തിരുവനന്തപുരം∙ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അനുമതി നിഷേധിച്ചു. ഇന്നലെ ഡല്‍ഹി സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി ടോം ജോസ് അജിത് ഡോവലിനെ കാണാന്‍ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്യാനിരുന്നതെന്നാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത് എന്തിനായിരുന്നു എന്നതിനെ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല. ഔദ്യോഗിക കാര്യങ്ങളെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു ചീഫ് സെക്രട്ടറി ടോം ജോസ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ചീഫ് സെക്രട്ടറി വ്യോമയാന സെക്രട്ടറിയുമായും മറ്റു വകുപ്പുകളിലെ സെക്രട്ടറിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസന വിഷയമാണ് ചര്‍ച്ചയായത്. ഇതിനു ശേഷമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. അജിത് ഡോവല്‍ ഡല്‍ഹിയിലുണ്ടായിട്ടും അനുമതി നിഷേധിക്കുകയായിരുന്നു.
1968 കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അജിത് ഡോവല്‍. സര്‍വീസിന്റെ ആദ്യകാലത്ത് കേരളത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് കൂടുതല്‍ക്കാലവും രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തത്. 2014 മുതല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്നു.