കോട്ടയ്ക്കൽ∙ മലപ്പുറത്ത് കോട്ടയ്ക്കലിൽ മരവട്ടം - മൈലാടി റോഡ് നവീകരണത്തിനുശേഷം പാറപ്പുറത്ത് ഒഴിച്ച ടാറിൽ ആട് കുടുങ്ങി. മരവട്ടത്ത് കഴിഞ്ഞ ദിവസമാണു സംഭവം. രണ്ടു മാസം മുൻപാണു നഗരസഭ റോഡ് റീ ടാർ ചെയ്തത്. പണിക്കുശേഷം ബാക്കിയായ ടാർ പാറപ്പുറത്ത് അലക്ഷ്യമായി ഒഴിക്കുകയായിരുന്നു. മഴ പെയ്തതോടെ ഇളകിയ ടാർ കഴിഞ്ഞ ദിവസം വെയിലേറ്റതോടെ ഉരുകി.
മേയാൻ വിട്ട ആട്ടിൻകൂട്ടം ടാറിനകത്ത് അകപ്പെടുകയായിരുന്നു. ഒന്നൊഴികെ ബാക്കിയെല്ലാം രക്ഷപ്പെട്ടു. 15 ലീറ്റർ ഡീസലൊഴിച്ചു ടാർ ഇളക്കി ഏറെ പണിപ്പെട്ടാണ് ആടിനെ ഒടുവിൽ പുറത്തെടുത്തത്. നിർമാണത്തിലെ അപാകത മൂലമാണു കൃത്യമായി അളന്നു കൊടുക്കുന്ന ടാർ ബാക്കിയായതെന്നാണു നാട്ടുകാരുടെ പരാതി. ഗർഭിണിയായ ആട് സംഭവത്തിനു ശേഷം ഏറെ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി വീട്ടുകാർ പറയുന്നു.