തൃശൂർ∙ പല പല നാളുകള്‍ പാവമൊരു പുഴുവായ് പവിഴക്കൂട്ടിലുറങ്ങി... ഒടുവിലിതാ ആ പൂമ്പാറ്റ ഭംഗിയുള്ള ചിറകുകള്‍ വീശി പുറത്തുവന്നിരിക്കുന്നു. പ്യൂപ്പയിൽ നിന്ന് അഴകുതുടിക്കും പൂമ്പാറ്റയായി വിരിഞ്ഞിറങ്ങുന്ന ദൃശ്യം ക്യാമറയിലായതോടെ അത് പീച്ചി ശലഭോദ്യാനത്തിലെ ജീവനക്കാർക്കും ലോകത്തിനും മുന്നിൽ അപൂർവ കാഴ്ചയായി.
പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (കെഎഫ്ആർഐ) ശലഭോദ്യാനത്തിലാണ് പ്യൂപ്പയിൽ നിന്നും പുറത്തേക്കു വരുന്ന ഗരുഡ ശലഭത്തിന്റെ അപൂർവ ദൃശ്യങ്ങൾ ലഭിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശലഭങ്ങമാണ് ‘സതേൺ ബേഡ്‌വിങ്’ എന്നറിയപ്പെടുന്ന ഗരുഡ ശലഭം. കർണാടകയുടെ ഔദ്യോഗിക പൂമ്പാറ്റയുമാണിത്.
കെഎഫ്ആർഐയിലെ റിസർച് ഫെലോ സൗമ്യ അനിലാണ് ഈ വിഡിയോ ദൃശ്യം സമൂഹമാധ്യമത്തിലൂടെ പുറംലോകത്തെത്തിച്ചത്. ദൃശ്യം പകർത്തിയതാകട്ടെ ഇന്‍സ്റ്റിറ്റ്യൂട്ടിൽ തന്നെയുള്ള തുഷാർ നടുവല്ലൂരും.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു ഗരുഡ ശലഭത്തിന്റെ പ്യൂപ്പയിൽ നിന്നുള്ള ഇറങ്ങിവരവ് സൗമ്യയുടെ ശ്രദ്ധയിൽപ്പെടുന്നത്. സാധാരണ പുലർച്ചെയാണ് ഇതു സംഭവിക്കാറുള്ളത്. മഴയൊഴിഞ്ഞ നേരമായതിനാലാകാം ഇത്തവണ വൈകി സംഭവിച്ചതെന്നു സൗമ്യ പറയുന്നു.
കെഎഫ്ആർഐയിലെ ശലഭോദ്യാനത്തിൽ പ്രതിവർഷം നൂറോളം പൂമ്പാറ്റകൾ വന്നു പോകാറുണ്ട്. മഴ കഴിഞ്ഞുള്ള സമയമാണു പൂമ്പാറ്റകൾ മുട്ടയിടാൻ തിരഞ്ഞെടുക്കാറുള്ളത്. ലാർവയ്ക്ക് തിന്നുതീർക്കാൻ ഒട്ടേറെ തളിരിലകൾ ലഭിക്കുമെന്നതു തന്നെ കാരണം. ഗവേഷക ആവശ്യങ്ങൾക്കു പുറമേ പൊതുജനത്തിനും ശലഭോദ്യാനത്തിലെ പൂമ്പാറ്റകളെ കാണാനും അടുത്തു നിരീക്ഷിക്കാനും അവസരമുണ്ട്.
വർഷം മുഴുവൻ ഏതെങ്കിലും പൂമ്പാറ്റയുടെ പ്യൂപ്പ വിരിയാൻ തയാറായി ഉദ്യാനത്തിലുണ്ടാകും. ഇവയെ എന്നും രാവിലെ നിരീക്ഷിക്കുന്നതും പതിവാണ്. അത്തരമൊരു പതിവു പ്രഭാത നടത്തത്തിലാണ് ഗരുഡ ശലഭം വിരിഞ്ഞിറങ്ങാനൊരുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. അപൂർവാവസരം നഷ്ടമാക്കാതെ തുഷാർ ക്യാമറയിൽ പകർത്തുകയും ചെയ്തു.
ശലഭങ്ങൾക്ക് ഉദ്യാനമൊരുക്കാൻ കെഎഫ്ആർഐയുടെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. തൃശൂർ, പാലക്കാട്, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇതിനോടകം നാൽപത്തിയഞ്ചിലേറെ സ്കൂളുകളിൽ ശലഭോദ്യാനങ്ങൾ തയാറാക്കി നൽകി.
ചിത്രശലഭങ്ങൾ മാത്രമല്ല, അവയ്ക്ക് വാസസ്ഥാനം ഒരുക്കുന്നതോടെ മറ്റു ജീവജാലങ്ങളും ഉദ്യാനങ്ങളിൽ സജീവമാകും. ആവാസവ്യവസ്ഥയ്ക്ക് അതുവഴി ലഭിക്കുന്നതാകട്ടെ വിലമതിക്കാനാകാത്ത ജൈവസമ്പത്തും പിന്നെ ഗരുഡ ശലഭത്തിന്റേതു പോലെ അപൂർവമായ കാഴ്ചകളും.