തിരുവനന്തപുരം∙ തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി മന്ത്രിസഭായോഗം തിരഞ്ഞെടുത്തു. ചീഫ് സെക്രട്ടറി പോൾ ആന്റണി 30ന് വിരമിക്കുന്ന സാഹചര്യത്തിലാണിത്. പോൾ ആന്റണിയെക്കാൾ സീനിയറായ ഡോ. എ.കെ.ദുബെ, അരുണ സുന്ദര രാജൻ എന്നിവർ ഇപ്പോൾ കേന്ദ്രത്തിൽ സെക്രട്ടറിമാരാണ്. ഇവർ കേരളത്തിലേക്കു വരാത്ത സാഹചര്യത്തിലാണു പോൾ ആന്റണി ചീഫ് സെക്രട്ടറിയായത്.
കേന്ദ്രത്തിൽ തന്നെ സെക്രട്ടറിയായ ആനന്ദ്കുമാറാണ് പോൾ ആന്റണി കഴിഞ്ഞാൽ സീനിയർ. അദ്ദേഹവും ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കാൻ കേരളത്തിലേക്ക് വന്നില്ല. തുടർന്നാണ് ടോം ജോസ് ചീഫ് സെക്രട്ടറിയായത്.
ഭക്ഷ്യസെക്രട്ടറി മിനി ആന്‍റണിക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കും. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഡോ. ആശ തോമസിനെ നിയമിച്ചു. നികുതി-എക്സൈസ് വകുപ്പിന്‍റെ അധിക ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് നല്‍കും. ഐ ആൻഡ് പി.ആര്‍.ഡി സെക്രട്ടറി പി. വേണുഗോപാലിന് നികുതി വകുപ്പ് സെക്രട്ടറിയുടെയും വ്യവസായ വകുപ്പ് സെക്രട്ടറി സജ്ഞയ് കൗളിന് വൈദ്യുതി വകുപ്പിന്‍റെയും അധിക ചുമതല നല്‍കും. മുഹമ്മദ് ഹനീഷിന് കേരള സ്റ്റേറ്റ് ഇന്‍ലാന്‍റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയുടെ ചുമതല കൂടി നല്‍കും. കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി ജോഷി മൃണ്‍മയി ശശാങ്കിനെ ടൂറിസം അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു