അധികാരത്തിലേറിയ ആദ്യത്തെ ഏതാനും മാസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനോടു കാര്യമായ യാതൊരു ‘ദേഷ്യവും’ ഉണ്ടായിരുന്നില്ല. എന്നാൽ 2017 ജൂലൈയിൽ നടന്ന ഒരു മിസൈൽ പരീക്ഷണം എല്ലാം തകിടം മറിച്ചു. യുഎസിന്റെ അധീനതയിലുള്ള ദ്വീപിലേക്കു വരെ എത്താൻ ശേഷിയുള്ള ആ മിസൈലിന്റെ പരീക്ഷണത്തോടെ ട്രംപ് ഇടഞ്ഞു. പ്രതികരിച്ചതാകട്ടെ തികച്ചും രൂക്ഷമായ ഭാഷയിലും.
കിമ്മിനെ ‘ലിറ്റിൽ റോക്കറ്റ്മാൻ’ എന്നു വിളിച്ചായിരുന്നു അധിക്ഷേപം. അതോടെ അസഭ്യമെന്നു തന്നെ പറയാവുന്ന തരത്തിലുള്ള കിമ്മിന്റെ മറുപടിയെത്തി. തീക്കളിയാണു കിം നടത്തുന്നതെന്നായിരുന്നു ഇതിനു ട്രംപിന്റെ മറുപടി. അതിനു കിം തിരിച്ചടിച്ചതാകട്ടെ, വയസ്സായതിനാൽ ട്രംപിനു സ്ഥിരബുദ്ധി നഷ്ടപ്പെട്ടെന്നു പറഞ്ഞും. കിമ്മിനു മുഴുവട്ടാണെന്നു ട്രംപ് തിരിച്ചടിച്ചതോടെ ലോകത്തെയാകെ ഞെട്ടിച്ച ആ മറുപടിയെത്തി– ‘യുഎസ് ഒന്നോർത്താൽ നന്ന്. എന്റെ മേശയിൽ ഒരു ‘ന്യൂക്ലിയർ ബട്ടനു’ണ്ടെന്ന കാര്യം’.
കിമ്മിന്റെ ആ ഭീഷണിക്ക് അതിലും ശക്തമായ ട്രംപിന്റെ മറുപടി– ‘എന്റെ വിരൽത്തുമ്പിലുമുണ്ട് ആണവ ബട്ടൺ. അതുപക്ഷേ ഉത്തര കൊറിയയേക്കാൾ ഏറെ വലുതാണെന്നു മാത്രം...’ ഇങ്ങനെ പരസ്പരം പോരാടി മൂന്നാം ലോകമഹായുദ്ധത്തിലേക്കു വരെ ട്രംപ്–കിം വാക്പോരു നയിക്കുമെന്നു ഭയന്നിടത്തു നിന്നാണ് ഇപ്പോൾ ലോകമൊന്നാകെ സിംഗപ്പൂരിലെ ഒരു ചെറുദ്വീപിലേക്ക് ഉറ്റുനോക്കുന്നത്.
സെന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലിൽ ഇരുരാജ്യത്തലവന്മാരും കൂടിക്കാഴ്ച നടത്തുമ്പോൾ അതു ചരിത്രനിമിഷമാകുകയാണ്. ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റും ഉത്തര കൊറിയൻ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. ഒരു കാര്യത്തിൽ ട്രംപിന് ഏറെ അഭിമാനിക്കാം. കഴിഞ്ഞ നാല് യുഎസ് പ്രസിഡന്റുമാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്ത കാര്യമാണ് ട്രംപ് നേടിയെടുത്തിരിക്കുന്നത്. അതും ഉത്തരകൊറിയയ്ക്കു മുന്നിൽ ഒരു തരത്തിലും അടിയറവു പറയാതെ, അവരെ ഏറെ പ്രകോപിപ്പിച്ചു കൊണ്ടു തന്നെ...
യുദ്ധത്തിന്റെ നാളുകള്‍, ചതിയുടെയും...
1950ലാണ് കൊറിയൻ ഉപദ്വീപിലെ സമാധാനം തകർത്തു കൊണ്ട് ഇരുകൊറിയകളും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത്. അന്നു സോവിയറ്റ് യൂണിയനെയും ചൈനയെയും കൂട്ടുപിടിച്ച് ഉത്തര കൊറിയ ദക്ഷിണ കൊറിയയെ കടന്നാക്രമിക്കുകയായിരുന്നു. ദക്ഷിണ കൊറിയയ്ക്കൊപ്പം യുഎസ് പക്ഷം പിടിച്ചതോടെ വീണ്ടുമൊരു ലോകമഹായുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടി. 1953ൽ യുദ്ധം അവസാനിച്ചെങ്കിലും ലക്ഷക്കണക്കിനു പേരാണ് അതിനോടകം കൊല്ലപ്പെട്ടിരുന്നത്. ഇരുകൊറിയകളും എന്നന്നേക്കുമായി അകന്നു. വെടിനിർത്തൽ കരാർ ഉണ്ടായെങ്കിലും ഔദ്യോഗികമായി ഇന്നും ഇരുകൊറിയകളും ‘യുദ്ധ’ത്തിലാണ്. കൊറിയൻ യുദ്ധത്തിനു ശേഷമാണു മേഖലയിൽ യുഎസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ചൈനയുടെ കൂട്ടുപിടിച്ചുള്ള ഉത്തര കൊറിയയുടെ വളർച്ച വലിയ ഭീഷണിയായിത്തന്നെ യുഎസ് കണ്ടു.
അതിനിടെയാണ് 1990ൽ ഉത്തര കൊറിയയുടെ ആദ്യ മിസൈൽ പരീക്ഷണം. മധ്യദൂര മിസൈലായിരുന്നു അത്. പക്ഷേ ആപത്ത് മുന്‍കൂട്ടിക്കണ്ട യുഎസ് പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് വൈകാതെ തന്നെ ഉത്തര കൊറിയൻ ഭരണാധികാരി കിം ഇൽ–സുങ്ങിനോട് (കിം ജോങ് ഉന്നിന്റെ മുത്തച്ചൻ) ആണവ പരീക്ഷണങ്ങളിൽ നിന്നു പിന്മാറാൻ നിർദേശം നൽകി. എന്നാൽ മിസൈൽ പരീക്ഷണങ്ങൾ ഉത്തരകൊറിയ തുടര്‍ന്നു. ദക്ഷിണ കൊറിയയിൽ സൂക്ഷിച്ചിരുന്ന ആണവായുധങ്ങൾ മാറ്റാൻ യുഎസ് തയാറായതോടെ 1994ൽ അന്നത്തെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഇൽ ആണ് യുഎസുമായി ആണവപദ്ധതികൾ മരവിപ്പിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളിൽ (Agreed Framework) ഒപ്പിടുന്നത്. അന്ന് ബിൽ ക്ലിന്റനാണ് യുഎസ് തലപ്പത്ത്. അഞ്ചു വർഷം കഴിഞ്ഞപ്പോൾ ദീർഘ–ദൂര മിസൈൽ പരീക്ഷണം മരവിപ്പിക്കാനും ഉത്തര കൊറിയ സമ്മതമറിയിച്ചു.
എന്നാൽ ഇതെല്ലാം വെറും കൺകെട്ടുവിദ്യയായിരുന്നെന്ന് തിരിച്ചറിയാൻ വൈകി. വ്യവസ്ഥകളിൽ നിന്നു മാറി ഉത്തരകൊറിയ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നുണ്ടെന്നു വ്യക്തമായി. പ്ലൂട്ടോണിയത്തെ ആണവ പരീക്ഷണത്തിൽ ഉപയോഗിക്കാവുന്ന വിധം മാറ്റിയെടുക്കാനുള്ള സാങ്കേതികത തയാറാക്കാനുള്ള ഉത്തര കൊറിയൻ ശ്രമങ്ങളും പുറത്തുവന്നു. ജോർജ് ഡബ്ല്യു. ബുഷിന്റെ കാലത്തുണ്ടായ ഈ ‘ചതി’ പൊറുക്കാൻ പിന്നീട് ഇന്നേവരെ അമേരിക്ക തയാറായിട്ടില്ല. 2003ൽ ഉത്തര കൊറിയ ആണവനിർവ്യാപന കരാറിൽ നിന്നും പിന്മാറി. അടച്ചിട്ട കോട്ടയിലെന്ന പോലെയായിരുന്നു പിന്നീട് രാജ്യത്തിന്റെ നീക്കങ്ങൾ. 2006ൽ ലോകം ഭയന്നതു സംബന്ധിച്ചു. ഉത്തര കൊറിയ ആദ്യത്തെ ഭൂഗർഭ അണുപരീക്ഷണം നടത്തി. മൂന്നു വർഷം കൂടി കഴിഞ്ഞതോടെ രാജ്യത്തു നിന്ന് യുഎന്നിന്റെ നിരീക്ഷകരെ പുറത്താക്കി. പിന്നാലെ രണ്ടാമത്തെ ആണവപരീക്ഷണവും നടത്തി.
കിം–ട്രംപ് ‘യുദ്ധ’ത്തുടക്കം
2010ൽ യെല്ലോ സീയിൽ ദക്ഷിണകൊറിയൻ യുദ്ധക്കപ്പലിനെ നെടുകെ പിളർത്തിയ ‘ടോർപിഡോ’ സംഭവം കൂടിയുണ്ടായതോടെ കൊറിയൻ ഉപദ്വീപ് വീണ്ടും യുദ്ധഭീതിയിലായി. ദക്ഷിണ കൊറിയയുടെ നാൽപതിലേറെ നാവികസേനാംഗങ്ങൾ അന്നു കൊല്ലപ്പെട്ടെങ്കിലും തങ്ങളല്ല അപകടത്തിനു പിന്നിലെന്ന നിലപാടിലായിരുന്നു ഉത്തര കൊറിയ. പിതാവ് കിം ജോങ് ഇല്ലിന്റെ മരണത്തോടെയാണ് കിം ജോങ് ഉന്നിന്റെ വരവ്- 2011ൽ. അന്നു പ്രായം 27 തികഞ്ഞതേയുള്ളൂവെങ്കിലും തന്റെ തുടക്കം കിം ഗംഭീരമാക്കിയത് 2013ൽ ഉത്തര കൊറിയയുടെ മൂന്നാം ആണവപരീക്ഷണം നടത്തിയായിരുന്നു. 2016ൽ നാലാമത്തെയും അഞ്ചാമത്തെയും ആണവപരീക്ഷണങ്ങളുമായി പ്രകോപനം തുടർന്നെങ്കിലും ഒബാമ ഭരണകൂടം കാര്യമായ തിരിച്ചടിക്കു മുതിർന്നില്ല.
പിന്നീടാണു ട്രംപിന്റെ വരവ്. ആരംഭകാലത്തെ തണുപ്പൻ സമീപനത്തിനു ശേഷം അദ്ദേഹവും ഉത്തര കൊറിയയ്ക്കെതിരെ തിരിഞ്ഞു. കൃത്യമായി പറഞ്ഞാൽ 2017 സെപ്റ്റംബർ മൂന്നിലെ ആണവ പരീക്ഷണത്തിനു ശേഷം. അന്നു പൊട്ടിച്ച ഹൈഡ്രജൻ ബോംബിന്റെ ‘പ്രകമ്പന’ത്തിൽ ട്രംപ് നന്നായിത്തന്നെയൊന്നു ‘കുലുങ്ങി’. 1945ൽ ഹിരോഷിമയിൽ അമേരിക്ക പ്രയോഗിച്ച ബോംബിന്റെ എട്ടിരട്ടി ശേഷിയുള്ളതായിരുന്നു അത്. പിന്നീടു പലപ്പോഴായി പരസ്പരം ഭീഷണികൾ മുഴക്കി മുന്നേറിയെങ്കിലും ഇക്കഴിഞ്ഞ പുതുവർഷ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത കിം ജോങ് ഉൻ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ചരിത്ര ഉച്ചകോടിയിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയായത്!
വിന്റർ ഒളിംപിക്സിലെ ‘മഞ്ഞുരുകൽ’
രാജ്യത്തെ ആയുധ പദ്ധതികളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞെന്നായിരുന്നു ജനങ്ങൾക്കുള്ള കിം ജോങ് ഉന്നിന്റെ പുതുവർഷ സന്ദേശം. ഇനി സാമ്പത്തികമായ വളർച്ചയാണ് ഉത്തര കൊറിയ ലക്ഷ്യമിടുന്നതെന്ന കാര്യം ആ വാക്കുകളിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. സമാധാനശ്രമത്തിന്റെ ആദ്യഹസ്തം ഉത്തര കൊറിയ നീട്ടിയത് അയൽപ്പക്കത്തേക്കു തന്നെയായിരുന്നു. ദക്ഷിണ കൊറിയയിൽ നടക്കുന്ന ശീതകാല ഒളിംപിക്സിൽ പങ്കെടുക്കാൻ ടീമിനെ അയയ്ക്കാമെന്ന് കിം വ്യക്തമാക്കി. ഒന്നിച്ചു നിൽക്കുമെന്നു മാത്രമല്ല ഇരുകൊറിയയിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി വനിതകളുടെ ഐസ് ഹോക്കി ടീമിനെയും സജ്ജമാക്കി. ഒളിംപിക്സോടെ കൊറിയൻ ഉപദ്വീപിൽ ‘മഞ്ഞുരുകലിന്റെ’ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇക്കഴിഞ്ഞ ഏപ്രിലിൽ തികച്ചും അപ്രതീക്ഷിതമായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ–ഇന്നുമായി കിം അതിർത്തിഗ്രാമത്തിൽ കൂടിക്കാഴ്ചയും നടത്തി.
ഈ ചർച്ചയ്ക്കു ശേഷമാണ് ഉത്തര കൊറിയയും യുഎസും തമ്മിലുള്ള സംഘർഷം അയവു വരുത്താനുള്ള ശ്രമങ്ങളിലേക്ക് മൂൺ ജെ ഇൻ പ്രവേശിക്കുന്നത്. യുഎസ് പ്രതിനിധി സംഘവും ഉത്തര കൊറിയയും തമ്മിൽ നേരിട്ടു നിരന്തരം ചർച്ചകളുണ്ടായി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ പല തവണ ഉത്തരകൊറിയയിൽ നേരിട്ടെത്തി കിമ്മുമായി ചർച്ച നടത്തി. അതിനിടെ മൂൺ ജെ ഇന്നാണു കിമ്മിനു ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹമുണ്ടെന്ന കാര്യം ലോകത്തെ അറിയിക്കുന്നത്. ഇക്കാര്യം ട്രംപ് സമ്മതിക്കുകയും ജൂൺ 12നു സിംഗപ്പൂരിൽ കൂടിക്കാഴ്ച നടത്താമെന്നു അറിയിക്കുകയും ചെയ്തതോടെ ദക്ഷിണ കൊറിയയുടെ നയതന്ത്രനീക്കം വിജയം കണ്ടു.
അതിനിടെ ഉദ്യോഗസ്ഥ തലത്തിലെ ചില ‘ഈഗോ’ പ്രശ്നങ്ങളിൽ തട്ടി കൂടിക്കാഴ്ച നടക്കില്ലെന്ന ആശങ്കയും ഉയർന്നു. ദക്ഷിണ കൊറിയയും ‘ഇനിയെന്ത്’ എന്ന അവസ്ഥയിലായി. എന്നാൽ അവിടെ കിം നടത്തിയ ഇടപെടൽ ലോകത്തെ അമ്പരപ്പിച്ചു കളഞ്ഞു. ട്രംപിന് ഒരു ‘വൻ’ കത്തെഴുതുകയാണു കിം ചെയ്തത്. ഉത്തര കൊറിയൻ പ്രതിനിധി സംഘം അതു യുഎസ് പ്രസിഡന്റിനെ നേരിട്ട് ഏൽപിക്കുകയും ചെയ്തു. തനിക്കു കിട്ടിയ വലിയ കവർ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ച ട്രംപ് പക്ഷേ അതിനകത്തെ കത്തിനെപ്പറ്റി തികഞ്ഞ നിശബ്ദനായി. ഒരു കാര്യം മാത്രം പറഞ്ഞു– ‘വാക്കു നൽകിയതു പോലെ ജൂൺ 12നു തന്നെ കിമ്മുമായുള്ള കൂടിക്കാഴ്ച നടക്കും...’ കിമ്മിനെ ‘വളരെ നല്ല മനുഷ്യൻ’ എന്ന മട്ടിൽ വിശേഷിപ്പിക്കുക കൂടി ചെയ്തതോടെ സിംഗപ്പൂരിൽ കൂടിക്കാഴ്ചയുടെ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.
എന്തു സംഭവിക്കും ഈ കൂടിക്കാഴ്ചയിൽ?
ആത്യന്തികമായി ഇരുവിഭാഗത്തിനും നേട്ടമാകുന്നതാണ് ഈ കൂടിക്കാഴ്ച. ചർച്ചയുടെ ഗുണഫലത്തിലേറെയും ഉത്തര കൊറിയയിലേക്കു ‘കൊണ്ടുപോകാനാകും’ കിമ്മിന്റെ ശ്രമം. ലോകത്തിനു മുന്നിൽ ഉത്തര കൊറിയയ്ക്കുള്ള ‘വില്ലൻ’ പ്രതിച്ഛായ ഇല്ലാതാക്കുകയെന്നതാണ് ആദ്യലക്ഷ്യം. രാജ്യാന്തരവേദികളിൽ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ആദ്യപടി കൂടിയാണിത്. നയതന്ത്രപരവും സാമ്പത്തികവുമായ ഉപരോധങ്ങൾ കൊണ്ടു വീർപ്പുമുട്ടുകയാണ് ഉത്തര കൊറിയ. അതിനിടെ ജനങ്ങൾക്കു വാഗ്ദാനം നല്‍കിയ സാമ്പത്തിക വളർച്ചയും കിമ്മിനു പാലിക്കേണ്ടതുണ്ട്. അൽപസ്വൽപം വിട്ടുവീഴ്ചകൾ കിമ്മിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നത് ഉറപ്പ്.
കിമ്മിന്റെ അച്ഛനും മുത്തച്ഛനും നയതന്ത്രം പറഞ്ഞു കൊടുത്ത പരിചയ സമ്പന്നൻ കിം യോങ് ചോലും ഉത്തര കൊറിയൻ സംഘത്തിനൊപ്പമുണ്ട്. ഈ മുൻ ഇന്റലിജന്റ്സ് മേധാവി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു തന്നെ യുഎസുമായുള്ള ഉത്തര കൊറിയൻ നയതന്ത്ര ബന്ധത്തിലാണ്. അതിനാൽത്തന്നെ രാജ്യത്തിനു കേടുപാടുകളില്ലാത്ത വിധം കിം– ട്രംപ് കൂടിക്കാഴ്ച നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള ക്രിയാത്മക നിര്‍ദേശങ്ങൾ ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നതും ഉറപ്പ്.
നാല് അമേരിക്കൻ പ്രസിഡന്റുമാർ കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യം നേടിയെടുത്തതിന്റെ അഭിമാനമുണ്ടാകും ട്രംപിന്റെ മുഖത്ത്. ‘പോൺ സ്റ്റാർ’ വിവാദത്തിലും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളിലും വലഞ്ഞിരിക്കുന്ന നേരത്ത് എല്ലാറ്റിൽ നിന്നുമുള്ള മോചനത്തിനായി ലഭിച്ച മാന്ത്രികവടിയായി ഈ കൂടിക്കാഴ്ചയെ മാറ്റാനും ട്രംപ് ശ്രമിച്ചേക്കും. യുഎസ് സംഘത്തിലെ ഏറ്റവും മുതിർന്ന നേതാവ്, ഉത്തരകൊറിയയുമായി പലതവണ ചർച്ച നടത്തി പരിചയമുള്ള മൈക്ക് പോംപെ കൂടി ചേരുന്നതോടെ ചർച്ച ഫലപ്രാപ്തിയിലേക്കെത്തുമെന്നതിന്റെ പ്രതീക്ഷ ശക്തമാകുന്നു. ആണവനിരായുധീകരണത്തിന് ഉത്തര കൊറിയ തയാറായില്ലെങ്കിൽ ഉച്ചകോടിയില്‍ നിന്ന് ഇറങ്ങിപ്പോരുമെന്ന ട്രംപിന്റെ ഭീഷണി അപ്പോഴും തലയ്ക്കു മുകളിലുണ്ട്!
സമ്പൂർണ ആണവനിരായുധീകരണം സാധ്യമാണോ?
ഉത്തര കൊറിയയുടെ സമ്പൂർണ ആണവനിരായുധീകരണത്തിന്മേൽ ട്രംപ് കടുംപിടിത്തം നടത്തുമ്പോൾ ഇക്കാര്യത്തിൽ വ്യക്തതയില്ലെന്ന പ്രശ്നമുണ്ട്. ആണവനിരായുധീകരണത്തിന് ഇരുരാജ്യങ്ങളും നൽകിയിരിക്കുന്ന ‘വ്യാഖ്യാന’ത്തിലുള്ള വ്യത്യാസമാണ് അതിൽ പ്രധാനം. ആണവ പദ്ധതികളെല്ലാം പൂർണമായി ഉപേക്ഷിക്കുകയും ആയുധങ്ങൾ നശിപ്പിക്കുകയും ചെയ്യണമെന്നതാണു യുഎസിനെ സംബന്ധിച്ചിടത്തോളം ഉത്തര കൊറിയയുടെ ആണവനിരായുധീകരണം കൊണ്ടു ലക്ഷ്യമിടുന്നത്. ആണവായുധങ്ങളെല്ലാം ഉത്തര കൊറിയയിൽ നിന്നു മാറ്റണമെന്നും ആവശ്യമുണ്ട്. ഇതു സംബന്ധിച്ച പരിശോധനകള്‍ക്കായി രാജ്യാന്തര നിരീക്ഷകരെയും അനുവദിക്കണം. ഇത്തരത്തിൽ പൂർണമായ, നിരീക്ഷണ വിധേയമായ, പിന്നീടൊരിക്കലും തുടങ്ങില്ലെന്ന് ഉറപ്പു നൽകും വിധമുള്ള ‘നിരായുധീകരണ’മാണ് യുഎസ് ലക്ഷ്യമിടുന്നത്.
എന്നാൽ ഇതിന് ഉത്തരകൊറിയ പൂർണമായും ഒരുക്കമല്ല. ഒറ്റയടിക്ക് എല്ലാ ആയുധങ്ങളും ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് കിം. ഘട്ടംഘട്ടമായി ഒഴിവാക്കാം, അതിനുപക്ഷേ യുഎസിന്റെ ഭാഗത്തു നിന്നു ചില ഉറപ്പുകൾ ലഭിക്കേണ്ടതുണ്ട്. ചിലതു തിരികെ പ്രതീക്ഷിച്ചു തന്നെയാണ് ആണവനിരായുധീകരണത്തിനു തയാറാകുന്നെന്ന സന്ദേശം അതിനാൽ കൃത്യമായി കിം യുഎസിനു മുന്നിൽ വയ്ക്കും. ഉപരോധത്തിൽ നിന്ന് ഇളവ്, സാമ്പത്തിക സഹായം, രാജ്യാന്തരതലത്തിൽ നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ഇടപെടൽ, കൊറിയൻ സമാധാന കരാര്‍ ഒപ്പിടാനുള്ള ഇടപെടൽ തുടങ്ങിയവയെല്ലാം കിം പ്രതീക്ഷിക്കുന്നുണ്ട്. കൊറിയൻ മേഖലയിലെ യുഎസ് സൈനിക ഇടപെടൽ കുറയ്ക്കണമെന്നതു സംബന്ധിച്ച ആവശ്യവും കിം മുന്നോട്ടു വച്ചേക്കാം. കൊറിയൻ ഉപദ്വീപിൽ ശാശ്വതമായ ഒരു സമാധാന കരാർ ഉറപ്പു വരുത്താനും ഇരുപക്ഷത്തു നിന്നും നീക്കമുണ്ടാകും.
ഉത്തര കൊറിയയുടെ കൈവശമുള്ള ജൈവായുധങ്ങളെപ്പറ്റിയും രാജ്യത്തെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയും ചര്‍ച്ചയിൽ ട്രംപ് പ്രതിപാദിക്കുമോയെന്നും ലോകം ഉറ്റുനോക്കുന്നു. കൂടിക്കാഴ്ചയ്ക്കൊടുവിൽ തങ്ങൾ ഒന്നും ഒപ്പിടാൻ പോകുന്നില്ലെന്നും യുഎസ് പ്രസിഡന്റ് മാധ്യമങ്ങളോടു വ്യക്തമാക്കിയതാണ്. ചർച്ച പരാജയപ്പെട്ടാൽ ഉത്തര കൊറിയ്ക്കു മേൽ സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. അപ്പോഴും ട്രംപിന്റെ ഒരു വാചകം ശുഭപ്രതീക്ഷ പകരുന്നു– ‘ഉത്തര കൊറിയയ്ക്കു മേൽ ഏർപ്പെടുത്തിയ ഉപരോധം ഇളവു ചെയ്യുമെന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ ഉപരോധം എന്നന്നേക്കുമായി നീക്കാന്‍ സാധിക്കുന്ന ഒരു ദിവസത്തിനു വേണ്ടി ഞാനും കാത്തിരിക്കുകയാണ്...’
ഇന്നാകുമോ ആ ദിവസം?