ന്യൂഡൽഹി∙ സിബിഐ തലപ്പത്തെ തർക്കങ്ങളുടെ തുടർച്ചയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഫോൺ ചോർത്തിയെന്നു സംശയം. സിബിഐ ഡിഐജി മനീഷ് സിന്‍ഹയുടെ ഹർജി സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവലും രാകേഷ് അസ്താനയും നടത്തിയ ഫോൺ സംഭാഷണം വിശദീകരിച്ചുകൊണ്ടാണു മനീഷ് സിൻഹ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
അസ്താനയ്ക്കു വേണ്ടി അജിത് ഡോവൽ ഇടപെട്ടെന്നാണു മനീഷ് സിൻഹ പരാതിപ്പെടുന്നത്. ഡോവലിന്റെ ഉൾപ്പെടെയുള്ള ഫോൺ നമ്പരുകൾ നിരീക്ഷണത്തിലായിരുന്നെന്നും ഹർജിയിൽ ഉന്നയിക്കുന്നു. രാകേഷ് അസ്താനയ്ക്കെതിരെ എഫ്ഐആർ റജിസ്റ്റര്‍ ചെയ്തപ്പോള്‍ അജിത് ഡോവൽ ഇക്കാര്യം അസ്താനയെ അറിയിച്ചിരുന്നതായും ഹര്‍ജിയിൽ ആരോപണമുണ്ട്.
മനീഷ് സിന്‍ഹയുടെ ഹർജിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെതിരെ ഉൾപ്പെടെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതോടെയാണ് ഫോൺ വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്നു സംശയം ഉയർന്നത്. സിബിഐ ഉദ്യോഗസ്ഥർ ചട്ടങ്ങളൊന്നും പാലിക്കാതെയാണ് ഇതു നടത്തിയതെന്നാണു സംശയം. ഒരു അന്വേഷണ ഏജൻസിക്ക് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഫോൺ വിവരങ്ങൾ ചോർത്താന്‍ സാധിക്കില്ല.