വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനുവേണ്ടി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ യാചിച്ചുവെന്നു യുഎസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിഭാഷകനായ റൂഡി ഗില്യാനിയാണ് ടെല്‍ അവീവിൽ നടന്ന നിക്ഷേപക സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയതെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ഞങ്ങളുമായി ആണവ യുദ്ധത്തിലേക്കു പോകുകയാണെന്ന് അവർ പറഞ്ഞു. അതിൽ യുഎസിനെ തോൽപ്പിക്കുമെന്നും അവർ പറഞ്ഞു. എന്നാല്‍ ഇത്തരം സാഹചര്യത്തിൽ ഉത്തര കൊറിയയുമായി കൂടിക്കാഴ്ചയ്ക്കു സാധിക്കില്ലെന്ന് ഞങ്ങള്‍ അറിയിച്ചു. എന്നാൽ ''കൈകൂപ്പി മുട്ടു മടക്കി'' കിം അതിനുവേണ്ടി യാചിക്കുകയായിരുന്നു. ഈ സാഹചര്യത്തിലേക്കു കിമ്മിനെ എത്തിക്കണമെന്നാണു നിങ്ങളും ആഗ്രഹിച്ചത്– നിക്ഷേപകരോടായി അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ച നടത്താൻ വീണ്ടും തീരുമാനിച്ചപ്പോൾ തന്നെ യുഎസിനു മേൽക്കൈ ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ട്രംപ് – കിം കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി സിംഗപ്പൂർ വിദേശകാര്യമന്ത്രി വ്യാഴാഴ്ച ഉത്തര കൊറിയ സന്ദർശിക്കുന്നുണ്ട്. ജൂൺ 12ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ ആഡംബര ഹോട്ടലിലാണ് ഡോണള്‍ഡ് ട്രംപ്, കിം ജോങ് ഉൻ കൂടിക്കാഴ്ച നടക്കുക. നേരത്തെ ഉത്തര കൊറിയയുടെ ഭാഗത്തുനിന്നു സഹകരണം പേരെന്നു കാരണം പറഞ്ഞ് ട്രംപ് കൂടിക്കാഴ്ചയിൽനിന്നു പിന്നോട്ടുപോയിരുന്നു. ട്രംപിന്റെ പഴയ അഭിഭാഷകൻ മൈക്കൽ കോയെനു പകരമാണ് റൂഡി ഗില്യാനി ചുമതലയേറ്റെടുത്തത്. അശ്ലീല ചിത്രനടി സ്റ്റോമി ഡാനിയൽസിനു പണം കൊടുത്തതിന്റെ പേരിലുള്ള വിവാദത്തെ തുടർന്നാണ് കോയെനു പണി പോകുന്നത്.