Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്പസാരം നേർവഴി കാട്ടി; കൊലപാതകക്കുറ്റമേറ്റ് സ്വിറ്റ്‌സർലൻഡുകാരൻ

confession

സൂറിക്∙ കുമ്പസാരമധ്യേ വൈദികന്റെ ഉപദേശം മൂലം തെളിഞ്ഞത് ആത്മഹത്യയായി പൊലീസ് എഴുതിതള്ളിയ കേസ്. ഭാര്യയെ താൻ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സ്വിറ്റ്‌സർലൻഡുകാരൻ കുമ്പസാരത്തിൽ ഏറ്റുപറഞ്ഞത്. വൈദികന്റെ ഉപദേശം സ്വീകരിച്ച അഗ്‌നിശമനസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൂടിയായ ഗിയൂസേപ്പ (49) പൊലീസിൽ കീഴടങ്ങുകയായിരുന്നു.

സ്വിറ്റ്സർലൻഡിലെ ടെസ്സിൻ പ്രവിശ്യയിലുള്ള മോണ്ടെ കരാസോയിലെ വീട്ടിൽ രണ്ടുവർഷം മുൻപാണു ഗിയൂസേപ്പയുടെ മുൻ ഭാര്യ സബ്രീന(48)യെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു റഷ്യൻ പ്രണയമാണു ഗിയൂസേപ്പെയുടെ ജീവിതം കീഴ്‌മേൽ മറിച്ചത്. ഭാര്യയും രണ്ടു മക്കളുമായി സന്തുഷ്ടജീവിതം നയിക്കുന്നതിനിടെയാണ് ഇന്റർനെറ്റ് ചാറ്റിങ്ങിലൂടെ റഷ്യക്കാരിയുമായി അടുത്തത്. കാമുകിയെ സ്വിറ്റ്സർലൻഡിലേക്കു വരുത്തിയ അദ്ദേഹം കുടുംബവുമായി അകന്നു. വിവാഹമോചനം വരെയായി.

ചെലവിനു നൽകാൻ കോടതി വിധിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മുൻഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. കേസ് ആത്മഹത്യയായി പൊലീസ് എഴുതിത്തള്ളിയെങ്കിലും കുറ്റബോധം വിടാതെ പിന്തുടർന്ന ഗിയൂസേപ്പെ ഒടുവിൽ കുമ്പസാരിക്കാൻ എത്തുകയായിരുന്നു. പ്രതി റിമാൻഡ് തടവിലാണ്.