മഡ്രിഡ്∙ സ്പാനിഷ് പരിശീലകൻ ജൂലെൻ ലോപെടെഗുയി ലോകകപ്പിനു ശേഷം റയൽ മഡ്രിഡിന്റെ പരിശീലകനാകും. ചാംപ്യൻസ് ലീഗിൽ ഹാട്രിക് കിരീടം നേടിയതിന്റെ ആവേശമടങ്ങും മുൻപ് അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ സിനദീൻ സിദാന്റെ പകരക്കാരനായാണ് ജൂലെൻ റയലിലെത്തുന്നത്. ജൂലെൻ പരിശീലകനായെത്തുന്ന വിവരം റയൽ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന സ്പെയിൻ ദേശീയ ടീമിന്റെ പരിശീലകനാണ് നിലവിൽ ജൂലെൻ ലോപെടെഗുയി. മൂന്നു വർഷത്തേക്കാണ് റയലും ലോപെടെഗുയിയും തമ്മിലുള്ള കരാറെന്നാണ് റിപ്പോർട്ട്. രണ്ടു വർഷത്തോളം സ്പെയിൻ ദേശീയ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് ലോപെടെഗുയി സ്പാനിഷ് വമ്പൻമാരായ റയലിന്റെ തലപ്പേത്തേക്കെത്തുന്നത്.
സിദാൻ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ ആർസനലിന്റെ വിഖ്യാത പരിശീലകൻ ആർസീൻ വെംഗർ റയൽ പരിശീലകനായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതിനിടെയാണ് സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ജൂലെന്‍ റയലിലേക്കെത്തുന്നത്.