വാഷിങ്ടൻ∙ തോക്കുനിയന്ത്രണത്തിനു നിയമം കൊണ്ടുവന്നില്ലെങ്കിൽ ട്രംപിനെ അധികാരത്തിൽനിന്നു പുറത്താക്കുമെന്നു യുഎസിൽ യുവാക്കളുടെ മുന്നറിയിപ്പ്. ഫ്ലോറിഡയിലെ സ്കൂളിൽ കഴിഞ്ഞമാസം വെടിവയ്പിൽ 17 പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി നടത്തിയ ‘മാർച്ച് ഫോർ ഔർ ലൈവ്സ്’ പടുകൂറ്റൻ പ്രതിഷേധ റാലികളിലാണു തോക്കുസംസ്കാരത്തിനെതിരെ യുവാക്കൾ കർശന നടപടി ആവശ്യപ്പെട്ടത്.
തോക്കുനിർമാതാക്കളുടെ സംഘടനയായ നാഷനൽ റൈഫിൾ അസോസിയേഷൻ ഭരണത്തിൽ ചെലുത്തുന്ന അമിത സ്വാധീനത്തിനെതിരെ പ്രക്ഷോഭത്തിൽ മുദ്രാവാക്യങ്ങളുയർന്നു. വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള റജിസ്ട്രേഷനും റാലിയുടെ ഭാഗമായി നടന്നു. പെൻസിൽവേനിയ അവന്യൂവിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫ്ലോറിഡ സ്കൂളിലെ വെടിവയ്പിൽനിന്നു രക്ഷപ്പെട്ട വിദ്യാർഥികൾ പങ്കെടുത്തു.
അറ്റ്ലാന്റ, ബോസ്റ്റൺ, ഷിക്കാഗോ, ലൊസാഞ്ചലസ്, മയാമി, ന്യൂയോർക്ക് തുടങ്ങിയ യുഎസ് നഗരങ്ങളിലും ലണ്ടനും സ്റ്റോക്കോമും സിഡ്നിയും ഉൾപ്പെടെ യൂറോപ്യൻ നഗരങ്ങളിലും റാലികൾ നടന്നു. ഹോളിവുഡ് താരം ജോർജ് ക്ലൂണിയും ഭാര്യ അമാലും യുവാക്കളുടെ പ്രക്ഷോഭത്തിനായി അഞ്ചുലക്ഷം ഡോളർ സംഭാവന ചെയ്തു. പോപ്താരം പോൾ മകാർട്നി ഉൾപ്പെടെയുള്ള പ്രമുഖരും പിന്തുണയുമായി രംഗത്തുണ്ട്. യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും ട്വിറ്ററിലൂടെ ആശംസ നേർന്നു.