കടുത്തുരുത്തി∙ കേരളത്തിലെമ്പാടും വിൽക്കുന്ന മീനുകളിൽ രാസവസ്തുക്കൾ ചേർക്കുന്നുവെന്ന പരാതികൾക്കിടെ നേരിട്ടു പരിശോധന നടത്തി മത്സ്യം വാങ്ങാനുള്ള സൗകര്യവുമായി കോട്ടയം മുട്ടുചിറ സമുദ്ര ഫിഷ്മാർട്ട്. സംസ്ഥാനത്ത് ആദ്യമായാണു ഒരു മത്സ്യ വ്യാപാര കേന്ദ്രത്തിൽ ഇത്തരം പരിശോധനാ സൗകര്യമേർപ്പെടുത്തുന്നത്. മീനിൽ ഫോർമലിനോ അമോണിയയോ ഉണ്ടോ എന്ന് പരിശോധിനുള്ള പേപ്പർ സ്ട്രിപ്പുകൾ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ (സിഐഎഫ്ടി) നിന്നാണ് എത്തിച്ചത്.
ചെക്ക് ഇൻ ഈറ്റ് എന്ന് പേരിട്ടിരിക്കുന്ന കിറ്റിന്റെ കാലാവധി ഒരു മാസമാണ്. ഒരു കിറ്റിൽ 12 പേപ്പർ സ്ട്രിപ്പ്, രാസലായനി, നിറം മാറുന്നത് ഒത്തുനോക്കാനുള്ള കളർ ചാർട്ട് എന്നിവയുണ്ട്. മത്സ്യം വാങ്ങാനെത്തുന്നവർക്ക് നേരിട്ടു പരിശോധന നടത്താമെന്നതാണു പ്രത്യേകത. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ, പഞ്ചായത്തംഗം ജിൻസി എലിസബത്ത് എന്നിവരുടെ നേതൃത്വത്തിൽ സുമദ്രാ ഫിഷ്മാർട്ടിലെത്തി പരിശോധന നടത്തി. 20 സെക്കൻഡിൽ ഫലമറിയാവുന്ന പരിശോധന നടത്തുന്നവിധം താഴെപ്പറയുന്നു.
∙ പേപ്പർ സ്ട്രിപ്പ് മത്സ്യത്തിന്റെ പുറത്ത് ഉരസുക
∙ ഈർപ്പം പടർന്ന സ്ട്രിപ്പിന്റെ പുറത്ത് ഒരു തുള്ളി ലായനി ഒഴിക്കുക
∙ നിറം കടുംനീല ആയാൽ അപകടകരമായ രാസവസ്തു ഉണ്ടെന്ന് ഉറപ്പിക്കാം
∙ നീലയുടെ കടുപ്പം കുറഞ്ഞാൽ ഫോർമലിൻ കുറവായിരിക്കും
∙ ഇളംനീലയാണെങ്കിൽ രാസവസ്തു അപകടരമായ അളവിലല്ല
∙ ഇളം പിങ്ക് നിറമാണെങ്കിൽ മീൻ സുരക്ഷിതമാണ്