സൂറിക് (സ്വിറ്റ്സർലൻഡ്) ∙ നഗരത്തിലൂടെ ഓടുന്ന ചവറുനീക്കുന്ന വാഹനത്തിൽ ഈ മനുഷ്യനെ കണ്ടാൽ പേടിക്കേണ്ട. ബാങ്ക് കൊള്ളയടിക്കാനല്ല, മാലിന്യം നീക്കം ചെയ്യാനാണു വരവ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളക്കാരൻ എന്നറിയപ്പെട്ട ഹ്യുഗോ പോർട്മാൻ (58) ആണ് 35 വർഷത്തെ ജയിൽവാസത്തിനുശേഷം തൊഴിലെടുത്തു ജീവിക്കാൻ ഒരുങ്ങുന്നത്.
23–ാം വയസ്സിലാണു ബാങ്ക് കൊള്ളയടിയിലേക്കു പോർട്മാൻ കാലെടുത്തുവച്ചത്. പൊലീസ് എപ്പോഴൊക്കെ പിടികൂടിയോ അപ്പോഴൊക്കെ ജയിൽ ചാടി വീണ്ടും ബാങ്ക് കൊള്ളയടിച്ചു. ഓരോ തവണയും ജയിൽവാസം നീണ്ടു. ബാങ്ക് കൊള്ളയടി ഒരു രോഗമാണെന്നു പരിഗണിച്ചു കോടതി നിർദേശിച്ച ചികിത്സയ്ക്കു വിധേയനായി നേരത്തേ പുറത്തിറങ്ങാമായിരുന്നെങ്കിലും, തനിക്കു രോഗമില്ലെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ മുഴുവൻ ശിക്ഷയും പൂർത്തിയാക്കിയാണു പോർട്മാൻ 16നു മോചിതനാകുന്നത്. പോർട്മാന്റെ പുനരധിവാസത്തിനായി ഒരു ദിനപത്രം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണു സൂറിക് സിറ്റിയുടെ നഗരശുചീകരണവകുപ്പിൽ ജോലി ലഭിച്ചത്.