പട്ടാമ്പി ∙ കംപാർട്ടുമെന്റുകളെ ബന്ധിപ്പിച്ചിരുന്ന കപ്ലിങ് ഓടുന്നതിനിടെ പൊട്ടിയതിനെ തുടർന്നു മംഗളൂരു– ചെന്നൈ മെയിൽ പട്ടാമ്പി സ്റ്റേഷിൽ ഒരു മണിക്കൂറോളം പിടിച്ചിട്ടു. രാത്രി ഏഴിനാണു സംഭവം. പട്ടാമ്പി സ്റ്റേഷനിൽ നിർത്തിയ ട്രെയിൻ സ്റ്റേഷനിൽ നിന്നെടുക്കുമ്പോൾ 11 കംപാർട്ടുമെന്റുകൾ കംപ്ലിങ് പൊട്ടിയതിനെ തുടർന്നു വിട്ടുപോകുകയായിരുന്നു.
എഞ്ചിൻ ഏഴ് കംപാർട്ടുമെന്റുകളുമായി രണ്ടു മീറ്റർ നിങ്ങിയപ്പോഴേക്കും ഡ്രൈവർക്കു സിഗ്നൽ ലഭിക്കുകയും വണ്ടി ഉടൻ നിർത്തുകയും ചെയ്തു. സ്റ്റേഷനിൽനിന്ന് എടുക്കുന്ന സമയമായതിനാൽ വേഗം കുറവായിരുന്നു. ഇതിനാൽ പെട്ടെന്നു നിർത്താനായത് അപകടം ഒഴിവാക്കി. പൊട്ടിയ കപ്ലിങ് സ്റ്റേഷനിലും വണ്ടിയിലും ഉണ്ടായിരുന്ന റയിൽവേ ഉദ്യേഗസ്ഥർ തന്നെ ശരിയാക്കി. ഷൊർണൂരിൽനിന്നെത്തിയ മെക്കാനിക്കൽ വിഭാഗം അപകട സാധ്യതയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണു ട്രെയിൻ യാത്ര തുടർന്നത്. 55 മിനിറ്റ് വണ്ടി സ്റ്റേഷനിൽ പിടിച്ചിട്ടതായി റെയിൽവേ അറിയിച്ചു.