടിലെ പല സമരങ്ങളുടെയും അംശം വിടാതെ ചേർത്തിട്ടുണ്ട് ചിത്രത്തിൽ. തൂത്തുക്കുടിക്കു സമാനമായ സമരത്തിൽ പോലും തന്റെ നിലപാടെന്താണെന്നു രജനീകാന്ത് ‘കാലാ’യിലൂടെ വ്യക്തമാക്കുന്നതായും ആരാധകർ പറയുന്നു.
സ്റ്റെർലൈറ്റ് കമ്പനിക്കെതിരെ നടത്തിയ സമരത്തിൽ ജനം സംയമനം പാലിക്കേണ്ടതായിരുന്നു എന്ന തരത്തിൽ പരാമർശം അടുത്തിടെ രജനീകാന്ത് നടത്തിയിരുന്നു. തൂത്തുക്കുടി സന്ദർശനവേളയിലായിരുന്നു അത്. ‘പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണു തൂത്തുക്കുടിയിലെ സംഘർഷങ്ങൾക്കു കാരണം. ഇത്തരക്കാരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തണം. പൊലീസിനെ അങ്ങോട്ട് ആക്രമിച്ചതോടെയാണു പ്രശ്നം തുടങ്ങിയത്. എല്ലാറ്റിനും സമരവുമായിറങ്ങിയാൽ തമിഴ്നാട് ശവപ്പറമ്പായി മാറും. സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം ഇല്ലാതാകും’– രജനീകാന്തിന്റെ ഈ വാക്കുകളാണ് വിവാദമായത്.
സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ വിമർശനങ്ങളും അതിന്റെ പേരിൽ ഏറ്റുവാങ്ങേണ്ടി വന്നു. ‘കാലാ’യുടെ പ്രചാരണത്തിനു വേണ്ടിയായിരുന്നു രജനിയുടെ തൂത്തുക്കുടി സന്ദർശനം എന്നു വരെ ആരോപണമുയർന്നു. എന്നാൽ അടിച്ചമർത്തപ്പെട്ടവർക്കൊപ്പമാണു താനെന്ന സന്ദേശമാണു ‘കാലാ’ നൽകുന്നതെന്ന് ആദ്യ തിയേറ്റർ റിവ്യൂകൾ വ്യക്തമാക്കുന്നു. അതിനാൽത്തന്നെ ആരാധകർക്ക് വേണ്ട ‘മാസ്’ വിഭവങ്ങൾ ചിത്രത്തിൽ കുറവാണ്. രജനിയുടെ രാഷ്ട്രീയ നിലപാടാകട്ടെ കൃത്യമായിത്തന്നെ സിനിമയിൽ പ്രതിഫലിക്കുന്നെന്നും നിരൂപകർ പറയുന്നു. അതു രജനിയുടേതല്ല, സംവിധായകൻ പാ രഞ്ജിത്തിന്റേതാണെന്നും മറുപക്ഷമുണ്ട്. എന്നാൽ സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ അതോ ഏതെങ്കിലും പാർട്ടിക്കൊപ്പം ചേരുമോ എന്ന നിലപാട് ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ‘കാലാ’ പോലൊരു ചിത്രത്തിലൂടെ തന്റെ രാഷ്ട്രീയം വ്യക്തമാക്കാനുള്ള എല്ലാ ശ്രമവും രജനി നടത്തുമെന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ തിയറ്ററുകളിലുള്ളതെന്നും നിരൂപകരുടെ വാക്കുകൾ. ‘കബാലി’ പാ രഞ്ജിത്തിന്റെ ചിത്രം മാത്രമായിരുന്നെങ്കിൽ ‘കാലാ’ തന്റെ കൂടി ചിത്രമാണെന്ന സ്റ്റൈല്‍ മന്നന്റെ വാക്കുകളിലും വ്യക്തം പുതിയ സിനിമയിലൂടെ രാഷ്ട്രീയത്തിലെ നിലപാടു പ്രഖ്യാപനം തന്നെയാണു ലക്ഷ്യമെന്ന്.
കറുപ്പും വെളുപ്പും തമ്മിലുള്ള പോരാട്ടമാണു ചിത്രം– കറുപ്പ് അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നിറമാണ്. വെളുപ്പ് വൃത്തികെട്ട രാഷ്ട്രീയത്തിന്റെയും. ഇതാണു പാ രഞ്ജിത്ത് ചിത്രത്തിലൂടെ പറയുന്നത്. കർണാടകയിലെ മറാത്ത കുടുംബത്തിൽ ജനിച്ചതിന്റെ പേരിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ രജനീകാന്തിനു ‘ഭ്രഷ്ട്’ കൽപിച്ച നേതാക്കളുമുണ്ട്. അവർക്കുള്ള മറുപടി കൂടിയാണ് ‘കാലാ’– മണ്ണിന്റെ മക്കൾക്കൊപ്പം, കറുത്ത മക്കൾക്കൊപ്പമാണ്, താനെന്നതു ചിത്രത്തിന്റെ ആദ്യ ട്രെയിലർ മുതൽതന്നെ രജനി ഉറക്കെ പ്രഖ്യാപിക്കുന്നുമുണ്ട്.
മുംബൈയിലെ ധാരാവിയാണു ചിത്രത്തിന്റെ പശ്ചാത്തലം. ഹിന്ദി മാത്രമല്ല രജനിയുടെ മറാത്തി ഡയലോഗുകൾക്കും തിയറ്ററിൽ വൻ കയ്യടിയാണ്. അതിനിടെ ചിത്രത്തിലെ വില്ലൻ നാനാ പടേക്കറുടെ കഥാപാത്രം ശിവസേന തലവനായിരുന്ന ബാൽ താക്കറെയെ ഓർമിപ്പിക്കുന്നുവെന്ന വിവാദം നേരത്തേ ഉയർന്നിരുന്നു. മണ്ണിന്റെ മക്കൾ വാദത്തിൽ മറാത്തികൾ ഒന്നിച്ചു നിൽക്കണമെന്ന് ആഹ്വാനം ചെയ്ത ശിവസേനയുടെ നിലപാടിനു സമാനമാണു ‘കാലാ’യിലെയും വില്ലൻ ഹരിനാഥ് ദേശായിയുടെ പല നീക്കങ്ങളും. എന്നാൽ ആത്യന്തികമായി സിനിമ ലക്ഷ്യം വയ്ക്കുന്നതാകട്ടെ തമിഴ്നാട് രാഷ്ട്രീയത്തെയും.
ദലിത് രാഷ്ട്രീയത്തെയും ചിത്രത്തിലൂടെ പാ രഞ്ജിത്ത് മുന്നോട്ടു വയ്ക്കുന്നുണ്ട്. അതിന് സംവിധായകൻ കൂട്ടുപിടിക്കുന്നതാകട്ടെ രജനിയുടെ മകനെയും. ചിത്രത്തിലെ രജനിയുടെ മകന്റെ പേരിൽത്തന്നെയുണ്ട് പോരാട്ടത്തിന്റെ നേർസൂചന– ലെനിൻ. അച്ഛന്റെ ആശയങ്ങൾക്കു നേർവിപരീതമാണു മകനെന്ന കൗതുകത്തിലും ഒളിഞ്ഞിരിപ്പുണ്ട് ഒരു രാഷ്ട്രീയം. വിപ്ലവമാണോ സമാധാനമാണോ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യത്തിനും ‘കാലാ’ ഉത്തരം തേടുന്നുണ്ട്, മറുപടി നൽകുന്നുമുണ്ട്. അംബേദ്കർ രാഷ്ട്രീയവും ബുദ്ധന്റെ തത്വചിന്തയുമെല്ലാം ചിത്രത്തിൽ കാണുമ്പോൾ വെള്ളിത്തിരയിൽ ആക്‌ഷൻ ഹീറോയായി നിൽക്കുകയും സാധാരണ ജീവിതത്തിൽ ‘അതിസാധാരണക്കാരനായി’ ജീവിക്കുകയും ചെയ്യുന്ന രജനീകാന്തിന്റെ കഥ തന്നെയല്ലേ ഇതു തന്നെയെന്നു തോന്നുക സ്വാഭാവികമെന്നും നിരൂപകർ പറയുന്നു.
പ്രതിഷേധത്തിൽ കർണാടക
‘കാലാ’യുടെ റിലീസുമായി ബന്ധപ്പെട്ട് കർണാടകയിൽ പ്രതിഷേധം തുടരുകയാണ്. കാവേരി നദിയിൽനിന്നു ജലം വിട്ടുകൊടുക്കണമെന്ന രജനിയുടെ ആവശ്യത്തിനെതിരെയാണു പ്രതിഷേധം ശക്തമായത്. ചിത്രം കർണാടകയിൽ റിലീസ് ചെയ്യാനാകില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സും നിലപാടെടുത്തു. എന്നാൽ റിലീസ് തടയരുതെന്ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. തിയറ്ററുകൾക്കു സംരക്ഷണം ഏർപ്പെടുത്തണമെന്നു കർണാടക ഹൈക്കോടതിയും ഉത്തവിട്ടു.
പല തിയറ്ററുകളും ചിത്രം റിലീസ് ചെയ്യാൻ തയാറായിട്ടില്ല. ഇതിനെത്തുടർന്ന് രജനീകാന്ത് ആരാധകരും കാവേരി സമരക്കാരും തമ്മൽ പലയിടത്തും ഏറ്റുമുട്ടി. രജനീകാന്തിന് ഏറെ ആരാധകരുള്ള സംസ്ഥാനം കൂടിയാണു കർണാടക. ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകള്‍ക്കു മുന്നിൽ കാവേരി സമരക്കാർ പ്രതിഷേധവുമായെത്തി. ബെംഗളൂരുവിലും മൈസുരുവിലും പലയിടത്തും പ്രതിഷേധം കാരണം പ്രദർശനം നടന്നില്ല. എന്നാൽ താൻ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും സിനിമ റിലീസ് ചെയ്യാൻ അനുവദിക്കണമെന്നുമായിരുന്നു രജനീകാന്ത് കർണാടകയോട് അഭ്യർഥിച്ചത്. രാജ്യാന്തര തലത്തിലായിരുന്നു ഇന്നു ചിത്രത്തിന്റെ റിലീസ്.