എയ്ഡഡ് കോളജ് അധ്യാപകരുടെ ജോലിഭാരം: അദാലത്ത് നടത്താൻ ഉത്തരവ്

തിരുവനന്തപുരം∙ എയ്ഡഡ് കോളജ് അധ്യാപകരുടെ ജോലിഭാരം നിശ്ചയിക്കുന്നതിനു നാലു സർവകലാശാലകളുടെ റജിസ്ട്രാ‍ർമാർ അതാതു പ്രദേശങ്ങളിലെ കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാരുമായി ചേർന്നു കോളജുകളിൽ ജോലിഭാര അദാലത്തു നടത്തണമെന്നു സർക്കാർ ഉത്തരവ്. എന്നാൽ സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട് അദാലത്തോ ഹിയറിങ്ങോ നടത്തുന്നതായി അറിവില്ലെന്നു കോളജ്് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ബന്ധപ്പെട്ട സെക്ഷനിലുള്ളവർ. 

എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ ജോലിഭാരം നിശ്ചയിക്കുന്നതിന് അദാലത്ത് നടത്താൻ 2015 ജൂൺ 11നു സർക്കാർ ഉത്തരവിറക്കിയിരുന്നു.എന്നാൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ഇതു സ്റ്റേ ചെയ്തതായി അതേ വർഷം ഓഗസ്റ്റ് നാലിനു മറ്റൊരു ഉത്തരവിറക്കി.

ഇതിനിടെ എയ്ഡഡ് കോളജ് അധ്യാപകരുടെ ജോലിഭാരം സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോലിഭാരത്തിന്റെ മാനദണ്ഡങ്ങൾ വ്യക്തമാക്കി കഴിഞ്ഞ മേയ് ഒൻപതിനു സർക്കാർ ഉത്തരവിറക്കി. 

ഈ സാഹചര്യത്തിലാണ് കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലാ റജിസ്ട്രാർമാർ അവരുടെ പരിധിയിലുള്ള കോളജുകളിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർക്കൊപ്പം ജോലിഭാരം സംബന്ധിച്ച അദാലത്തു നടത്തണമെന്നു കഴിഞ്ഞ 12നു സർക്കാർ ഉത്തരവിറക്കിയത്.

ഇവർ നടത്തുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്റ്റാഫ് ഫിക്സേഷൻ സംബന്ധിച്ച നിർദേശവും ജോലിഭാരവും കോളജ് വിദ്യാഭ്യാസ ഡയറക്ടർക്കു നൽകണമെന്നാണ് ഉത്തരവിലുള്ളത്. ഡയറക്ടർ ഈ നിർദേശങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം ഏകീകൃത നിർദേശം സർക്കാരിനു സമർപ്പിക്കണം. 

എന്നാൽ ഇങ്ങനെയൊരു സർക്കാർ ഉത്തരവിനെക്കുറിച്ച് കോളജ് വിദ്യാഭ്യാസ വകുപ്പിലെ സ്റ്റാഫ് ഫിക്സേഷൻ വിഭാഗത്തിലുള്ളവർക്കു വിവരമൊന്നുമില്ല.ഓരോ കോളജിലെയും അധ്യാപകരുടെ ജോലിഭാരം പുനർനിർണയിച്ച് അഞ്ചു മേഖലാ ഡപ്യൂട്ടി ഡയറക്ടർമാർക്ക് സമർപ്പിക്കാൻ എല്ലാ കോളജുകളോടും നിർദേശിച്ചിരിക്കുകയാണെന്ന് അവർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകളുമായി ആലോചിച്ച് ജോലിഭാരവും തസ്തികകളും പുതുക്കി നിശ്ചയിക്കുമെന്നും ആവശ്യമെങ്കിൽ അധിക തസ്തിക അനുവദിക്കുമെന്നും അവർ വിശദീകരിക്കുന്നു.