മോദി ചലഞ്ച് ഏറ്റെടുക്കണമെന്ന് പൊലീസുകാരോട് ഡിജിപി; മറുപടി നൽകി രണ്ടുപേർ

ലോക്നാഥ് ബെഹ്റ, യതീഷ് ചന്ദ്ര, എ.ശ്രീനിവാസ്

തൃശൂർ∙ കേരളത്തിലെ ഐപിഎസുകാരുടെ വാട്സാപ് ഗ്രൂപ്പില്‍ ഡിജിപി: ലോക്നാഥ് ബെഹ്റയുടെ സന്ദേശം. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ച ശാരീരിക മെയ്‌വഴക്ക വെല്ലുവിളി നമുക്കും ഏറ്റെടുക്കണം. വ്യായാമ മുറകളോ യോഗയോ ചെയ്യുന്നതിന്റെ വിഡിയോകള്‍ പോസ്റ്റ് ചെയ്യാനായിരുന്നു വാട്സാപ്പില്‍ ഡിജിപിയുടെ നിര്‍ദേശം.’ കേരളത്തിലുള്ള നിരവധി ഐപിഎസുകാര്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളാണെങ്കിലും ഈ ചാലഞ്ച് ഏറ്റെടുത്തതു രണ്ടു പേര്‍ മാത്രം– കാസര്‍കോട് എസ്പി ഡോ.എ.ശ്രീനിവാസും തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്രയും. രണ്ടു പേരും കര്‍ണാടകക്കാരാണ്.

വിവിധ തരത്തില്‍ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോകള്‍ ഇരുവരും പോസ്റ്റ് ചെയ്തു. തൃശൂരിലെ ഒരു ഫിറ്റ്നസ് ക്ലബ് നടത്തിയ പുഷ് അപ് മല്‍സരത്തില്‍ ഏറ്റവും വേഗത്തില്‍ നൂറു പുഷ് അപ് എടുത്ത ഉദ്യോഗസ്ഥനാണ് സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്ര. ഉദ്യോഗസ്ഥരുടെ വ്യായാമ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ദേശീയതലത്തിലാണെങ്കില്‍ നിരവധി ഐപി.എസുകാര്‍ ഇത്തരം വിഡിയോകള്‍ വിവിധ വാട്സാപ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇതരസംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ ഇത്തരം വ്യായമങ്ങള്‍ ചെയ്യുന്നതിന്റെ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ചലഞ്ച് ഏറ്റെടുക്കാന്‍ കേരളത്തിലെ ചില ഐപിഎസുകാര്‍ക്ക് രണ്ടുചിന്തയുണ്ട്. ഇനി, ഏതെങ്കിലും കാരണവശാല്‍ അതിലും രാഷ്ട്രീയം കാണുമോയെന്നാണു സംശയം. അതിനാല്‍ പലരും മടിച്ചുനില്‍ക്കുകയാണ്. ഡിജിപിയുടെ നിര്‍ദേശമായതിനാല്‍ അച്ചടക്കത്തിന്റെ ഭാഗമായി കേരള കാഡറിലെ രണ്ടു ഉദ്യോഗസ്ഥരും വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ ഇട്ടെന്നു മാത്രം.

കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് തുടക്കമിട്ട് പ്രധാനമന്ത്രി ഏറ്റെടുത്തു പ്രചാരണം നടത്തിയ ചലഞ്ച് ഇതിനോടകം വൈറലായിരുന്നു.