റോസ്റ്റോവ്∙ റഷ്യൻ ലോകകപ്പിൽ വമ്പൻ ടീമുകളുടെ കഷ്ടകാലം തുടരുന്നു. അർജന്റീനയ്ക്കു പിന്നാലെ ഗ്രൂപ്പ് ഇയിലെ രണ്ടാം മൽസരത്തിൽ ബ്രസീലും സമനിലയിൽ കുരുങ്ങി. ലോക ആറാം നമ്പർ ടീമായ സ്വിറ്റ്സർലൻഡാണ് ബ്രസീലിനെ സമനിലയിൽ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോൾ നേടി. 35–ാം മിനിറ്റിൽ ഫിലിപ്പെ കുടീഞ്ഞോയിലൂടെ മുന്നിൽക്കയറിയ ബ്രസീലിനെ 50–ാം മിനിറ്റിൽ സ്യൂബർ നേടിയ ഗോളിലാണ് സ്വിസ്പ്പട സമനിലയിൽ പിടിച്ചത്. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു.
ആദ്യ അരമണിക്കൂറിൽ കളം നിറഞ്ഞ പ്രകടനമായിരുന്നു മഞ്ഞപ്പടയുടേത്. സ്വിസ് ഗോൾമുഖത്തേക്ക് ഇരച്ചുകയറിയ ബ്രസീൽ താരങ്ങൾ ഏതുനിമിഷവും ഗോൾ നേടുമെന്ന് തോന്നിച്ചു. ഒടുവിൽ 20–ാം മിനിറ്റിൽ ഫിലിപ്പെ കുടീഞ്ഞോയുടെ തകർപ്പൻ ഗോളിൽ ലീഡും നേടി. എന്നാൽ, കഠിനാധ്വാനം ചെയ്ത സ്വിസ് നിര തിരിച്ചടിച്ചതോടെ മഞ്ഞപ്പടയ്ക്ക് ഒഴുക്കു നഷ്ടമായി. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ സ്യൂബറിലൂടെ അവർ സമനില പിടിച്ചു. വിജയഗോളിനായി ബ്രസീൽ പൊരുതിനോക്കിയെങ്കിലും സ്വിസ് ടീം ഉറച്ച പ്രതിരോധം തീർത്തതോടെ റഷ്യൻ മണ്ണിൽ മറ്റൊരു സമനിലപ്പോരു കൂടി.