വാഷിങ്ടൻ∙ മെരിലാൻഡിന്റെ തലസ്ഥാനമായ അനാപൊളിസിലെ മാധ്യമ സ്ഥാപനത്തിൽ വെടിവയ്പ്. അഞ്ചു പേർ കൊല്ലപ്പെട്ടെന്നു വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഒട്ടേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ക്യാപിറ്റൽ ഗസറ്റ് ദിനപത്രത്തിന്റെ ഓഫിസിൽ വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു വെടിവയ്പുണ്ടായത്. മരണസംഖ്യ ക്യാപിറ്റൽ ഗസറ്റും തങ്ങളുടെ വാർത്താ വെബ്സൈറ്റിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിവരം അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. വെടിവയ്പിനു പിന്നിൽ പ്രവർത്തിച്ചയാൾ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഷോട്ഗൺ ഉപയോഗിച്ചാണ് ഇയാൾ വെടിയുതിര്‍ത്തതെന്നും റിപ്പോർട്ടുകളുണ്ട്. അനാപൊളിസിലെ 888 ബെസ്റ്റ്ഗേറ്റ് റോഡിലാണു ക്യാപിറ്റൽ ഗസറ്റിന്റെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം. ഇതു പൂർണമായും ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. യുഎസിലെ മാധ്യമ സ്ഥാപനങ്ങളിലും സുരക്ഷ വർധിപ്പിച്ചു.
ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിർക്കുകയായിരുന്നു. ഓഫിസിന്റെ ചില്ലുവാതിൽ നിറയൊഴിച്ചു തകർത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്. ക്യാപിറ്റൽ ഗസറ്റിലെ റിപ്പോർട്ടർ ഫിൽ ഡേവിസാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
ആരെല്ലാം മരിച്ചുവെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാൽ വെടിവയ്പ് ഏറെ ഭീകരമാണെന്നും ഫിൽ ഡേവിസ് ട്വീറ്റ് ചെയ്തു. ഒരു റൗണ്ട് വെടിയുതിർത്ത ശേഷം വീണ്ടും തോക്കു നിറച്ചായിരുന്നു അക്രമിയുടെ വെടിവയ്പെന്നും ഫിൽ കുറിച്ചു. ഓഫിസിനകത്ത് യുദ്ധ സമാനമായ അന്തരീക്ഷമായിരുന്നു. പാതിവഴിയിൽ അക്രമി വെടിവയ്പു നിർത്തിയതു കൊണ്ടാണ് താനുൾപ്പെടെയുള്ളവർ രക്ഷപ്പെട്ടതെന്നും ഫിൽ പൊലീസിനോടു പറഞ്ഞു.
പ്രദേശത്തേക്കു വരരുതെന്ന് പൊതുജനങ്ങള്‍ക്കും പൊലീസിന്റെ നിർദേശമുണ്ട്. കെട്ടിടത്തിൽ നിന്നു ലഭിച്ച അജ്ഞാത വസ്തുവും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ഫോടക വസ്തു ആണിതെന്ന സംശയത്തിൽ ബോംബ് സ്ക്വാഡും ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്.
‘ദ് ബാൾട്ടിമോർ സൺ’ മീഡിയ ഗ്രൂപ്പിന്റെ കീഴിലാണു ക്യാപിറ്റൽ ഗസറ്റിന്റെ പ്രവർത്തനം.