തിരുവനന്തപുരം∙ കോൺഗ്രസിന്റെ ഒന്നാം നമ്പർ ശത്രു കോൺഗ്രസാണെന്നു മുതിർന്ന നേതാവ് എ.കെ.ആന്റണി. രക്ഷപ്പെടണോ ശോഷിക്കണോ എന്നു സ്വയം തീരുമാനിക്കാം. നാം പരസ്പരം കലഹിച്ചാൽ യാദവകുലം പോലെ നശിക്കും. വിട്ടു വീഴ്ച ചെയ്തില്ലെങ്കിൽ ഈ നേതാക്കൾ കോൺഗ്രസിനെ നശിപ്പിച്ചെന്നു വരും തലമുറ പറയും. ചെങ്ങന്നൂരിൽനിന്നു നാം പാഠം പഠിച്ചില്ല. അവിടെ ഒരു സമുദായ നേതാവും നമ്മളെ സഹായിച്ചില്ല. ചിലർ എതിർത്തു. ചിലർ അവരെ പിന്താങ്ങി. ചിലർ നിഷ്പക്ഷത പാലിച്ചു. ഇതു സമൂഹമാധ്യമങ്ങളുടെ കാലമാണ്. അതിലൂടെ ഇഷ്ടില്ലാത്ത നേതാവിനെ നശിപ്പിക്കുക, ഇഷ്ടമുള്ള നേതാവിനെ വലുതാക്കുക എന്നതാണ് നടക്കുന്നത്. എന്നാൽ സമൂഹമാധ്യമങ്ങളല്ല, കൂടെ എത്ര ജനം ഉണ്ടെന്നാണു പ്രധാനമെന്നു ചെറുപ്പക്കാർ മനസിലാക്കേണ്ടതെന്നും ആന്റണി പറഞ്ഞു.
പരസ്യ പ്രസ്താവനാ യുദ്ധം പാർട്ടിക്കു ഗുണം ചെയ്യില്ല. അതു സ്വയം നിയന്ത്രിക്കണം. താൻ അച്ചടക്കത്തിന്റെ ആളല്ല, പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം വേണം. ചാനൽ ചർച്ചകളിൽ രണ്ടു നേതാക്കൾ പോയി ഗ്രൂപ്പ് യുദ്ധം നടത്തുന്നു. ഇതെല്ലാം ഈ പാർട്ടിയിലല്ലാതെ ഭൂലോകത്ത് എവിടെ നടക്കും? പാർട്ടിയോടു കൂറ് ഉണ്ടെങ്കിൽ ആഭ്യന്തര പ്രശ്നം ചർച്ച ചെയ്യാൻ ഇല്ലെന്നു പറയണം. ഇല്ലെങ്കിൽ പാർട്ടി രക്ഷപ്പെടില്ല.
പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപു പാർട്ടി വേദികളിൽ ചർച്ച ചെയ്യണം. പറയാനുള്ളതെല്ലാം അവിടെ പറയാം. കെപിസിസി എക്സിക്യൂട്ടീവ് കുറഞ്ഞതു ഒരു ദിവസമെങ്കിലും മുഴുവൻ ചേരണം. ഭരണം പോലും ഇല്ലല്ലോ, അവിടുന്ന് ഇറങ്ങി പോകാൻ തിരക്കെന്താണ്? പാർട്ടി യോഗം തീരുമാനമെടുത്താൽ അതാണു പാർട്ടി തീരുമാനം. യുഡിഎഫിനു മുൻപായി കെപിസിസി യോഗം ചേരണം. ഏകോപന സമിതിയിൽ കോൺഗ്രസ് ഒറ്റ അഭിപ്രായം പറയണം. അവിടെ പരസ്പര വിരുദ്ധമായി സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനിൽ കെ.കരുണാകരൻ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യുകയായിരുന്നും അദ്ദേഹം.