ചൊവ്വയിൽ ജീവനു വീണ്ടും തെളിവ്; അതിലും ഇന്ത്യക്കാരന്റെ കൈ!

അശ്വിൻ ആർ. വാസവദ

വാഷിങ്ടൻ∙ ചൊവ്വയിൽ ജീവനും സൂക്ഷ്മജീവിതവും ഉണ്ടായിരുന്നുവെന്നതിനു കൂടുതൽ തെളിവ്. പഴയ തടാകമെന്നു തോന്നുന്നയിടത്തു നിന്ന് കാർബൻ മൂലകങ്ങളിൽ അധിഷ്ഠിതമായ ജീവന്റെ അടയാളങ്ങളാണ് നാസയുടെ ചൊവ്വ പര്യവേഷണവാഹനമായ ക്യൂരിയോസിറ്റി കണ്ടെത്തിയത്.

അതിനാൽ ഭാവിപഠനങ്ങൾ ചൊവ്വയിലെ ജീവന്റെ ചരിത്രമന്വേഷിച്ചുള്ളതാകുമെന്ന് ക്യൂരിയോസിറ്റി പ്രോജക്ടിലെ ശാസ്ത്രജ്ഞനും ഇന്ത്യൻ വംശജനുമായ അശ്വിൻ വാസവദ പറഞ്ഞു. നദീതടത്തിലെ പ്രാചീനമായ ചെളിക്കല്ലുകളിൽ നിന്ന് ജൈവികാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പറ്റുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

ജീവന്റെ അടിസ്ഥാനമായ ജൈവതന്മാത്രകൾക്കു പുലർന്നു പോകാനുള്ള ആഹാരവസ്തുക്കളോ ഊർജമോ പരിസരത്തു നിന്നു കിട്ടിയിട്ടുണ്ടാകാം. മീഥൈൻ വാതകം ചൊവ്വയുടെ അന്തരീക്ഷത്തിൽ ഇടയ്ക്കു കാണുന്നതും ജീവന്റെ ലക്ഷണമാണ്. ഭൂമിയിൽ ഈ വാതകം ഭൂഗർഭത്തിലെ സൂക്ഷ്മജീവികളിൽ നിന്നാണ് ഉണ്ടാകുന്നത്. 

ഇതാണ് അശ്വിൻ ആർ. വാസവദ

നാസയുടെ ചൊവ്വ സയൻസ് ലാബ് (എംഎസ്എൽ) പര്യവേഷണത്തിൽ നിർണായക പങ്കു വഹിക്കുന്ന ശാസ്ത്രജ്ഞനാണ് ഇന്ത്യൻ വംശജനായ അശ്വിൻ. എംഎസ്എല്ലിന്റെ ഡപ്യൂട്ടി പ്രോജ്ക്ട് സയന്റിസ്റ്റാണ്. ചൊവ്വയിലെ കാലാവസ്ഥാ ചരിത്രത്തെ കുറിച്ചാണ് അശ്വിന്റെ പരീക്ഷണം. 2013 ൽ നാസയുടെ എക്സെപ്ഷനൽ ആക്ച്വീവ്മെന്റ് മെഡൽ നേടി. വ്യാഴത്തിലേയ്ക്കുള്ള ഗലീലിയോ മിഷനിലും ശനിയിലേയ്ക്കുള്ള കാസീനി മിഷനിലും ഈ തമിഴ്നാട്ടുകാരൻ ഭാഗമാണ്.